തിരുവനന്തപുരം: പല കലകളുടെയും സംഗമമാണ് ചലച്ചിത്രകലയില്‍ കാണുന്നതെന്ന് പ്രശസ്ത അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാന്‍ഡോ സൊളാനസ്. അതുകൊണ്ടാണ് കലകളിലെ ഔന്നത്യം ചലച്ചിത്രകലയ്ക്ക് സ്വന്തമായതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയിലെ അരവിന്ദന്‍ മെമ്മോറിയല്‍ ലക്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര മേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ പുരസ്‌കാരം സൊളാനസിനാണ്.

അര്‍ജന്റീനയെ അപേക്ഷിച്ച് ഇന്ത്യന്‍ സിനിമകള്‍ക്ക് വേഗത്തില്‍ നിര്‍മാതാക്കളെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമകള്‍ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ മുന്നോട്ടു വന്നിരുന്നില്ല. അതിനാല്‍ ചിത്രങ്ങള്‍ സ്വയം നിര്‍മിക്കുകയായിരുന്നു. സിനിമയെന്ന ലക്ഷ്യത്തോടുള്ള തീവ്രമായ ആഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ ആ രംഗത്തു ശോഭിക്കാന്‍ കഴിയൂവെന്നും സൊളാനസ് കൂട്ടിച്ചേര്‍ത്തു.

അരവിന്ദന്റെ അസോസിയേറ്റ് ഡയറക്റ്റര്‍ ആയിരുന്ന സണ്ണി ജോസഫ്, അടൂര്‍ ഗോപാലകൃഷ്ണന്‍, അക്കാദമി ചെയര്‍മാന്‍ കമല്‍, അക്കാദമി വൈസ്‌ ചെയര്‍പേഴ്സണ്‍ ബീനാപോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫെര്‍ണാന്‍ഡോ സൊളാനസിനെക്കുറിച്ച് സി.എസ്. വെങ്കിടേശ്വരന്‍ തയ്യാറാക്കിയ 'ഇനി വെളിച്ചം മാത്രം' എന്ന പുസ്തകം അടൂര്‍ ഗോപാലകൃഷ്ണന്‍ സൊളാനസിന് നല്‍കി പ്രകാശനം ചെയ്തു.

Content Highlights: Fernando Solanas, iffk 2019