കാകിയായ അയാളുടെ ജീവിതത്തിലെ ഇണയും തുണയും അവളായിരുന്നു -ഫിലിം റീലിലെ സുന്ദരി. സിനിമാ ഓപ്പറേറ്ററായ അച്ഛന്‍ അവശേഷിപ്പിച്ചുപോയ അനേകം റീലുകളില്‍ നിന്നും അയാള്‍ കൂടെ കൂട്ടിയവള്‍. അയാളുടെ ഊണിലും ഉറക്കത്തിലും ഭോഗത്തിലുമെല്ലാം അവള്‍ മാത്രമായിരുന്നു കൂട്ട്. പക്ഷേ, അവള്‍ നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ അവളെ തേടിപ്പോകാതിരിക്കാന്‍ അയാള്‍ക്കാകുമായിരുന്നില്ല.

98 മിനിറ്റില്‍ എങ്ങനെ ഇത്രയും അടരുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന് വിസ്മയിപ്പിക്കുന്ന ചിത്രമാണ് 'ദ പ്രൊജക്ഷനിസ്റ്റ്'. ഹൊസെ മരിയ ഗബ്രാല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തെ ഡ്രാമയെന്നോ ത്രില്ലറെന്നോ ട്രാവല്‍ മൂവിയെന്നോ ഒക്കെ വിശേഷിപ്പിക്കാം. ഫെലിക്സ് ജെര്‍മന്‍ അവതരിപ്പിക്കുന്ന മധ്യവയസ്‌കനായ എലിസോ എന്ന ചലച്ചിത്ര പ്രദര്‍ശകനിലൂടെയാണ് ചിത്രം കഥ പറയുന്നത്.

അമ്മയെ കണ്ട ഓര്‍മ പോലുമില്ലാത്ത എലിസോയ്ക്ക് 13-ാം വയസ്സില്‍ അച്ഛനെയും നഷ്ടപ്പെട്ടു. അച്ഛന്റെ ഫിലിം പ്രൊജക്ടറും സിനിമകളുടെയും സ്വകാര്യ വ്യക്തികളുടെയും ഉള്‍പ്പെടെയുള്ള ഫിലിം റീലുകളും അതോടെ എലിസോയുടെ സ്വന്തമായി. നന്നേ ചെറുപ്പത്തിലേ അച്ഛനില്‍ നിന്നും പഠിച്ചെടുത്തതിനാല്‍ എലിസോയുടെ ഉപജീവനവും അതുതന്നെയാകുന്നു. 'ഞാനിത് ചെറുപ്പത്തിലേ പഠിച്ചതാണ്, എനിക്കിത് നന്നായി ചെയ്യാനറിയാം,' ഒരിക്കല്‍ അയാള്‍ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ റൂബിയോട് പറയുന്നുണ്ട്.

അച്ഛന്റെ ഫിലിം റീല്‍ ശേഖരത്തില്‍ നിന്നാണ് അയാള്‍ക്കെപ്പഴോ 'കോദ'യെന്ന് പേരുള്ള ഫിലിം റീലുകളുടെ ശേഖരം ലഭിക്കുന്നത്. ആരുടെയോ സ്വകാര്യ ശേഖരത്തിലെ, അവളുടെ ഭര്‍ത്താവിന്റെയോ കാമുകന്റെയോ, റീലുകളായിരുന്നു അത്. അവളുടെ ദൈനംദിന ജീവിതത്തിലെ ഓരോ പ്രവൃത്തികളും-ഭക്ഷണം കഴിക്കുന്നത്, തുന്നുന്നത്, കുളിക്കുന്നത്, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ജന്മദിനം ആഘോഷിക്കുന്നത്, കുതിരസവാരി നടത്തുന്നത്, ഉറങ്ങുന്നത്- അതിലുണ്ടായിരുന്നു.

അങ്ങനെ കോദയെന്ന് പേരുള്ള പെണ്‍കുട്ടി എലിസോയുടെ (സാങ്കല്‍പിക) പങ്കാളിയാകുന്നു. വൈകിട്ട് വീട്ടിലെത്തിയാല്‍ അയാള്‍ പ്രൊജക്ടര്‍ ഓണാക്കി തിരശ്ശീലയില്‍ തെളിയുന്ന അവള്‍ക്കൊപ്പം ഭക്ഷണം കഴിക്കും. അവളോട് അന്നത്തെ വിശേഷങ്ങള്‍ പറയും. അവളോടൊപ്പം ഉറങ്ങും. അയാളുടെ ലോകത്തിലെ എല്ലാമെല്ലാമായിരുന്നു അവള്‍. എന്നാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ആ റീലുകളില്‍ ഭൂരിഭാഗവും നഷ്ടപ്പെടുന്നതോടെ എലിസോ ഫിലിം പ്രൊജക്ഷന് ഉപയോഗിക്കുന്ന തന്റെ പഴഞ്ചന്‍ ട്രക്കില്‍ തേടിയിറങ്ങുന്നു.

ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രദര്‍ശനം നടത്തി അതില്‍നിന്ന് ലഭിക്കുന്ന പണവുമായാണ് യാത്ര. സിനിമാ പ്രദര്‍ശനത്തിനായി നിര്‍ത്തുന്ന ഒരിടത്തുനിന്ന് അയാള്‍ക്ക് റൂബിയെന്ന യുവതിയെക്കൂടി കൂടെകൂട്ടേണ്ടിവരുന്നു. വഴിയിലിറക്കാനായി കയറയ റൂബി പക്ഷേ അയാളുടെ സഹായിയും സഹയാത്രികയുമാകുന്നു. പട്ടണങ്ങളും ഗ്രാമങ്ങളും പിന്നിട്ടുള്ള ആ യാത്ര ഒടുവില്‍ കോദയുടെ വീട്ടിലെത്തുന്നു. കോദയ്ക്ക് എന്തു സംഭവിച്ചെന്ന അന്വേഷണം അതുവരെ ആര്‍ക്കുമറിയാത്ത രഹസ്യങ്ങളിലേക്കും തിരിച്ചറിവുകളിലേക്കുമാണ് എലിസോയെ കൊണ്ടെത്തിക്കുന്നത്.

എലിസോ ആയി ഫെലിക്സ് ജെര്‍മന്റെയും റൂബിയായ സിന്‍ഡി ഗ്രാലന്റെയും ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡൊമിനിക്കന്‍ റിപബ്ലിക്കിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നു കൂടിയുണ്ട് ചിത്രം. ഡ്രാമയായും ട്രാവല്‍ മൂവിയായും ത്രില്ലറായുമൊക്കെ രൂപാന്തരം പ്രാപിക്കുന്ന ചിത്രം തികച്ചും പുതുമയുള്ള ഒരു അനുഭവം തന്നെയാകും പ്രേക്ഷകന് സമ്മാനിക്കുക.

Content Highlights : iffk 2019 the projectionist movie review