തിരുവനന്തപുരം: ശബ്ദത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി വിദേശചിത്രങ്ങളെ അനുകരിക്കുന്നതിനേക്കാള്‍ പ്രാദേശിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി.

ചലച്ചിത്രങ്ങളില്‍ കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂര്‍ണതയില്‍ എത്തിക്കുന്ന മാര്‍ഗമാണ് ശബ്ദമെന്നും അദ്ദേഹം പറഞ്ഞു.

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് ഐഎഫ്എഫ്‌കെയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബ്ദവും അതിന്റെ ആസ്വാദനവും വ്യക്തികേന്ദ്രീകൃതമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ശബ്ദമിശ്രണം സിനിമക്ക് വേണ്ട സൗന്ദര്യം ഉറപ്പു നല്‍കുന്നതായി ശബ്ദ സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു. കണ്ണടച്ചാലും ശബ്ദം നിങ്ങളെ സിനിമ കാണിക്കും അത് തന്നെയാണ് ശബ്ദത്തിന്റെ സൗന്ദര്യവും എന്ന് ഗീത ഗൊരപ്പ അഭിപ്രായപ്പെട്ടു.

സിങ്ക് സൗണ്ട് വിദഗ്ദ്ധന്‍ ബോബി ജോണ്‍,ബി കൃഷ്ണനുണ്ണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Content Highlights : iffk 2019 rasul pookutty about sound design in films