കേരളത്തിലെ അരികുവത്ക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ യഥാര്‍ത്ഥ ജീവിതം ആവിഷ്‌ക്കരിക്കുകയാണ് കെഞ്ചിറ എന്ന സിനിമയില്‍. മനസ്സ് നീറാതെ കെഞ്ചിറ കണ്ട് തീര്‍ക്കാനാവില്ല. ആദിവാസികള്‍ അനുഭവിക്കുന്ന അവഗണന പൊലിപ്പിക്കല്‍ ഇല്ലാതെ അവതരിപ്പിച്ച കെഞ്ചിറ 24ാമത് ഐഎഫ്എഫ്കെയില്‍ നിറഞ്ഞ കയ്യടിയോടെയാണ് പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ
സംവിധായകന്‍ മനോജ് കാനയുമായി മാതൃഭൂമി മീഡിയാ സ്‌കൂള്‍ വിദ്യാര്‍ത്ഥി സച്ചിന്‍ രവീന്ദ്രന്‍ നടത്തിയ അഭിമുഖം.
കെഞ്ചിറ പുതുമുഖങ്ങളെ നിരത്തി വലിയ ക്യാന്‍വാസില്‍ ഒരുക്കിയ
സിനിമയാണ്. എങ്ങിനെയാണ് ആ വെല്ലുവിളി ഏറ്റെടുത്തത്?
1998 മുതല്‍ നാടകത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് സിനിമയുടെ
പിന്നണിയിലുള്ളത്. നാടകപരിശീലന കളരികള്‍ നടത്തിയാണ് ആദിവാസികള്‍ക്കിടയില്‍
നിന്നുള്ളവരെ അഭിനയിപ്പിച്ചത്. എഴുതാനും വായിക്കാനും
അറിയാത്തവരായിരുന്നു അഭിനേതാക്കളില്‍ പലരും. അതു കൊണ്ടു തന്നെ
സംഭാഷണങ്ങള്‍ കാണാപാഠം പഠിച്ച് പറയുകയായിരുന്നില്ല. വളരെ
സ്വാഭാവികമായാണ് സംഭാഷണ രംഗങ്ങള്‍ അഭിനിയിച്ചത്. കെഞ്ചിറയുടെ
സ്‌ക്രിപ്റ്റിന് ശേഷവും രണ്ട് വര്‍ഷത്തോളം നാടക കളരികള്‍ തുടര്‍ന്നു. സിനിമയിലെ
കുടിലുകളും കോളനികളും പുനര്‍സൃഷ്ടിച്ചത് വയനാട്ടിലെ ആദിവാസി
സുഹൃത്തുക്കള്‍ തന്നെയാണ്. ചിത്രീകരണ ശേഷം ഇവയെല്ലാം അവര്‍ക്കു തന്നെ
വിട്ടു കൊടുത്തു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം സിനിമയുടെ ചിത്രീകരണം
മുടങ്ങി പോയിരുന്നു. ആ അവസരത്തില്‍ മാങ്ങാട് ഫൗണ്ടേഷനാണ് എല്ലാ
പിന്തുണയും നല്‍കി സഹായിച്ചത്.
കെഞ്ചിറക്ക് പൊതുസമൂഹത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍
കഴിഞ്ഞുവെന്നാണ് പ്രതീക്ഷിക്കുന്നത്?
ഒരുപാട് കാലമായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്
ഞാന്‍. അതിന്റെ ഭാഗമാണ് ഈ സിനിമയും, നാടകങ്ങളും. നിരവധി സമരങ്ങള്‍ക്ക്
അവരോടൊപ്പം ഐക്യപ്പെടാനും നേതൃത്വം നല്‍കാനും കഴിഞ്ഞിട്ടുണ്ട്. പൊതു
സമൂഹം ഇപ്പോഴും ആദിവാസികളെ സ്വീകരിച്ചിട്ടില്ല. ആദിവാസികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍ പൊതുമധ്യത്തിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്തമാണ് ഈ
സിനിമയിലൂടെ ഞാന്‍ നിറവേറ്റാന്‍ ശ്രമിച്ചത്. ആദിവാസി സമൂഹത്തിലേക്കല്ല,
മറിച്ച് മുഖ്യധാരാ സമൂഹമാണ് ഈ സിനിമ കാണേണ്ടതും
മനസ്സിലാക്കേണ്ടതും.ആദിവാസികള്‍ക്കായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ല എന്നുമാണ്
പൊതു സമൂഹത്തിന്റെ ധാരണ. അത് ശരിയല്ല. സാമൂഹ്യ ജീവികളെന്ന
നിലയില്‍ നമ്മളവരോട് ഐക്യപ്പെടേണ്ടതുണ്ട്.ഈ സിനിമയില്‍ ഭാവനകള്‍ ഒന്നുമില്ല.13ാം
വയസ്സില്‍ ഗര്‍ഭിണിയായ കെഞ്ചിറയെ എനിക്ക് നേരിട്ട് അറിയാവുന്നതാണ്.1998 -99
കാലഘട്ടത്തിലാണ് ഈ സംഭവം നടന്നത്.അന്ന് വേണ്ടത്ര മാധ്യമ ശ്രദ്ധ
ലഭിക്കാത്തതിനാല്‍ വിഷയം ഒതുക്കി തീര്‍ത്തു.
കെഞ്ചിറയില്‍ പ്രതിപാദിക്കുന്ന സംവരണത്തെ കുറിച്ച്
എന്റെ അഭിപ്രായത്തില്‍ സംവരണം ഏറ്റെടുക്കാനുള്ള മാനസികാവസ്ഥ
വേണം.അത്തരം പൊതുബോധം വളരാത്തത്കൊണ്ടാണ് ആനുകൂല്യങ്ങള്‍
ആദിവാസികള്‍ക്കിടയിലേക്ക് എത്താത്തത്.
ആദിവാസി സമൂഹത്തിന്റെ മൂല്യ ബോധത്തെ എങ്ങിനെ കാണുന്നു
വയനാട്ടിലെ മാത്രമല്ല ലോകത്തിലെ തന്നെ ആദിവാസി സംസ്‌ക്കാരത്തെ
പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് അവര്‍ക്ക് മഹത്തരമായൊരു സംസ്‌കൃതി ഉണ്ട്
എന്നതാണ്.വികസിത രാജ്യങ്ങള്‍ പോലും മാതൃകയാക്കേണ്ടതാണത്.അന്നന്നത്തെ
വരുമാനം കൊണ്ട് സന്തോഷമായി ജീവിക്കാനും ആഘോഷിക്കാനും ആണ് ആദിവാസി
സംസ്‌ക്കാരം നമ്മോട് പറയുന്നത്.സമ്മര്‍ദ്ദങ്ങളോ പിരിമുറുക്കങ്ങളോ ജീവിത ശൈലീ
രോഗങ്ങളോ ഇല്ലാതെ തികച്ചും സ്വസ്ഥമായ ജീവിതമാണ്
ആദിവാസികളുടേത്.അവര്‍ പട്ടിണി കിടക്കാനും ജീവന്‍ നല്‍കാനും തയ്യാറാണ്.അതു
പോലെ തന്നെ അവരുടെ ഐക്യവും കൂട്ടായ്മയും ലോകം
മാതൃകയാക്കേണ്ടതാണ്. ദാരിദ്ര്യവും പട്ടിണിയും നിലനില്‍ക്കെ തന്നെയാണ്
ഇത്രയും മാതൃകാപരമായ സംസ്‌ക്കാരം ആദിവാസികള്‍ പരിപാലിക്കുന്നത്.അതു
കൊണ്ടു തന്നെ ആദിവാസികളെ അങ്ങിനെ തന്നെ സംബോധന ചെയ്യണം .സവര്‍ണ
ഭരണകൂട ബോധത്തിലേക്ക് അവരെ ലയിപ്പിക്കുകയല്ല വേണ്ടത്.
നാല്‍പത് വര്‍ഷത്തിലധികമായി സംവരണം
തുടങ്ങിയിട്ട്. ആദിവാസികള്‍ക്കിടയില്‍ സംവരണം അതിന്റെ യഥാര്‍ത്ഥ
തലത്തിലേക്ക് എത്തിയിട്ടില്ല. ഇത് സംവരണത്തിന്റെ ന്യൂനതയാണോ? ഇനിയും
മെച്ചപ്പെടുത്തേണ്ടതുണ്ടോ?
രണ്ട് രീതിയിലാണ് സംവരണത്തിലെ പാളിച്ചകള്‍ വന്നത്.ഒന്ന്
നടപ്പാക്കുന്നതിലെ പാളിച്ചകളും, രണ്ട് ഏറ്റെടുക്കുന്നതിനുള്ള
ശേഷിയില്ലായ്മയും.ആദിവാസികള്‍ക്ക് കൃഷി ചെയ്ത് അതിജീവിക്കാനുള്ള
സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കി കൊടുക്കേണ്ടത്.അവര്‍ക്ക് കാലു വയ്ക്കാനുള്ള
ഇടം ആദ്യം നല്‍കണം.അതോടൊപ്പം തന്നെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളും
ചെയ്തു കൊടുക്കണം.ഇതൊക്കെ പൊതു സമൂഹം ഔദാര്യമായി നല്‍കേണ്ടതല്ല.പകരം
അവരെ ചേര്‍ത്തുനിര്‍ത്തി പിന്തുണക്കുകയാണ് വേണ്ടത്.
2019 ഐഎഫ്എഫ്കെ അനുഭവം എന്തായിരുന്നു?
ചലച്ചിത്രോത്സവത്തില്‍ സമാന്തര സിനിമകളെ മൊത്തത്തില്‍ തഴയുന്ന
അവസ്ഥയാണുള്ളത്.വിദേശികള്‍ക്കായി ഒന്നോ രണ്ടോ വാണിജ്യ സിനിമകള്‍ മാത്രം
പ്രദര്‍ശിപ്പിച്ചാല്‍ മതിയായിരുന്നു.
Content Highlights : director Manoj Kaana interview Kenjira movie