ഡല്‍ഹി എന്ന മഹാനഗരത്തിന്റെ പുറംമോടികള്‍ക്കും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവകാശവാദങ്ങള്‍ക്കും അടിയില്‍ ആരും ശ്രദ്ധിക്കാതെ നൂറ്റാണ്ടുകളായി ജീവിച്ചുപോരുന്ന മനുഷ്യരുണ്ട്. ചേരികളിലെ അഴുക്കുചാലിലെ പുഴുക്കളേപ്പോലെ ജീവിതം നുരച്ചു തീര്‍ക്കുന്നവര്‍. ഒരു ചരിത്രത്തിലും ഉള്‍പ്പെടാത്തവര്‍. അത്തരം മനുഷ്യരുടെ ജീവിതമാണ് അനാമിക ഹക്സറിന്റെ ഹിന്ദി ചിത്രമായ ടെയ്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബിസ് പറയുന്നത്.

നാടക രംഗത്ത് നാല്‍പതിലേറെ വര്‍ഷത്തെ അനുഭവപരിചയമുള്ള അനാമിക ഹക്സര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ടെയ്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബിസ്. പഴയ ഡല്‍ഹി (ഓള്‍ഡ് ഡല്‍ഹി) ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. അവിടുത്തെ റിക്ഷാവണ്ടിക്കാരുടെയും പോക്കറ്റടിക്കാരുടെയും പഴയവസ്തുക്കള്‍ പെറുക്കി ജീവിക്കുന്നവരുടെയും ഭിക്ഷക്കാരുടെയുമെല്ലാം ജീവിതത്തിലേക്ക് കാമറ തുറന്നുവെച്ചിരിക്കുകയാണ് അനാമിക ഹക്സര്‍. ഇത്തരം മനുഷ്യരുമായി നേരിട്ട് സംസാരിച്ച് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നിരാശകളും വേദനകളും നേരിട്ട് മനസ്സിലാക്കിയാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് സംവിധായിക പറയുന്നു. 

മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തി ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച് എങ്ങുമെത്താതെ പോകുന്ന മനുഷ്യരുടെ താവളമാണ് പഴയ ഡല്‍ഹി. ജീവിതത്തിന്റെ പകിട്ടുകളൊന്നുമില്ലാതെ കുടുസ്സുമുറികളിലും അഴുക്കുചാലുകള്‍ക്കരികിലും വഴിയോരങ്ങളിലും കിടന്നുറങ്ങുന്നവര്‍, റിക്ഷ വലിക്കുന്നവര്‍, പോക്കറ്റടിക്കാര്‍, ചുമട്ടുകാര്‍... ഇങ്ങനെ ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന മനുഷ്യരാണ് സിനിമയിലെ കഥാപാത്രങ്ങള്‍. ജീവിതത്തിന്റെ ദയനീയതയാര്‍ന്ന മുഖങ്ങളാണ് സിനിമ മുന്നോട്ടുവെക്കുന്നത്. നഗരജീവിതത്തിന്റെ ദൃശ്യവത്കരണം ചിലയിടങ്ങളിലെങ്കിലും മീര നായരുടെ സലാം ബോംബെയെ അനുസ്മരിപ്പിക്കും.

പോക്കറ്റടിക്കാരന്‍ പത്രു, പലഹാരക്കച്ചവടക്കാരന്‍ ചദ്ദാമി, റിക്ഷാവലിക്കുന്ന ലാല്‍ ബിഹാരി എന്നിങ്ങനെ ഏതാനും കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. നഗരത്തിന്റെ അഴുക്കുചാലുകളില്‍ ജീവിക്കുമ്പോഴും ജീവിതത്തെക്കുറിച്ച് പ്രതീക്ഷകള്‍ പുലര്‍ത്തുന്നവരാണ് ഇവര്‍. ജീവിതം ലക്ഷ്മീദേവിയുടെ വരദാനമാണെന്നു വിശ്വസിക്കുകയും അതില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന ആളാണ് ചദ്ദാമി. പോക്കറ്റടിയും തട്ടിപ്പുകളുമായി ജീവിക്കുമ്പോഴും ഗള്‍ഫിലേയ്ക്കു പോകാനും മികച്ചൊരു ജീവിതം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നയാളാണ് പത്രു. തൊഴിലാളികളുടെയും പാവങ്ങളുടെയും ജീവിതത്തില്‍ മാറ്റംവരിക സോഷ്യലിസത്തിലൂടെ മാത്രമാണെന്നു വിശ്വസിക്കുകയും അത്തരമൊരു മാറ്റം സ്വപ്നം കാണുകയും ചെയ്യുന്ന ലാല്‍ ബിഹാരിയും ഈ അധോനഗരത്തിന്റെ ഭാഗമാണ്.

രേഖീയമായ കഥപറച്ചിലിന്റെ പതിവു മാതൃകയിലല്ല സംവിധായിക ടെയ്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബിസ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്വപ്നങ്ങളുടെയും യാഥാര്‍ഥ്യമോ മിഥ്യയോ എന്ന് തീര്‍ച്ചപ്പെടുത്താനാകാത്ത ഭ്രമകല്‍പനകളുടെയും ചിതറിയ ചിത്രങ്ങള്‍ചേര്‍ത്തുവെച്ചുകൊണ്ടുള്ളതാണ് ചിത്രത്തിന്റെ ഘടന. ആനിമേഷനുകളും ഗ്രാഫിക് ദൃശ്യങ്ങളും ഇടകലര്‍ത്തിയതാണ് മിക്കവാറും രംഗങ്ങള്‍. നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ പരിഹസിക്കാനും വിമര്‍ശിക്കാനും വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുമാണ് ഈ രീതി പ്രയോജനപ്പെടുന്നത്.

കഥാപാത്രങ്ങള്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ സിനിമയില്‍ ആവര്‍ത്തിച്ചു വരുന്നു. യഥാര്‍ഥ ലോകത്തിലില്ലാത്ത വിചിത്രമായ സംഭവങ്ങളും മായാക്കാഴ്ചകളും ഇടകലര്‍ന്നതാണ് ആ സ്വപ്നങ്ങള്‍. നിസ്വരായ മനുഷ്യരുടെ ആഗ്രഹങ്ങളും നൈരാശ്യവും പ്രതിഷേധവുമെല്ലാമാണ് ഇവ. കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെയും മാറിവരുന്ന ദൃശ്യങ്ങളിലൂടെയും നിലനില്‍ക്കുന്ന വ്യവസ്ഥയുടെ അസംബന്ധം ചൂണ്ടിക്കാട്ടുകയാണ് ചിത്രം.

രാഷ്ട്രീയമായ ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കാനുള്ള ശ്രമം സംവിധായികയുടെ ഭാഗത്തുനിന്നുണ്ട്. ഒരുവശത്ത് വളര്‍ന്നു വികസിക്കുന്ന നാഗരികസമൂഹവും അതേയിടത്ത് അദൃശ്യമായി ജീവിക്കുന്ന, ചരിത്രത്തില്‍ ഇടംകിട്ടാതെപോയ കീഴാളസമൂഹവും തമ്മിലുളള വൈരുദ്ധ്യത്തിന്റെ രാഷ്ട്രീയമാണത്. ജീര്‍ണിച്ച നഗരമുഖത്തിന്റെ മൂര്‍ച്ചയേറിയ ദൃശ്യവത്കരണത്തിലൂടെയാണ് സംവിധായിക ഈ രാഷ്ട്രീയത്തെ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. 

ഗ്രാഫിക്സുകളെയും യഥാര്‍ഥ ദൃശ്യങ്ങളെയും സന്നിവേശിപ്പിച്ചുകൊണ്ടുള്ള ദൃശ്യങ്ങള്‍ പ്രേക്ഷകനില്‍ സൃഷ്ടിക്കുന്നത് കാഴ്ചയുടെ അപരിചിതത്വമാണ്. സിനിമയിലേക്ക് ലയിച്ചു ചേരാതിരിക്കാനും മാറിനിന്നുകൊണ്ട് സിനിമയെ വീക്ഷിക്കാനും കാഴ്ചക്കാരനെ നിര്‍ബന്ധിതനാക്കുന്നതാണ് ഈ രീതി. ഇത് ഒരേസമയം സിനിമയുടെ സാധ്യതയും പരിമിതിയുമാണെന്നു പറയാം.

ContentHighlights: TAKING THE HORSE TO EAT JALEBIS, IFFK, movie review, Thiruvantahapuram