ബഹ്മാന്‍ ഫാര്‍മനാരയുടെ 'ടെയില്‍ ഓഫ് ദ സീ' എന്ന പേര്‍ഷ്യന്‍ ചിത്രം ഒരു എഴുത്തുകാരന്റെ ജീവിതമാണ് അവതരിപ്പിക്കുന്നത്. ഫാര്‍മനാര തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയില്‍ അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. ആദ്യ കാഴ്ചയില്‍ വിഷാദരോഗിയായ ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ അവതരണമായി തോന്നുമെങ്കിലും മണ്മറഞ്ഞു പോയ ഇറാനിയന്‍ എഴുത്തുകാര്‍ക്കുള്ള ഒരു സമര്‍പ്പണമാണ് ഈ സിനിമ. അവരോടൊപ്പം അവസാനിച്ച ഒരു സുവര്‍ണ്ണ കാലഘട്ടത്തെ കുറിച്ചോര്‍ത്തുള്ള ദുഃഖാര്‍ദ്രമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. 

സാങ്കല്പിക ജീവിതത്തിന്റെയും യഥാര്‍ത്ഥ ജീവിതത്തിന്റെയും ഇടയിലാണ് താഹിര്‍ എന്ന എഴുത്തുകാരന്റെ ജീവിതം കടന്നുപോവുന്നത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം തന്റെ ഭാര്യ ജാലെയ്‌ക്കൊപ്പം വീട്ടിലേക്ക് പോവുന്നു. യഥാര്‍ത്ഥ ജീവിതത്തെ ആത്മബലത്തോടെ നേരിടാന്‍ കഴിയാത്ത ഭര്‍ത്താവുമായി ഇനി ഒരുമിച്ച് ജീവിക്കേണ്ട എന്ന് തീരുമാനിക്കുന്ന ഇവര്‍ ഡോക്ടറുടെ അഭിപ്രായപ്രകാരം ഇത് നീട്ടിവയ്ക്കുകയാണ്. 

യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും അകന്ന് സാങ്കല്പിക ലോകത്ത് ജീവിക്കാന്‍ ഇഷ്ടപെടുന്ന വ്യക്തിയായിട്ടു കൂടി ഇദ്ദേഹത്തിന്റെ ഭാര്യയോടുള്ള ആത്മബന്ധം ചിത്രത്തില്‍ ഒരുപാട് വൈകാരിക നിമിഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സിനിമയില്‍ ഉടനീളം താഹിറിന്റെ വ്യത്യസ്ത മാനസികാവസ്ഥകളെ അവതരിപ്പിക്കുന്നത് കടലിന്റെ ചിത്രീകരണത്തിലൂടെയാണ്. 

താഹിര്‍ കടന്നുപോയ്‌കൊണ്ടിരിക്കുന്ന ആത്മസംഘര്‍ഷങ്ങളെ അതേ ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഫാര്‍മനാരയ്ക് സാധിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ച പ്രശസ്ത ഇറാനിയന്‍ സിനിമ നടി ഫത്തേമെ മൊത്തമ്മദ് ആര്യയും മികച്ച പ്രകടനം കാഴ്ചവച്ചു. ഒരുപാട് ആഴത്തിലുള്ള ചിന്തകളെ ആസ്പദമാക്കിയുള്ള തിരക്കഥയുടെ ലളിതമായ ആവിഷ്‌ക്കാരമാണ് 'ടെയില്‍ ഓഫ് ദ സീ'.

Content highlights : Tail of the sea movie review iffk 2018, iffk 2018 movie review, director Behman Farmanara, iffk 2018 latest news updates