തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 64 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ഇതില്‍ ലോകസിനിമാ വിഭാഗത്തിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ്.ഇരിയ ഗോംസ് കോന്‍ചിരോ സംവിധാനം ചെയ്ത ബിഫോര്‍ ഒബ്ലിവിയന്‍,ആന്യ മുര്‍മാന്‍ സംവിധാനം ചെയ്ത അണ്‍ ഇന്റെന്‍ഡഡ് എന്നീ  ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദര്‍ശനമാണ്.  

ജോര്‍ജ് ഹോര്‍ഹെ സംവിധാനം ചെയ്ത ' ബാക്ക് ടു മരക്കാന'( പോര്‍ച്ചുഗീസ്),  കരോലിസ് കോപിനിസ് സംവിധാനം ചെയ്ത ' നോവ ലിറ്റുവാനിയ എന്നീ ചിത്രങ്ങള്‍ ഏഷ്യന്‍ പ്രീമിയര്‍ ആയാണ് പ്രദര്‍ശിപ്പിക്കുന്നത്.   അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ' നോ ഫാദേഴ്സ് ഇന്‍ കശ്മീര്‍',പെമ സെഡന്‍ സംവിധാനം ചെയ്ത 'ബലൂണ്‍ ',ഗു ഷിയാവോ ഗാങ് സംവിധാനം ചെയ്ത ഡ്വെല്ലിങ് ഇന്‍ ദി ഫ്യുചന്‍ മൗണ്ടേന്‍സ്',ഡെസ്‌പൈറ്റ് ദി ഫോഗ്,എ ഡാര്‍ക്ക് ഡാര്‍ക്ക് മാന്‍  തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

ഷെറീഫ് സി സംവിധാനം ചെയ്ത മലയാള ചിത്രം കാന്തന്‍ ദ ലവര്‍ ഓഫ് കളറും ഇന്ന് കലൈഡോസ്‌കോപ്പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.ലോക സിനിമ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന  ഗുട്ടാറസിന്റെ ' വേര്‍ഡിക്ട്' എന്ന ചിത്രം ഇക്കൊല്ലത്തെ വെനീസ് ചലച്ചിത്ര മേളയില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. മോഹനത് ഹയാല്‍ സംവിധാനം ചെയ്ത ' ഹൈഫാ സ്ട്രീറ്റ്' ബുസാന്‍  അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച അറബിക് ചിത്രത്തിനുള്ള  പുരസ്‌കാരം നേടി.

ഫിലാസ് ചൈല്‍ഡ്: ആദ്യ മത്സര ചിത്രം 

രാജ്യാന്തര ചലച്ചിത്ര മേളയില്‍  മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് ആരംഭിക്കും.പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ മൂന്നും ധന്യ തിയേറ്ററില്‍ ഒരു ചിത്രവുമാണ് ഇന്ന് പ്രദര്‍ശനത്തിനുള്ളത്. 
  
വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളര്‍ത്തുന്ന കറുത്ത വര്‍ഗ്ഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ബ്രെറ്റ് മൈക്കല്‍ ഇന്നസ് ചിത്രം ഫിലാസ് ചൈല്‍ഡ്,അലന്‍ ഡെബര്‍ട്ടന്‍ സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം പാകെരറ്റ്,സിനിമാ ഓപ്പറേറ്ററുടെ കഥ പറയുന്ന ജോസ് മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റ് തുടങ്ങിയവയാണ് ആദ്യ ദിവസം ടാഗോറില്‍ പ്രദര്‍ശിപ്പിക്കുക. 

ധന്യ തിയേറ്ററില്‍ വൈകീട്ട് 3 ന് ജാപ്പനിസ് സംവിധായകനായ ജോ ഓഡഗിരിയുടെ ദേ സേ നത്തിംങ് സ്റ്റേയ്സ് ദി സെയിം എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.ഒരു അനാഥ പെണ്‍കുട്ടിയുടെ കടന്നുവരവോടെ ടോയ്ച്ചി എന്ന കടത്തുകാരന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ പ്രമേയം.

Content Highlights: IFFK 2019, second day schedule, kanthan the lover of color