പ്രശസ്ത ഉറുദു നോവലിസ്റ്റും പത്മശ്രീ ജേത്രിയുമായ ഇസ്മത് ചുഗ്തായുടെ 'ലിഹാഫ്' അഥവാ പുതപ്പ് എന്ന ചെറുകഥയെയും ആവിഷ്‌കാര സ്വാതന്ത്രത്തിനായുള്ള അവരുടെ പോരാട്ടത്തെയും ആസ്പദമാക്കി റാഹത് കാസ്മി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ലിഹാഫ്. ചെറുകഥയും എഴുത്തുകാരിയുടെ ജീവിതവും സമാന്തരമായി പറയുന്ന ചിത്രം ഒരേസമയം, അവഗണിക്കപ്പെടുന്ന സ്ത്രീ കാമനകളെയും ആവിഷ്‌കാര സ്വാതന്ത്രത്തെയും രണ്ടു കാലഘട്ടങ്ങളിലാക്കി പ്രേക്ഷകരിലെത്തിക്കുന്നു.

യാഥാസ്ഥിതിക എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ ലൈംഗികതയെയും സ്ത്രീത്വത്തെയും കുറിച്ച് തുറന്നെഴുതിയ സാഹിത്യകാരിയാണ് ഇസ്മത് ചുഗ്തായ്. 1946ല്‍ തന്റെ മുപ്പത്തിയൊന്നാം വയസ്സില്‍ പ്രസിദ്ധീകരിച്ച അവരുടെ ഏറ്റവും പ്രശസ്തമായ ചെറുകഥയാണ് ലിഹാഫ്. ഏറെ വിവാദങ്ങളുണ്ടാക്കിയ ലിഹാഫ് അശ്ലീലമാണെന്നാരോപിച്ച് ചില മതമൗലികവാദികള്‍ കേസു കൊടുത്തതിനെ തുടര്‍ന്ന് അവര്‍ക്ക് കോടതി കേറേണ്ടിയും വന്നു.

ലിഹാഫിന്റെ പേരില്‍ ബോംബെയിലെ ഇസ്മതിന്റെ വീട്ടിലേക്ക് ലാഹോര്‍ കോടതിയില്‍നിന്ന് സമന്‍സ് വരുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഇതേത്തുടര്‍ന്ന് കുടുംബത്തിനകത്തു നിന്നുവരെ അവര്‍ക്ക് എതിര്‍പ്പ് നേരിടേണ്ടിവരുന്നു. ആദ്യം സമന്‍സ് ഒപ്പിട്ടു വാങ്ങാന്‍ വിസമ്മതിക്കുന്ന ഇസ്മത് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ അത് കൈപ്പറ്റുന്നു. ലാഹോര്‍ കോടതിയില്‍ വിചാരണ ആരംഭിക്കുന്ന വേളയില്‍ ചിത്രം 'ലിഹാഫ്' എന്ന അവരുടെ സാഹിത്യസൃഷ്ടിയുടെ കഥയിലേക്ക് പ്രവേശിക്കുന്നു.

1920കളിലാണ് ലിഹാഫിന്റെ കഥ നടക്കുന്നത്. അതിസുന്ദരിയായ ബീഗം ജാനിനെ സമൂഹത്തില്‍ അതിസമ്പന്നനും സമൂഹത്തില്‍ ഉന്നത സ്ഥാനവുമുള്ള നവാബ് വിവാഹം കഴിക്കുന്നു. എന്നാല്‍, നവാബിന്റെ വീട്ടിലെ അനേകം അലങ്കാരവസ്തുക്കളില്‍ ഒന്നുമാത്രമാണ് താനെന്നും നവാബ് സ്വവര്‍ഗാനുരാഗിയാണെന്നും അധികം വൈകാതെ അവര്‍ മനസ്സിലാക്കുന്നു. പുറത്തുപോലും പോകാന്‍ അനുവാദമില്ലാതെ ഒരു വലിയ കൊട്ടാരത്തില്‍ അകപ്പെടുന്ന ബീഗത്തിന് ഒടുവില്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം മസാജിങിനായി എത്തുന്ന റബ്ബൊ എന്ന യുവതി ആശ്വാസമാകുന്നു.

ആദ്യമായി മസാജ് ചെയ്യുമ്പോള്‍ പൊട്ടിക്കരയുന്ന ബീഗം ജാനിനോട് താനെന്തെങ്കിലും തെറ്റു ചെയ്‌തോ എന്ന് റബ്ബൊ ചോദിക്കുന്നുണ്ട്. ''ഏറെ നാളായി എന്നെ ഒരാള്‍ തൊട്ടിട്ട്'' എന്നായിരുന്നു അവളുടെ മറുപടി. അതില്‍ എല്ലാമുണ്ടായിരുന്നു. അതിസുന്ദരിയായ ബീഗം ജാനില്‍ റബ്ബൊയും അനുരക്തയാവുന്നതോടെ അവര്‍ തമ്മില്‍ മറ്റൊരു തരത്തിലുള്ള ബന്ധം ഉടലെടുക്കുന്നു.

ഇതിനു സമാന്തരമായി ഇസ്മതിന്റെ കഥയും ചിത്രം സമര്‍ത്ഥമായി അനാവരണം ചെയ്യുന്നു. കേസു കൊടുത്തവര്‍ ഒത്തുതീര്‍പ്പിനായി എത്തുമ്പോഴും അതിനു തയ്യാറാവാതെ ആവിഷ്‌കാര സ്വാതന്ത്രത്തിനായി തന്റെ നിലപാടില്‍ ഉറച്ചുനിന്ന ഇസ്മതിനൊപ്പം തന്നെയായി ഒടുവില്‍ വിജയവും.

84 മിനിറ്റുകൊണ്ട് രണ്ട് വിഷയങ്ങളും അടയാളപ്പെടുത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കഥയാണെങ്കിലും ഇന്നും വേണ്ടവിധത്തില്‍ ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ നമ്മുടെ സമൂഹത്തിനായിട്ടില്ലെന്നത് ലിഹാഫിന്റെയും ഇസ്മത്തിന്റെയും പ്രസക്തി വര്‍ധിപ്പിക്കുന്നു.

സ്വാതന്ത്രത്തിന് മുന്‍പുള്ള കാലഘത്തിലെ വേഷഭൂഷാദികളും നവാബിന്റെ കൊട്ടാരത്തിന്റെ അകത്തളങ്ങളും ചിത്രം ഉജ്ജ്വലമായി സ്‌ക്രീനിലെത്തിക്കുന്നു. നരേഷ് കാമത്തിന്റെ സംഗീതത്തിനും ചിത്രത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. തനിഷ്ത ചാറ്റര്‍ജിയാണ് ചിത്രത്തില്‍ ഇസ്മതിനെ അവതരിപ്പിച്ചിരിക്കുന്നത്. സൊനാല്‍ സെന്‍ഘാള്‍ ബീഗം ജാനായി എത്തുന്നു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍

കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk2019 the quilt movie review