ക്ഷരാര്‍ത്ഥത്തില്‍ യുദ്ധത്തില്‍ അകപ്പെട്ടുപോകുന്നവരുടെ കഥ പറയുന്ന ചിത്രമാണ് അഹ്മദ് ഗൊസൈന്റെ 'ഓള്‍ ദിസ് വിക്ടറി'. മികവുറ്റ ആഖ്യാനവും ഉജ്ജ്വലമായ ശബ്ദവിന്യാസവും കൊണ്ട് പ്രേക്ഷകരെയും യുദ്ധഭൂമിയുടെ ഒത്ത നടുവില്‍ കൊണ്ടു നിര്‍ത്തുന്നുണ്ട് ഈ അറബിക് ചിത്രം. ഭൂരിഭാഗവും ഒരു വീടിനുള്ളില്‍ നടക്കുന്ന ചിത്രം, സിനിമ എന്ന കലയുടെ സാങ്കേതിക സാധ്യതകള്‍ തികവോടെ പ്രേക്ഷകനിലേക്കെത്തിക്കുന്നു.

ലബനനിലെ ഹിസ്ബുല്ല-ഇസ്രയേല്‍ യുദ്ധമാണ് ചിത്രത്തിന്റെ കഥാപരിസരം. യുദ്ധബാധിത പ്രദേശത്തുള്ള തന്റെ പിതാവിനെ തേടി മര്‍വാന്‍ എന്ന യുവാവ് തന്റെ കാറില്‍ പുറപ്പെടുന്നു. തകര്‍ന്ന റോഡുകളും കോണ്‍ക്രീറ്റ് കൂമ്പാരമായ ജനവാസകേന്ദ്രങ്ങളും പലായനം ചെയ്യുന്ന ആളുകളെയും പിന്നിട്ടുള്ള മര്‍വാന്റെ യാത്രയിലൂടെ യുദ്ധഭീകരത സംവിധായകന്‍ പ്രേക്ഷകനിലും എത്തിക്കുന്നു. പിതാവിനെയും കൊണ്ട് തിരികെയെത്തി കാനഡയിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഭാര്യയ്ക്കൊപ്പം ചേരണമെന്ന വ്യഗ്രതയോടെ പിതാവ് താമസിക്കുന്ന ഗ്രാമത്തിലെത്തുന്ന മര്‍വാനെ കാത്തിരുന്ന വിധി പക്ഷേ, മറ്റൊന്നായിരുന്നു.

പിതാവിന്റെ വീട് തകര്‍ന്നിരുന്നെങ്കിലും അദ്ദേഹം നേരത്തേ ബെയ്റൂട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്ന വിവരം പിതാവിന്റെ സുഹൃത്തായ വൃദ്ധനില്‍ നിന്നും മര്‍വാന് ലഭിക്കുന്നു. പിതാവിന്റെ സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന മര്‍വാന്‍ തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോഴേക്കും അയാളുടെ കാര്‍ തട്ടിയെടുത്ത് ഒരു സ്ത്രീ തന്റെ കുട്ടികളെയും കൊണ്ട് അവിടെനിന്ന് പലായനം ചെയ്യുന്നു. ''നിങ്ങള്‍ ആണുങ്ങളല്ലേ, എനിക്ക് കുഞ്ഞുകുട്ടികളുണ്ട്..,'' കാറുമായി രക്ഷപ്പെടുമ്പോള്‍ ആ അമ്മ മര്‍വാനോട് വിളിച്ചുപറയുന്നുണ്ട്.

അതോടെ മര്‍വാന്‍, മുന്‍യുദ്ധങ്ങളിലൊന്നും ബോംബാക്രമണം ഏല്‍ക്കേണ്ടിവന്നിട്ടില്ലാത്ത തങ്ങളുടെ വീടി ഇത്തവണയും രക്ഷയാകുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന വൃദ്ധര്‍ക്കൊപ്പം ചേരേണ്ടിവരുന്നു. അധികം വൈകാതെ, പട്ടാളമാര്‍ച്ചില്‍ സ്വന്തം വീട് ഉപേക്ഷിക്കേണ്ടിവന്ന വൃദ്ധരുടെ പരിചക്കാരായ രണ്ടുപേര്‍ -ഒരു ഭാര്യയും ഭര്‍ത്താവും- അവിടെ അഭയം തേടിയെത്തുന്നു. അഞ്ചുപേരുടെ അഭയകേന്ദ്രമായ ആ വീടിന്റെ മുകള്‍ നിലയില്‍, താഴെ ആളുകളുണ്ടെന്നറിയാതെ ഏതാനും ഇസ്രയേല്‍ പട്ടാളക്കാര്‍ എത്തുന്നതോടെ ചിത്രം ആകാംക്ഷാഭരിതമാകുന്നു.

ഒരനക്കം പോലും തങ്ങളുടെ ജീവന്‍ ഇല്ലാതാക്കുമെന്ന ഉള്‍ക്കിടിലത്തോടെ അഞ്ചു മനുഷ്യര്‍ ഒരു വീടിനുള്ളില്‍ വീര്‍പ്പടക്കുമ്പോള്‍ ആ ഭയം മെല്ലെ പ്രേക്ഷകനിലേക്കും അരിച്ചിറങ്ങുന്നു. പട്ടാളക്കാരുടെ സാന്നിധ്യവും ചുറ്റും നടക്കുന്ന വെടിവെപ്പുകളുമെല്ലാം ശബ്ദത്തിലൂടെ മാത്രമാണ് കഥാപാത്രങ്ങളിലേക്കും പ്രേക്ഷകനിലേക്കുമെത്തുന്നത്. സൗണ്ട് ഡിസൈനര്‍ റാണാ ഈദ് ഇവിടെ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ഒരു പട്ടാളക്കാരനെ പോലും പൂര്‍ണമായി ചിത്രത്തില്‍ കാണിക്കുന്നില്ല. മേല്‍ത്തട്ടിലെ പൊട്ടിയ ഭാഗത്തിലൂടെ കാണുന്ന ഒരു ബൂട്ടായോ ജാലകത്തിനപ്പുറത്തെ ചലിക്കുന്ന നിഴലായോ ഏതാനും പ്രാവശ്യം ദൃശ്യത്തില്‍ മിന്നിമറയുന്നു എന്നതൊഴിച്ചാല്‍ സംഭാഷണങ്ങളിലൂടെയും കാല്‍പെരുമാറ്റങ്ങളിലൂടെയുമാണ് പട്ടാളക്കാര്‍ ഭീതിയുടെ വാഹകരായി കഥാപാത്രങ്ങളിലേക്ക് എത്തുന്നത്. മികച്ച ശബ്ദസംവിധാനവും അതിനെ വെല്ലുന്ന സംവിധാന മികവും ഒത്തുചേരുമ്പോള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം യുദ്ധഭൂമിയിലെ വീടിനുള്ളില്‍ അകപ്പെട്ടുപോകുന്ന അവസ്ഥയിലേക്കെത്തുന്നു തിയറ്ററിലിരിക്കുന്ന പ്രേക്ഷകനും.

Content HIghlights : iffk 2019 All this victory movie review