ആഷ് മെയ്‌ഫെയറിന്റെ ആദ്യ ചിത്രമാണ് 'ദ തേര്‍ഡ് വൈഫ്'. പത്തൊമ്പതാം നൂറ്റാണ്ട് കാലഘട്ടത്തിലെ വിയറ്റ്‌നാമാണ് ഈ ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പതിനാലു വയസ്സുകാരിയായ മെയ് എന്ന പെണ്‍കുട്ടിയുടെ കാഴ്ചയിലൂടെയാണ് ഈ കഥ പറയുന്നത്. മെയ്‌ഫെയര്‍  തന്നെയാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു പുരുഷനിയന്ത്രിത സമൂഹത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥയാണ് ഇതില്‍ കാണിക്കുന്നത് .

മെയ് എന്ന പെണ്‍കുട്ടി അവളുടെ പതിനാലാം വയസ്സില്‍ പണക്കാരനായ ഒരു ജന്മിയെ വിവാഹം കഴിക്കുന്നു. അവള്‍ അയാളുടെ മൂന്നാം ഭാര്യയാണ്. ആ വീട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും അവള്‍ സാക്ഷിയാണ്. സ്ത്രീകള്‍ക്ക് കിടപ്പറയിലും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനും മാത്രമാണ് അവിടെ സ്ഥാനമെന്ന് അവള്‍ മനസിലാക്കുന്നു. ഒരു ആണ്‍കുഞ്ഞിന്റെ അമ്മയാവുകയാണ് അവള്‍ ആ സമൂഹത്തില്‍ ബഹുമാനം നേടിയെടുക്കാന്‍ കണ്ടെത്തുന്ന വഴി. എന്നാല്‍ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ അവസരങ്ങള്‍ കുറവാണെന്നവള്‍ തിരിച്ചറിയുന്നു. 

മനുഷ്യ ജീവിതത്തിലെ രതി, ജനനം, മരണം എന്നിങ്ങനെ എല്ലാ അവസ്ഥകളെയും പ്രകൃതിയോട് ഇഴചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ ഓരോ ഷോട്ടും മനോഹരമാണ്. ഭാര്യ എന്ന ചുമതലയ്ക്കപ്പുറം സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് സംവിധായിക കാണിക്കുന്നത്. പുരുഷനാവാന്‍ ആഗ്രഹിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയും ആണ്‍കുഞ്ഞിന് ജന്മം നല്‍കാനാഗ്രഹിക്കുന്ന നായികയും സ്ത്രീത്വത്തിന്റെ ദുരിതത്തില്‍ നിന്നാണ് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നത്.

ഒരുപാട് ആഴമേറിയ ഒരു വിഷയം ലളിതവും മനോഹരവുമായ രീതിയില്‍ മെയ്‌ഫെയര്‍ തന്റെ ആദ്യ സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. മെയ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പെണ്‍കുട്ടി സിനിമയെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോയി. വളരെ കുറച്ച് സംഭാഷണങ്ങളുള്ള കഥാപാത്രം മുഖഭാവങ്ങളിലൂടെയാണ് അവള്‍ അഭിനയിച്ച് ഫലിപ്പിച്ചത്. ഒരുപാട് നിറങ്ങള്‍ ചേര്‍ത്തുവച്ച ഒരു ക്യാന്‍വാസ് പോലെ സുന്ദരമാണ് ദ തേര്‍ഡ് വൈഫ്. 

Content Highlights: the third wife film review, iffk 2018 latest news and updates, iffk film reviews