തിരുവനന്തപുരം: 24-ാമത്  കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനത്തില്‍ സുവര്‍ണ ചകോരം നേടുന്ന ചിത്രം ഉള്‍പ്പെടെ 28 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ന് ഒന്‍പത് തിയറ്ററുകളില്‍ മൂന്നു വീതം പ്രദര്‍ശനങ്ങള്‍ മാത്രമാണുള്ളത്.

ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കെട്ട്', സീസര്‍ ഡിയാസിന്റെ 'ഔര്‍ മദേഴ്‌സ്', റാഹത് കസ്മിയുടെ 'ദി ക്വില്‍റ്റ്' എന്നീ ചിത്രങ്ങള്‍  മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അവസാനദിനം ജല്ലിക്കട്ട് അടക്കം അഞ്ച് മലയാള ചിത്രങ്ങളുമുണ്ട്.

വൈകിട്ടോടെ പ്രദര്‍ശനങ്ങളെല്ലാം അവസാനിക്കും. 3.30ന് നിളയില്‍ ആരംഭിക്കുന്ന 'നോ വണ്‍സ് ചൈല്‍ഡ്' ആണ് അവസാനം പ്രദര്‍ശനമാരംഭിക്കുന്ന ചിത്രം. സമാപന സമ്മേളനത്തിന് ശേഷമാകും മികച്ച ചിത്രത്തിനുള്ള സ്വര്‍ണ ചകോരം നേടുന്ന സിനിമ പ്രദര്‍ശിപ്പിക്കുക.

മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. അര്‍ജന്റീനിയന്‍ സംവിധായകനായ  ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി വിതരണം ചെയ്യും. 

മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തലയും ധനമന്ത്രി ഡോ.തോമസ് ഐസക്കും വിശിഷ്ടാതിഥികളുമാകും. മേയര്‍ കെ.ശ്രീകുമാര്‍, കിലെ ചെയര്‍മാന്‍ വി.ശിവന്‍കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍ പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് ചലച്ചിത്രമേളയുടെ 2020ലെ  സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് ചലച്ചിത്രതാരം റിമാ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ കണ്ടംപററി ഡാന്‍സ് അരങ്ങേറും. ബിജിപാലാണ് ഈ പരിപാടിയ്ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വൈകിട്ട് 5.30ന് നിശാഗന്ധിയിലാണ് സമാപനച്ചടങ്ങുകള്‍.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 closing ceremony news rima kallingal dance