കേരളത്തിലെ ആദ്യത്തെ രാജ്യാന്തര ചലച്ചിത്രോത്സവം മുതല്‍ താനെത്തിയിരുന്നുവെന്നും സിനിമകള്‍ കണ്ടിരുന്നുവെന്നും സംവിധായകന്‍ പ്രിയനന്ദനന്‍. തിരുവനന്തപുരത്ത് നടക്കുന്ന 24ാമത് രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ മാതൃഭൂമി ഡോട്ട് കോമിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയ്ക്ക് വന്നാല്‍ താന്‍ ആദ്യമൊക്കെ ഇന്ത്യന്‍ സിനിമകള്‍ മാത്രമാണ് കണ്ടിരുന്നെതന്നും എന്നാല്‍ പിന്നീടതു മാറി പുറം ലോകമെന്തെന്ന് അറിയാന്‍ ശ്രമിച്ചിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

പ്രിയനന്ദനന്റെ വാക്കുകള്‍

'എന്നെ സംബന്ധിച്ചിടത്തോളം നല്ല മേള, ചീത്ത മേള എന്നൊന്നില്ല. നമ്മള്‍ കാണാത്ത നമുക്ക് പരിചയമില്ലാത്ത വളരെ വ്യത്യസ്തമായ സിനിമകള്‍ കാണാന്‍ സാധിക്കുന്നു എന്നതാണ് മേളയുടെ പ്രത്യേകത. അതില്‍ ചിലപ്പോള്‍ നമ്മെ വല്ലാതെ ഭ്രമിപ്പിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാകും. അല്ലാത്ത ചിത്രങ്ങള്‍ ഉണ്ടാകും. പക്ഷേ നമുക്ക് അറിയില്ല ഏതാണ് നല്ലത്‌, ഏതാണ് ചീത്ത എന്ന്. അത്തരത്തില്‍ ഉള്ളത് അറിയാന്‍ സാധിക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഞാന്‍ ഈ മേളയെ കാണുന്നത്. പിന്നെ ഫിലിം മാര്‍ക്കറ്റ് എന്നത് നമ്മുടെ സിനിമകള്‍ വില്‍ക്കാനുള്ള ഒരു പ്ലറ്റ്‌ഫോം എന്ന നിലയില്‍ മേളയില്‍ ഇത്തരത്തിലുള്ള ഫിലിം മാര്‍ക്കറ്റുകള്‍ വരുന്നത് നല്ലതാണ്.

ഞാന്‍ ആദ്യത്തെ മേള മുതല്‍ കണ്ടുകൊണ്ടിരുന്ന ആളാണ്. അന്ന് നമ്മള്‍ ഇന്ത്യന്‍ സിനിമ മാത്രമാണ് കണ്ടു കൊണ്ടിരുന്നത്. പുറംലോകം കണ്ടിരുന്നില്ല. ലോകം കാണാനും പുതിയ രീതികള്‍ പുതിയ അന്വേഷണങ്ങള്‍, പുതിയ പരീക്ഷണങ്ങള്‍ അങ്ങനെയുള്ള കാര്യങ്ങള്‍ക്കൊക്കെയും വലിയൊരു സംഭവമാണ് ഈ മേള. അതിനേക്കാളുപരി നമ്മള്‍ ഒറ്റയ്ക്കിരുന്ന് ഒരു സിനിമ കാണുക എന്നതിനപ്പുറം ഒരു കൂട്ടായ്മയോടൊപ്പം സിനിമ കാണുക ചര്‍ച്ച ചെയ്യുക അതും വ്യത്യസ്തമായ ഒരു അനുഭവമാണ്. അത്തരത്തില്‍ പുതിയത് കാണാനുള്ള അന്വേഷണമാണ് ഈ മേള. അതില്‍ നമ്മളെ ഒരുപാട് പ്രചോദിപ്പിച്ച, വേട്ടയാടിയ സിനിമകള്‍ ഉണ്ടാവാറുണ്ട്. അത്തരത്തിലൊന്നാണ് മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ. നമ്മള്‍ കാണാത്തതും അറിയാത്തതുമായ ഒരു പരിസരത്തു നിന്നാണ് ഈ സിനിമ രൂപംകൊണ്ടിട്ടുള്ളത്. വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ മനുഷ്യര്‍, സിനിമയുമായി ഒരു മുന്‍പരിചയമില്ലാത്ത ക്യാമറ ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകള്‍ ഒരു സിനിമയുടെ ഭാഗമാവുക അത് വല്ലാത്തൊരു അനുഭവമാണ്. താരങ്ങള്‍ ഉണ്ടെങ്കിലേ സിനിമ ഉണ്ടാകൂ എന്നതിനപ്പുറം അവരുടെ കഥപറയാന്‍ അതാത് വിഭാഗത്തില്‍ നിന്ന് ആള്‍ക്കാരെ വച്ചു സിനിമ ചെയ്യുക എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

Content Highlights : iffk 2019 director priyanandanan interview