തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനായി അപേക്ഷിച്ച സിനിമകള്‍ സെലക്ഷന്‍ കമ്മിറ്റി പൂര്‍ണമായും കണ്ടിട്ടില്ലെന്ന് ആരോപിച്ച് സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധം. ചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടാഗോള്‍ തിയറ്ററിന്റെ മേള നഗരിയിലാണ് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്. ഓണ്‍ലൈനായി സമര്‍പ്പിച്ച ചിത്രങ്ങള്‍ പൂര്‍ണമായി കണ്ടിട്ടില്ലെന്നാണ് ആരോപണം. ഇക്കാര്യമുന്നയിച്ച് ഇവര്‍ ഹൈക്കോടതിയില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

iffk

വിമിയോ വഴിയാണ് സെലക്ഷന്‍ കമ്മിറ്റിക്ക് ചിത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നത്. വിമിയോയില്‍ ചിത്രം കണ്ടിട്ടുണ്ടെങ്കില്‍ എത്ര ശതമാനം ചിത്രം കണ്ടുവെന്ന് വ്യക്തമായി മനസിലാകും. എന്നാല്‍ പല ചിത്രങ്ങളും കണ്ടിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് പ്രതിഷേധവുമായെത്തിയ സ്വതന്ത്ര സിനിമാപ്രവര്‍ത്തകന്‍ സതീഷ് ബാബുസേനന്‍ പറയുന്നു.

ബംഗാളി ചലച്ചിത്രകാരന്‍ ഇന്ദ്രോഷിഷ് ആചാര്യയുടെ പാഴ്സല്‍ എന്ന ചിത്രം കണ്ടില്ലെന്ന് വിമിയോ വഴി മനസിലാക്കുകയും അതെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കണ്ടു എന്നായിരുന്നു അക്കാദമിയുടെ പ്രതികരണം. എന്നാല്‍ വിമിയോയില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്ന ഓപ്ഷനില്‍ സംവിധായകന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടിയുണ്ടായില്ലെന്നും സതീഷ് ബാബുസേനന്‍ പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നും കോടതിയുടെ പരിഗണയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും ചലച്ചിത്രമേള സംഘാടകര്‍ അറിയിച്ചു.

image

ചലച്ചിത്രമേളയില്‍ സമൂലമായ മാറ്റം വേണമെന്നും സിനിമകളുടെ തിരഞ്ഞെടുക്കല്‍ സുതാര്യതയും പക്ഷപാതമില്ലാതെയുമാകണമെന്നതാണ് പ്രധാന ആവശ്യം. തിയറ്ററുകളില്‍ മുമ്പ് പ്രദര്‍ശിപ്പിച്ച മലയാള മുഖ്യധാരാ ചിത്രങ്ങള്‍ മേളയില്‍ ഉള്‍ക്കൊള്ളിക്കരുതെന്നും സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. മേളയുടെ കൗണ്‍സില്‍ അംഗങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയിലും ജൂറി പാനലിലും പാടില്ല, പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കുന്നതോ തള്ളുന്നതോ ആയ സിനിമകള്‍ തിരഞ്ഞെടുക്കല്‍ സമിതി പൂര്‍ണമായും കാണണം തുടങ്ങിയ ആവശ്യങ്ങളുമുണ്ട്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: IFFK 2019- The selection committee did not watch movies which submited via online; allegation by independent filmmakers