ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കുകളിലെ ആഭ്യന്തര കലാപം പകര്‍ത്താനെത്തുന്ന ഫ്രഞ്ച് ഫോട്ടോജേര്‍ണലിസ്റ്റ് കാമില്‍ ലെപേജിന്റെ കലാപഭൂമികളിലൂടെയുള്ള അതിസാഹസിക യാത്രകളുടെ കഥയാണ് ബോറിസ് ലോജ്കിന്‍ സംവിധാനം ചെയ്ത 'കാമില്‍' എന്ന ചിത്രം പറയുന്നത്. 2013ല്‍ 26ാം വയസ്സില്‍ സെന്‍ട്രല്‍ ആഫ്രിക്കയിലെ റിപ്പോര്‍ട്ടിങ്ങിനെ കൊല്ലപ്പെട്ട കാമിലിന്റെ യഥാര്‍ത്ഥ കഥ തന്നെയാണ് ചിത്രത്തിനാധാരം. കാമില്‍ പകര്‍ത്തിയ ചിത്രങ്ങളും കലാപത്തിന്റെ ഒറിജിനല്‍ ഫൂട്ടേജസും ഉള്‍ച്ചേര്‍ത്തിട്ടുള്ള ചിത്രം മധ്യ ആഫ്രിക്കന്‍ കലാപങ്ങളുടെ നേര്‍ക്കാഴ്ചയായി മാറുന്നു.

കലാപങ്ങളുടെ യഥാര്‍ത്ഥ ചിത്രം പുറംലോകത്തെ അറിയിക്കണമെന്ന ലക്ഷ്യത്തോടെയാണ് കാമില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെത്തുന്നത്. ഉദ്ദേശ്യശുദ്ധിയും മനോധൈര്യവുമല്ലാതെ വേണ്ടത്ര പണമോ അനുഭവസമ്പത്തോ അവള്‍ക്കുണ്ടായിരുന്നില്ല. ഫ്രീലാന്‍സ് ഫോട്ടോജേര്‍ണലിസ്റ്റായ തന്റെ ചിത്രങ്ങള്‍ എന്നെങ്കിലും ലോകത്തെ മുന്‍നിര മാധ്യമങ്ങള്‍ വാങ്ങുമെന്ന ശുഭാപ്തിവിശ്വാസമാണ് ആ യുവ ഫോട്ടോഗ്രാഫറെ മുന്നോട്ടുനയിച്ചിരുന്നത്.

മധ്യ ആഫ്രിക്കയിലെത്തുന്ന കാമില്‍ അവിടത്തെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി ബന്ധം സ്ഥാപിക്കുന്നു. കോളേജിന്റെയും ചുറ്റും നടക്കുന്ന കലാപങ്ങളുടെയും ദൃശ്യങ്ങള്‍ തെല്ലൊന്നുമല്ല അവളെ അസ്വസ്ഥയാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത യൂണിവേഴ്‌സിറ്റി, അക്രമണോത്സുകമായ പ്രതിഷേധങ്ങളും അരാജകത്വവും വാഴുന്ന പ്രധാന വീഥികള്‍, ഒരു നേരത്തെ ആഹാരത്തിനായി യാചിക്കുകയും കിട്ടിയില്ലെങ്കില്‍ വഴിപോക്കരുടെ സാധനങ്ങള്‍ തട്ടിപ്പറിക്കുകയും ചെയ്യുന്ന കുട്ടിക്കൂട്ടങ്ങള്‍ അതിഭീകരമായിരുന്നു അവള്‍ കണ്ട കാഴ്ചകള്‍. അവളുടെ ക്യാമറയും.

രക്തം കട്ടപിടിപ്പിക്കുന്ന ഭീകരദൃശ്യങ്ങള്‍ സ്‌ഥൈര്യം കൈവിടാതെ ക്യാമറയിലാക്കുന്ന കാമിലിന്റെ ഫോട്ടോകള്‍ അധികം വൈകാതെ വെളിച്ചം കാണുന്നു. ഫ്രാന്‍സിലെ അറിയപ്പെടുന്ന ഒരു പ്രസിദ്ധീകരണം അവളുടെ ചിത്രങ്ങള്‍ വാങ്ങുകയും അവ സെന്‍ട്രല്‍ ആഫ്രിക്കന്‍ കലാപങ്ങളിലെ ഫ്രഞ്ച് സര്‍ക്കാരിന്റെ ഇടപെടലിന് കാരണമാവുകയും ചെയ്യുന്നു. പിന്നീട് ഒരു ഇടവേളയെടുത്ത് തിരികെ പോകുന്ന കാമിലിന്റെ മനസ്സ് പക്ഷേ ആഫ്രിക്കയെ വിട്ടുപോന്നിട്ടുണ്ടായിരുന്നില്ല.

വീണ്ടും ആഫ്രിക്കയിലേക്ക് പോകാന്‍ തന്റെ ചിത്രങ്ങള്‍ വാങ്ങിയ സ്ഥാപനത്തിലെത്തുന്ന കാമിലിന് ലഭിക്കുന്നത് പക്ഷേ, മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള അസൈന്‍മെന്റാണ്. മധ്യ ആഫ്രിക്കന്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടു കഴിഞ്ഞെന്നും ഇനി 'ന്യൂസ് വാല്യു' ഇല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, കാമിലിന് വാര്‍ത്താപ്രാധാന്യത്തിനും പണത്തിനും പ്രശസ്തിയ്ക്കുമൊക്കെ മേലെയായിരുന്നു അവിടത്തെ മനുഷ്യരുടെ  പ്രശ്‌നങ്ങള്‍. അവളങ്ങോട്ട് പോവുക തന്നെ ചെയ്തു. തിരിച്ച് ആഫ്രിക്കയിലെത്തിയ ശേഷം അവളൊരിക്കല്‍ പറയുന്നുണ്ട് 'എനിക്ക് മറ്റെവിടെയായിരിക്കുന്നതിലും വീട്ടിലെത്തിയതായി തോന്നുന്നത് ഇവിടെയാണ്. ഈ കലാപകാരികള്‍ക്കിടയിലാണ്‍'

അവള്‍ തിരിച്ചെത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ സാഹസികമായി അവളുടെ യാത്രകള്‍. ബൈക്കില്‍ സഞ്ചരിച്ച് ഗ്രാമങ്ങളില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ആക്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന കലാപകാരികളുടെ ഒരു സംഘത്തോടൊപ്പം അവള്‍ ചേരുന്നു. പത്തോ ഇരുപതോ ബൈക്കുകളിലായി നാല്‍പതും അന്‍പതും പേരാണ് പകല്‍ മുഴുവന്‍ യാത്ര ചെയ്യുന്നത്. തങ്ങളുടെ ഗ്രാമങ്ങളില്‍ അവര്‍ പോരാളികളായി സ്വീകരിക്കപ്പെടുന്നു. യുവാക്കള്‍ സംഘത്തില്‍ ചേര്‍ക്കാന്‍ തലവനോട് യാചിക്കുന്നു. അവര്‍ക്കായി സ്ത്രീകള്‍ പ്രത്യേകം ഭക്ഷണമൊരുക്കുന്നു.. അവര്‍ക്കൊപ്പമുള്ള യാത്രയ്ക്കിടെ ഉണ്ടാകുന്ന ഒരു ആക്രമണത്തില്‍, താനേറെ സ്‌നേഹിച്ച ആ മണ്ണില്‍ തന്നെ കാമിലെന്ന മനുഷ്യസ്‌നേഹിയുടെ ജീവനും പൊലിയുന്നു..

കാമില്‍ എന്ന അസാധാരണ വനിതയുടെ കഥ അവരുടെ തന്നെ ചിത്രങ്ങളിലൂടെ കൂടിയാണ് ചിത്രം പറയുന്നത്. അവര്‍ നേരിടേണ്ടിവന്ന സംഘര്‍ഷങ്ങളും സാഹചര്യങ്ങളും ചിത്രം മികവോടെ പുന:രാവിഷ്‌കരിച്ചിരിക്കുന്നു. നീന മെറിസ്സെയാണ് ചിത്രത്തില്‍ കാമിലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 camille movie review