ചില സിനിമകള്‍ അവയുടെ നേര്‍മയുള്ള ജീവിതകാഴ്ചയും സത്യസന്ധതയും കൊണ്ട് നമ്മെ വിസ്മയിപ്പിക്കും.  നവാഗതനായ സക്കറിയയുടെ 'സുഡാനി ഫ്രം നൈജീരിയ'യെ അക്കൂട്ടത്തില്‍പ്പെടുത്താം. കളിക്കളത്തില്‍ തുടങ്ങി ജീവിതക്കളത്തില്‍ അവസാനിക്കുന്ന ഒരു വൈകാരികമായ കാഴ്ചയാണ് സുഡാനി ഫ്രം നൈജീരിയ.  മലബാറിലെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങുമുള്ള മനുഷ്യരെപ്പറ്റിയും അവരുടെ ആശങ്കകളെപ്പറ്റിയും സംസാരിക്കുന്ന സിനിമ. സിംപിളാണ് സുഡാനി, അതേസമയം പവര്‍ഫുള്ളും. നവാഗത സിനിമയെന്ന് തോന്നിപ്പിക്കാതെ മികവുറ്റ, വേറിട്ട, റിഫ്രഷിങ് എന്നുവിശേഷിപ്പിക്കേണ്ട ഒരു സിനിമയാണ്  സക്കറിയ ഒരുക്കിയിരിക്കുന്നത്.

സെവന്‍സ് കളിക്കാനെത്തുന്ന ആഫ്രിക്കന്‍ യുവാവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് സ്പോണ്‍സറായ ടീം മാനേജര്‍ യുവാവ് നേരിടുന്ന പ്രതിസന്ധികളാണ് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ സിനിമ. ആഫ്രിക്കയില്‍നിന്ന് വരുന്നവരെല്ലാം മലബാറിലെ ഫുട്ബോള്‍പ്രേമികള്‍ക്ക് സുഡുവല്ലെങ്കില്‍ സുഡാനിയാണ്.

സിനിമയിലെ മുഖ്യകഥാപാത്രമായ നൈജീരിയന്‍ സ്വദേശി സാമുവല്‍ എന്ന സെവന്‍സ് ക്ലബ്ബിന്റെ പ്രധാന കളിക്കാരനും ഇത്തരത്തിലൊരു സുഡാനിയാണ്. സാമുവലിനെ അവതരിപ്പിക്കുന്ന ആഫ്രിക്കന്‍ നായകന്റെ യഥാര്‍ഥ പേരും സാമുവല്‍ എന്നുതന്നെയാണ്. മറ്റുജോലികള്‍ അറിയാത്ത, ടീമിന്റെ മാനേജരായി സെവന്‍സുമായി ജീവിതം കൊണ്ടുനടക്കുന്ന മജീദിന് (സൗബിന്‍ ഷാഹിര്‍) സാമുവല്‍ ഒരേസമയം ബാധ്യതയും ജീവിതവുമാകുന്ന ഒരു സങ്കീര്‍ണതയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. 

രണ്ടുമണിക്കൂര്‍ മാത്രമുള്ള സിനിമ തുടങ്ങുമ്പോള്‍ ഒരു സ്പോര്‍ട്സ് സിനിമയുടെ ചിട്ടവട്ടത്തിലാണ്. എന്നാല്‍ പുരോഗമിക്കുംതോറും കുടുംബത്തിനുള്ളില്‍നിന്ന് ലോകമാകുന്ന ഫുട്ബോള്‍ മൈതാനത്തെ നോക്കിക്കാണുന്ന രീതിയിലേക്ക് വികസിക്കുന്നുണ്ട്. ഒരേസമയം ചിരിയും കണ്ണീരുമാണ് സുഡാനി. കെ.എല്‍. 10-പത്ത് സിനിമ സംവിധാനം ചെയ്ത മൊഹ്സീന്‍ പെരാരിയും സക്കറിയയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. കെ.എല്‍. പത്തുപോലെ ഫുട്ബോളിന്റെ മലബാര്‍ ജീവിതത്തെ തന്മയത്വത്തോടെ സിനിമയിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്.  അതുപക്ഷേ, സിനിമയ്ക്കുവേണ്ടിയുള്ള കൃത്രിമ കായിക പ്രേമമാക്കി മാറ്റാതെ ഒരു ജനതയുടെ ഉള്ളിലുള്ള സംസ്‌കാരമാക്കി സൂക്ഷ്മമായി അവതരിപ്പിക്കാന്‍ സിനിമയ്ക്കാകുന്നുണ്ട്. 

സുഡാനിയെ റിയലിസ്റ്റിക്കാക്കുന്നതും അതുതന്നെയാണ്. കഥാപാത്രങ്ങളും സംഭാഷണങ്ങളും സിറ്റുവേഷനുകളുമൊക്കെ റിയലിസ്റ്റിക്കാണ്. സാമുവലിനും സൗബിന്‍ ഷാഷിറിനുമൊപ്പം എത്തുന്നവരില്‍ ഏറെയും അധികം കണ്ടുപരിചയമില്ലാത്തവരാണ്. എന്നാല്‍ എല്ലാവരുടെയും പ്രകടനങ്ങള്‍ ശ്രദ്ധേയം. അടുത്തിടെ കണ്ട ഏറ്റവും മികച്ച കാസ്റ്റിങ് എന്നുതന്നെ പറയണം സുഡാനിയില്‍ വന്നുപോകുന്ന ചെറുതും വലുതുമായ വേഷങ്ങളെക്കുറിച്ച്.

 സൗബിന്റെ ഉമ്മയായി വേഷമിടുന്ന നടി സാവിത്രി ഏറെ ശ്രദ്ധേയം. ഗംഭീരമാണ് അവരുടെ പ്രകടനം. അയല്‍വാസി ബീയുമ്മയും മികച്ചുനിന്നു. അമ്മയോട് ആവശ്യത്തിനുമാത്രം മിണ്ടുന്ന, രണ്ടാനച്ഛനോട് മിണ്ടാന്‍പോലും കൂട്ടാക്കാത്ത മജീദ് സൗബിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ്. തീവ്രമായ ഭാവപ്പകര്‍ച്ചയുള്ള വേഷങ്ങള്‍ തന്റെ കൈയില്‍ ദദ്രമാണെന്ന് സൗബിന്‍ തെളിയിക്കുന്നുണ്ട്. സൗബിന്റെ വണ്‍ലൈന്‍ തമാശകളും ആവോളമുണ്ട്. 

സെവന്‍സ് മത്സരത്തോടെയാണ് സിനിമയുടെ തുടക്കം. സെവന്‍സില്‍ കളിക്കാനെത്തുന്ന ആഫ്രിക്കന്‍ താരങ്ങളുടെ ജീവിതപശ്ചാത്തലങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണത്തിലൂടെ സിനിമ വളരെ റിഫ്രഷിങ് ആയ ഒരു പശ്ചാത്തലം തുറന്നിടുന്നുണ്ട്. ഇടവേള കഴിയുമ്പോള്‍ തെല്ലുമുഷിയുമെങ്കിലും അത് ചെന്നെത്തുന്ന വിഷയത്തിന്റെ ഗൗരവംകൊണ്ട് അത് മറക്കാവുന്നതേയുള്ളു. വളരെ ചെറിയ കഥാതന്തുവിനെ വൈകാരികമായി സ്പര്‍ശിക്കുന്ന തരത്തില്‍ അവതരിപ്പിക്കാനായി എന്നതാണ് സക്കറിയ എന്ന നവാഗതന്റെ മികവ്.

 മലബാറിലെ ഏതൊക്കെയോ വീടുകളില്‍ ചെന്നിരുന്ന അവസ്ഥ സൃഷ്ടിക്കാന്‍ സിനിമയ്ക്കാകുന്നുണ്ട്. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍കൂടിയായ ഷൈജു ഖാലിദിന്റെ ദൃശ്യങ്ങള്‍ക്കും അതിലൊരു വലിയ പങ്കുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ഛായാഗ്രാഹകനാണ് താനെന്ന് ഷൈജു സുഡാനിയിലൂടെ അടിവരയിടുന്നുണ്ട്. റെക്സ് വിജയനാണ് സംഗീതം. ഷഹബാസ് അമന്‍ പാടിയ ഫുട്ബോള്‍ പാട്ടും ശ്രദ്ധേയം. പശ്ചാത്തലസംഗീതവും മികച്ചുനിന്നു. നൗഫല്‍ അബ്ദുള്ളയുടെ സമര്‍ഥമായ എഡിറ്റിങ്ങും സിനിമയുടെ ആറ്റിക്കുറുക്കിയ ആഖ്യാനത്തെ തുണച്ചിട്ടുണ്ട്.

Content Highlights : Sudani From Nigeria movie review Soubin shahir Zakariya sameer thahir shyju khalid,  Sudani From Nigeria malayalam movie, iffk 2018