മിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ ഇപ്പോഴും നിലനില്ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണ് 'തലൈക്കുത്തല്‍'.ദയാവധം എന്ന പേരില്‍ രോഗശയ്യയില്‍ കിടക്കുന്ന സ്വന്തം അച്ഛനമ്മമാരെ കൊല്ലുന്നതാണിത്. രോഗക്കിടക്കയിലുള്ള അച്ഛനമ്മമാരെ കൊന്ന് സ്വത്ത് തട്ടിയെടുക്കാനും പിന്തുടര്‍ച്ചാവകാശത്തിലൂടെ ജോലി ലഭിക്കാനും പലരും ഇത് ചെയ്തുവരുന്നു. ചുറ്റുമുള്ള എല്ലാത്തിനേയും നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവൃത്തികള്‍ കാരണം പ്രകൃതിക്ക് 'പനി'പിടിക്കുന്നു. ഇതാണ് ആഗോളതാപനത്തിനും വഴിവെക്കുന്നത്. 

സന്തോഷ് മുണ്ടൂരിന്റെ 'പനി' എന്ന ചിത്രത്തില്‍ തലൈക്കുത്ത് നടത്തുന്ന ചില കുടുംബങ്ങളിലെ സംഭവങ്ങളും സാഹചര്യങ്ങളുമാണ് പ്രതിപാദിക്കുന്നത്. ഒപ്പം പ്രകൃതി സ്‌നേഹത്തിന്റെ
പ്രാധാന്യവും ഈ ചിത്രം ഓര്‍മപ്പെടുത്തുന്നു. 2006-ല്‍ പുറത്തിറങ്ങിയ ഏകാന്തം എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് സന്തോഷ് മൂണ്ടൂര്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 2018 ലാണ് 'പനിയുടെ' ചിത്രീകരണം പൂര്‍ത്തിയായത്. ഇത് കൂടാതെ മൂന്ന് ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സന്തോഷ് മുണ്ടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

'പനി'  എന്ന ചിത്രത്തിന് പിന്നിലെ പ്രചോദനം ?

 ആദ്യം പത്രങ്ങളിലൂടെയും വാര്‍ത്തകളിലൂടെയുമാണ് ഈ വിഷയത്തിന്റെ തീവ്രത അറിയുന്നത്. വളരെ ഷോക്കിങ് ആയിരുന്നു അത്. ആ മാനസികാവസ്ഥയില്‍ നിന്നാണ് തലൈക്കുത്ത് എന്ന ദുരാചാരം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പറയാം എന്ന് തീരുമാനിക്കുന്നത്.

'പനി'കച്ചവടസിനിമയുടെ എല്ലാ ചേരുവകളും ഉള്ള സിനിമയാണ്. സസ്‌പെന്‍സും ക്രൈമും എല്ലാം ഇതില്‍ വരുന്നുണ്ട. എന്നിട്ടും എന്ത് കൊണ്ടാണ് ഇതിനെ ഒരു സമാന്തര സിനിമയാക്കാന്‍ തീരുമാനിച്ചത് ?

കച്ചവട സിനിമയേക്കാള്‍ യാഥാര്‍ഥ്യ ബോധത്തോട് കൂടുതല്‍ അടുത്തുനില്‍്ക്കുന്ന സിനിമ ചെയ്യാനാണ് എനിക്ക് താല്‍പര്യം. എന്നുവെച്ച് കച്ചവടസിനിമക്ക് എതിരാണെന്നല്ല, പനി എന്ന വിഷയം ഈ രീതിയില്‍ പറയാനാണ് എനിക്ക് താല്‍പര്യം.

സിനിമയില്‍ മാതൃത്വത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്തിയത് എന്തിനാണ് ?

അമ്മയെന്നാല്‍ പ്രകൃതി ആണ്. അമ്മയേയും പ്രകൃതിയേയും സംരക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന രണ്ട് വൈരുധ്യങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രകൃതി നശീകരണമാണ് നമ്മുടെ ചുറ്റുമുള്ള പല ദുരന്തങ്ങള്‍ക്കും കാരണം. സിനിമയിലെ നായക കഥാപാത്രം അവസാനം തിരിച്ചുപോകുന്നതും പ്രകൃതിയിലേക്കാണ്.

pani movie
സന്തോഷ് മുണ്ടൂര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ

മലയാള സിനിമയില്‍ തന്റേതായ ഇടമുള്ള നടനാണ് ഗോപകുമാര്‍. റോസ്ലി  ടെലിവിഷന്‍ രംഗത്ത് നിന്ന് വന്ന നടിയാണ്. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി എങ്ങനെയാണ് രൂപപ്പെടുത്തിയത് ?

ഗോപകുമാറിനെയാണ് സിനിമയിലേക്ക് ആദ്യം പരിഗണിക്കുന്നത്. റോസ്ലിയുടേത് സ്വാഭാവിക അഭിനയം ആണ്. റോസ്ലിയെ എടുത്തു കൊണ്ട് ഗോപകുമാര്‍ നടക്കുന്ന ഒരു രംഗം ഉണ്ട്. എട്ട് ടേക്കുകള്‍ക്ക് ശേഷമാണ് ആ രംഗം ശരിയായത്. ചിത്രത്തിന്റെ പൂര്‍ണതക്കായി എന്നോടൊപ്പം എല്ലാ അഭിനേതാക്കളും നന്നായി പ്രവര്‍ത്തിച്ചു.

സര്‍ക്കാരും മനുഷ്യാവകാശ സംഘടനകളും ഈ വിഷയത്തില്‍ ഇടപെടുന്നില്ലേ ?

കേസുകള്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അത് കൊണ്ടു തന്നെ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതി ഉണ്ട്. മാത്രമല്ല കൊലപാതകം നടന്നതിന് ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. ഇത് ഒരു ആചാരമാണെന്നും അതിനാല്‍ അതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നുമാണ് പലരുടേയും അഭിപ്രായം. കൃത്യമായ സാമൂഹികപരിഷ്‌കരണം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും മാത്രമേ ഈ ദുരാചാരം ഇല്ലാതാക്കാന് കഴിയുകയുള്ളു. 

ഐഎഫഎഫ്‌കെയില്‍ 'പനി'നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്, സന്തോഷം തോന്നുന്നുണ്ടോ?

സിനിമാപ്രേമികള്‍ ധാരാളം എത്തുന്ന സ്ഥലമാണ് ഐഎഫ്എഫ്‌കെ, ഇതുപോലൊരു വേദിയില്‍ 'പനി' എന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നത് സന്തോഷവും ഒപ്പം അഭിമാനവും നല്‍കുന്ന കാര്യമാണ്. ഈ സിനിമയിലൂടെ തലൈക്കൂത്തല്‍ എന്ന അനാചാരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനായി.

 

Content Highlights: Interview with Pani movie director Santhosh Mundoor