1980 കളില്‍ ഗ്വാട്ടിമാലയില്‍ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി നടന്ന കൂട്ടകുരുതിയുടെ പശ്ചാത്തലത്തില്‍  തകര്‍ക്കപ്പെട്ട കുടുംബങ്ങളെയും  സ്ത്രീ ജന്മങ്ങളെയും പ്രതിപാദിക്കുന്ന ചിത്രമാണ് സീസര്‍ ഡയസ് ഒരുക്കിയ അവര്‍ മദേഴ്‌സ്. മിക്കപ്പോഴും അവഗണിക്കപ്പെട്ട ഈ കൂട്ടക്കൊലയെ ചുറ്റിപറ്റി വര്‍ത്തമാനകാലത്തില്‍ ഒരു അമ്മയ്ക്കും മകനുമിടയില്‍ സംഭവിക്കുന്ന ഹൃദയഹാരിയായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഒപ്പം കൂട്ടക്കുരുതിയില്‍ അനാഥമാക്കപ്പെട്ട ജീവിതങ്ങളിലേക്ക് ഒരു എത്തിനോട്ടവും

നരവംശ ശാസ്ത്രജ്ഞന്‍ ആണ് ഏര്‍ണസ്റ്റോ. ഗ്വാട്ടിമാലയില്‍ നടന്ന വംശഹത്യയില്‍ അപ്രത്യക്ഷരായ ആയിരക്കണക്കിന്  മനുഷ്യരുടെ അസ്ഥികള്‍ കുടുംബാംഗങ്ങള്‍ക്ക് കണ്ടെത്തി കൊടുക്കുകയും അവയ്ക്ക് അര്‍ഹമായ രീതിയില്‍ ശവസംസ്‌കാരം നടത്താന്‍ വഴിയൊരുക്കുകയും ചെയ്യുകയാണ് ഇയാള്‍. ഇതോടൊപ്പം താനിത് വരെ കണ്ടിട്ടില്ലാത്ത സ്വന്തം പിതാവിന് വേണ്ടിയുള്ള അന്വേഷണത്തിന് ഇടയിലും  കൂടിയാണ് ഇയാള്‍. ആഭ്യന്തര യുദ്ധത്തിനിടയിലാണ് ഗറില്ലയായ ഏര്‍ണസ്റ്റോയുടെ പിതാവിനെ കാണാതാവുന്നത് . എന്നാല്‍ ഇയാളുടെ 'അമ്മ ആ സംഭവത്തെ കുറിച്ച് ഓര്‍ക്കാന്‍ കൂടി ഇഷ്ടപ്പെടുന്നില്ല.

ഒരു നാള്‍ കലാപത്തിന്റെ ഇരയായ ഒരു സ്ത്രീയെ ഇയാള്‍ കാണാനിടയാവുന്നു. കൂട്ടക്കുരുതിയില്‍ നഷ്ടമായ തന്റെ ഭര്‍ത്താവിന്റെ അസ്ഥികള്‍ വീണ്ടെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയ ആ സ്ത്രീയുടെ  കയ്യിലുണ്ടായിരുന്ന ചിത്രത്തില്‍ ഉണ്ടായിരുന്നവരുടെ കൂട്ടത്തില്‍ തന്റെ പിതാവിനെ കണ്ടെത്തുന്ന ഏര്‍ണസ്റ്റോ അച്ഛനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രത്യാശയില്‍  അവരുടെ ആവശ്യം അംഗീകരിക്കുന്നു. അമ്മയെയും തന്റെ മേലധികാരിയെയും അറിയിക്കാതെ ഇയാള്‍ അന്വേഷണത്തിനിറങ്ങുന്നു .

മറ്റുള്ള ഇരകളെ പോലെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണ് അവര്‍. നിരവധി തവണ ബലാത്സംഗം ചെയ്യപ്പെട്ടവള്‍, കണ്മുന്നില്‍ വച്ച് ഭര്‍ത്താവിനെയും മക്കളെയും കുഴിച്ചു മൂടുന്നതിനു ദൃക്സാക്ഷിയായവള്‍. ഇതിനിടയിലാണ്  ഏര്‍ണസ്റ്റോയുടെ പിതാവിന്റേതെന്ന് പറയപ്പെടുന്ന അസ്ഥികൂടം കൂട്ടക്കുരുതി നടന്ന സ്ഥലത്തു നിന്നും ലഭിക്കുന്നത്.  എന്നാല്‍ ഡി എന്‍ എ പരിശോധനയ്ക്ക് ശേഷം പുറത്തു വന്ന ഫലം  മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതയുടെ ഉള്ളറകളിലേക്കായിരുന്നു

കൂട്ടക്കുരുതിയുടെയും അതിന്റെ അനന്തര ഫലങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതിനൊപ്പം ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്‌ക്കാരം കൂടിയാണ് ഈ ചിത്രം. കൂട്ടക്കൊലയെ, കൊടിയ പീഡനങ്ങളെ അതിജീവിച്ച സ്ത്രീകളുടെ അമ്മമാരുടെ മനഃസ്ഥൈര്യത്തിന്റെ നേര്‍ചിത്രം.

Content Highlights: our mothers movie review, IFFK 2019, Film Festival, International competition