തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ 25 വര്‍ഷത്തെ ചരിത്രത്തിന്റെ ഭാഗമായ പ്രതിഭകളെ ഒരൊറ്റ വേദിയില്‍ അണിനിരത്തിയുള്ള സില്‍വര്‍ ജൂബിലി ആഘോഷത്തിന് ചലച്ചിത്ര അക്കാദമി തയ്യാറെടുക്കുകയാണെന്ന് സെക്രട്ടറി മഹേഷ് പഞ്ചു.

മേളകളില്‍ സുവര്‍ണചകോരം നേടിയ ചലച്ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക വിഭാഗവും പുരസ്‌കാരജേതാക്കളായ പ്രതിഭകളുടെ സംഗമവും ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി പരിപാടികളാണ് അക്കാദമി ലക്ഷ്യമിടുന്നത്. വരുന്ന ജനുവരിയില്‍ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ തന്നെ കിന്‍ഫ്രയില്‍ തിയേറ്റര്‍ കോംപ്ലക്സിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി അഞ്ചര ഏക്കര്‍ സ്ഥലം ലഭ്യമായിട്ടുണ്ട്. ഇവിടെ അന്താരാഷ്ട്ര നിലവാരമുള്ള തിയേറ്റര്‍ കോംപ്ലെക്സ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

24-ാമത് രാജ്യാന്തര ചലച്ചിത്രമേള സംഘാടനത്തിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ക്കാണ് ഈ മേളയിലും പ്രമുഖ സ്ഥാനം നല്‍കിയത്. പ്രേക്ഷകര്‍ ആവശ്യപ്പെട്ട ചിത്രങ്ങള്‍ക്ക് ഇത്തവണയും അക്കാദമി പുനഃപ്രദര്‍ശനം ഒരുക്കി. കാര്യമായ പരാതികളൊന്നും കൂടാതെ മേള സംഘടിപ്പിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മഹേഷ് പഞ്ചു കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 kerala chalachithra academy plans next iffk silver jubilee