ബ്ബര്‍ ടാപ്പിങ് തൊഴിലില്‍ നിന്നാണ് ഷെരീഫ് ഈസ എന്ന യുവാവ് ശക്തമായ പ്രമേയവുമായി മലയാള സിനിമാരംഗത്തേക്ക് കാലെടുത്ത് വച്ചത്. 'കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍' എന്ന ആദ്യചിത്രം ആ സംവിധായകന്റെ വരവറിയിച്ചു. അതും മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരത്തോടെ. ആദിവാസി വിഭാഗങ്ങളുടെ ആചാര സംബന്ധിയായ ജീവിതവും അവരുടെ അതിജീവന പ്രവര്‍ത്തനങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്തത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിലൂടെ കാന്തന്‍ വീണ്ടും ആസ്വാദകരിലേക്ക് എത്തുമ്പോള്‍ സിനിമയെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുകയാണ് ഷെരീഫ് ഈസ

കാന്തന്‍ അതിജീവനം

ആദിവാസി വിഭാഗങ്ങളുടെ ആചാര സംബന്ധിയായ ജീവിതവും അവരുടെ അതിജീവന പ്രവര്‍ത്തനങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പ്രകൃതിയുമായി ആത്മബന്ധം ഉള്ളവരാണ് അവര്‍. അതുകൊണ്ട് തന്നെയാണ് പരിസ്ഥിതി എന്ന വിഷയം ആദിവാസി ജീവിതത്തിലൂടെ പറയാന്‍ ഞങ്ങള്‍ ശ്രമിച്ചത്. ഒരു ഹ്രസ്വചിത്രമാണ് ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. അതിന് ലൊക്കേഷന്‍ തേടിയാണ് വയനാട് എത്തുന്നത്. അങ്ങനെയാണ് ഇവരെ കുറിച്ചു പഠിക്കാന്‍ സാധിക്കുന്നത്. ഇവരുടെ ജീവിതം,പ്രയാസങ്ങള്‍, ജനാധിപത്യ സ്വത്വത്തിന്റെ നഷ്ടം, അവരുടെ ആചാരനുഷ്ഠാനങ്ങള്‍, അന്യം നിന്നുകൊണ്ടിരിക്കുന്ന അവരുടെ ഭാഷ അങ്ങനെയുള്ള കാര്യങ്ങള്‍. അങ്ങനെയാണ് ഈ തിരക്കഥയ്ക്ക് ആദിവാസി വിഭാഗം പശ്ചാത്തലമാകുന്നത്.

കറുപ്പും നിറങ്ങളോടുള്ള പ്രണയവും

കാന്തന്‍ കറുത്ത ഒരു കുട്ടിയാണ്. മറ്റു നിറങ്ങളോടുള്ള അവന്റെ പ്രണയം, അവന്റെ നിറത്തോടുള്ള അവന്റെ അപകര്‍ഷത ഇതൊക്കെയാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്.. കറുത്ത ഒരു കുട്ടി അവനോടൊപ്പം എപ്പോഴുമുള്ള വെളുത്ത ഒരു പട്ടിക്കുട്ടി... അവന്‍ പോകുന്ന വഴികളിലൊക്കെ കാണുന്നത് നിറങ്ങളാണ്.. ആ നിറങ്ങളെയാണ് അവന്‍ പ്രണയിക്കുന്നത്. നിറത്തിന്റെ പേരില്‍ നമ്മുടെ രാജ്യത്ത് ഇന്നും വിവേചനമുണ്ട്. സ്‌കൂളുകളിലടക്കം... അതു തന്നെയാണ് ഞങ്ങള്‍ പറയാന്‍ ശ്രമിച്ചതും.

റബ്ബര്‍ ടാപ്പിങ് തൊഴിലാളിയില്‍ നിന്ന് സംവിധായകനിലേക്ക്

സിനിമ കുട്ടികാലം മുതലേ ഒരു പാഷന്‍ ആയി കൊണ്ടു നടക്കുന്ന ആളാണ്. എങ്ങനെയെങ്കിലും ഒരു സിനിമ ചെയ്യണമെന്നുള്ളത് ഒരു സ്വപ്നമായിരുന്നു. വളരെ ത്യാഗപൂര്‍ണമായ സഹനങ്ങളുടെയും കണ്ണീരിന്റെയുമൊക്കെ വഴികളിലൂടെ സഞ്ചരിച്ചിട്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കുന്നത്. 20 ലക്ഷം രൂപയോളം ഞങ്ങള്‍ക്ക് ചെലവ് വന്നിട്ടുണ്ട്.

എവിടെയും ഒരു വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്‍ തയ്യാറല്ലായിരുന്നു. സൗണ്ട് മിക്‌സിങില്‍ പോലും. സിനിമ ഒരു വലിയ സ്വപ്നം ആണ്. ഞങ്ങള്‍ക്ക് ആരുടെയും കൂടെ നിന്നു പഠിക്കാന്‍ ഉള്ള അവസരം കിട്ടിയിട്ടില്ല. പക്ഷെ ഈ ആഗ്രഹത്തിന്റെ പുറത്താണ് സിനിമ ചെയ്യാന്‍ ഞങ്ങള്‍ ഇറങ്ങി പുറപ്പെട്ടത്.

സിനിമയില്‍ നല്ലത് ചീത്ത എന്ന വിഭാഗമേ ഉള്ളൂ

സമാന്തര സിനിമ, കച്ചവട സിനിമ എന്നൊന്നും ഒരു വേര്‍തിരിവിന്റെ ആവശ്യം ഇല്ലെന്നാണ് എന്റെ അഭിപ്രായം. നല്ല സിനിമ ചീത്ത സിനിമ അങ്ങനെ ഒരു വേര്‍തിരിവേ ആവശ്യമുള്ളൂ.. നല്ല സിനിമയുടെ ഭാഗമാവുക എന്നേയുള്ളൂ..

ദയാബായിയും പ്രജിത്തും പട്ടിക്കുട്ടിയും

ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മനസിലുള്ള ആഗ്രഹമായിരുന്നു ദയാബായി തന്നെ അഭിനയിക്കണം എന്നുള്ളത്. പ്രകൃതിയെ കുറിച്ച്, മനുഷ്യാവകാശ ലംഘനത്തെ കുറിച്ചു, ആദിവാസി വിഭാഗത്തെ കുറിച്ച് പറയുന്ന സിനിമയാണ് ഇത്. അതില്‍ പരിസ്ഥിതി പ്രവര്‍ത്തകയും ആദിവാസികള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരു സ്ത്രീ തന്നെയല്ലേ വേഷമിടേണ്ടത്. അങ്ങനെയാണ് ദയാബായിലേക്ക് എത്തുന്നത്.ആദ്യം ഒന്നും അവര്‍ സമ്മതിച്ചിരുന്നില്ല. പിന്നീട് നേരിട്ട് പോയി കണ്ട് തിരക്കഥ വായിച്ച്  കേള്‍പ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇത്തിയമ്മ എന്ന കഥാപാത്രം ഞാന്‍ തന്നെ ആണ് എന്റെ ജീവിതമാണ് എന്നാണ്. അവര്‍ ഞങ്ങളുടെ പക്കല്‍ നിന്നും പ്രതിഫലമായി യാത്രാക്കൂലി മാത്രമേ വാങ്ങിയുള്ളുൂ

കാന്തനായി വേഷമിടാനുള്ള ആദിവാസി കുട്ടിയെ കണ്ടെത്താന്‍ ഞങ്ങള്‍ ഓഡിഷന്‍ ഒക്കെ നടത്തി. പക്ഷെ അങ്ങനെ ഒരു കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ആ അന്വേഷണം എന്റെ വീടിനടുത്ത് തളിപ്പറമ്പില്‍ ഒരു കോളനി പുറമ്പോക്കില്‍ താമസിക്കുന്ന പ്രജിത്തിലേക്കെത്തി. പിന്നെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ പട്ടിക്കുട്ടി, എന്റെ വീടിനടുത്തുള്ള ഒരു ഹോട്ടലില്‍ പ്രസവിച്ചിട്ട പട്ടിക്കുഞ്ഞാണ് അത്. അതിന് പത്തു ദിവസ്സം പ്രായമുള്ളപ്പോള്‍ അതിനെ ഒരു സഞ്ചിയിലാക്കി പ്രജിത്തിനെ ഏല്പിച്ചതാണ്.. എട്ടു മാസത്തോളം അതു വളര്‍ന്നത് അവനൊപ്പം ആണ്. അതിന് ശേഷമാണ് ഞങ്ങള്‍ ഷൂട്ട് തുടങ്ങിയത്.. ആ അടുപ്പം കഥാപാത്രങ്ങള്‍ തമ്മിലും ഉണ്ടായിരുന്നു

കാന്തന്‍ നല്‍കുന്ന സന്ദേശം

പരിസ്ഥിതി സംരക്ഷിക്കണം എങ്കില്‍ നമുക്ക് നമ്മുടെ ജീവിതം തന്നെ ചിലപ്പോള്‍ ബലി അര്‍പ്പിക്കേണ്ടി വരും. മനുഷ്യന്‍ എപ്പോഴും താഴെയാണ്, പ്രകൃതിയാണ് എന്നും ഉയര്‍ന്നു നില്‍ക്കുന്നത്. അത് തന്നെയാണ് സിനിമ ആത്യന്തികമായി പറയുന്നത്. സിനിമയുടെ തുടക്കവും  അങ്ങനെ തന്നെ ആണ്. പ്രകൃതിയെ വെട്ടിപിടിക്കുന്ന മനുഷ്യനിലൂടെ ആണ് സിനിമ തുടങ്ങുന്നത്, സിനിമ അവസാനിക്കുന്നത് മനുഷ്യന്‍ വളരെ താഴെയാണെന്നും പ്രകൃതിയാണ് എന്നും ഉയര്‍ന്നു നില്‍ക്കുന്നത് എന്ന സൂചനയോടെയും.

Content Highlights: kanthan the lover of color movie, Shareef Easa, Interview IFFK 2019