തിരുവനന്തപുരം: കാനില്‍ പാം ഡി ഓര്‍ നേടിയ കൊറിയന്‍ ചിത്രം 'പാരസൈറ്റ്' കാണാന്‍ ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റുകളുടെ തള്ളിക്കയറ്റം. ആളുകളെ അനധികൃതമായി കടത്തിവിട്ടെന്ന് ആരോപിച്ച് പ്രവേശനം ലഭിക്കാത്തവര്‍ ബഹളമുണ്ടാക്കിയതോടെ ടാഗോര്‍ തിയറ്ററില്‍ സംഘര്‍ഷാവസ്ഥയായി. ഒടുവില്‍ ബാക്കിയുള്ളവരെ സ്‌കാനിങ്ങ് ഇല്ലാതെ കടത്തിവിട്ടാണ് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചത്. 

സംഘര്‍ഷത്തെ തുടര്‍ന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ ടാഗോറിലെത്തി ഡെലിഗേറ്റുകളോട് സംസാരിച്ചു. ചിത്രത്തിന്റെ അധിക ഷോ നടത്തുമെന്ന് കമല്‍ അറിയിച്ചു.

ഉച്ചയ്ക്ക് 2.15നായിരുന്നു പാരസൈറ്റിന്റെ, മേളയിലെ അവസാന പ്രദര്‍ശനം. കഴിഞ്ഞ ദിവസം റിസര്‍വേഷന്‍ ഓപ്പണ്‍ ആയി മിനിറ്റുകള്‍ക്കകം ചിത്രം ഹാസ് ഫുള്‍ ആയിരുന്നു. 60 ശതമാനം സീറ്റുകള്‍ക്കാണ് റിസര്‍വേഷനുള്ളത്. ബാക്കി 40% സീറ്റുകളില്‍ ക്യൂ നിന്ന് കയറാം.

kamal

എന്നാല്‍ ടാഗോറിലെ 872 സീറ്റുകളില്‍ ഭൂരിഭാഗം സീറ്റുകളും നിറഞ്ഞിട്ടും അ ണ്‍റിസര്‍വ്ഡ് ക്യൂവില്‍ നിന്നും വളരെ കുറച്ച് പേര്‍ക്കേ പ്രവേശനം ലഭിച്ചുള്ളൂവെന്ന്  ആരോപിച്ചാണ് ഡെലിഗേറ്റുകള്‍ ബഹളമുണ്ടാക്കിയത്. ശ്രദ്ധ നേടിയ ചിത്രമായതിനാല്‍ പ്രദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുമ്പേ തന്നെ ടാഗോറിനു മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടിരുന്നു.

വാളണ്ടിയര്‍മാര്‍ നിരവധി പേരെ അനധികൃതമായി കടത്തിവിട്ടതാണ് പ്രശ്‌നത്തിന് കാരണമെന്ന് കോഴിക്കോടു നിന്നെത്തിയ ഡെലിഗേറ്റ് സ്റ്റീവ് പറയുന്നു. റിസര്‍വേഷന്‍കാരെ 15 മിനിറ്റ് മുന്‍പെങ്കിലും കടത്തിവിടുകയാണ് വേണ്ടതെന്നും മറ്റു ഫെസ്റ്റിവലുകളില്‍ അങ്ങനെയാണെന്നും സ്റ്റീവ് ചൂണ്ടിക്കാണിക്കുന്നു. റിസര്‍വ് ചെയ്തിട്ടുപോലും തനിയ്ക്ക് പ്രവേശനം ലഭിച്ചില്ലെന്ന് തൃശൂര്‍ സ്വദേശി ജോണ്‍സണ്‍ പറയുന്നു.

64 സീറ്റുകള്‍ ബാക്കിനില്‍ക്കെയാണ് ഡെലിഗേറ്റുകളും വളണ്ടിയര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. പോലീസെത്തിയിട്ടും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകാതെ വന്നതോടെ രണ്ടരയോടെ ബാരിക്കേഡുകള്‍ നീക്കി ബാക്കിയുള്ളവരെ കയറാന്‍ അനുവദിക്കുകയായിരുന്നു.

ആയിരത്തിലേറെ പേരാണ് ഇരുന്നും നിന്നുമായി ടാഗോറില്‍ ചിത്രം കാണുന്നത്. ചിത്രം ഒരിക്കല്‍ക്കൂടി പ്രദര്‍ശിപ്പിക്കാനായി  ഡിസ്ട്രിബ്യൂട്ടര്‍മാരുമായി സംസാരിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ പറഞ്ഞു. 

മൂന്നു തവണ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയാണ് നമുക്കുള്ളത്. പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് ഒരു പ്രദര്‍ശനം കൂടി നടത്തും. 
ഇതുസംബന്ധിച്ച് വിതരണക്കാരുമായി  ചര്‍ച്ച നടത്തും. പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് മുമ്പും ഇത്തരത്തില്‍ അധിക പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

kamal

 

 

Content Highlights : iffk 2019 delegates unexpected crowd extra show for parasite movie