ശിഥിലമാകുന്ന രാഷ്ട്രീയ സംവിധാനങ്ങളും അതിനെത്തുടര്‍ന്നുള്ള പലായനങ്ങളും ഇന്ന് ലോകം അഭിമുഖീകരിക്കുന്ന രൂക്ഷമായ രാഷ്ട്രീയപ്രതിസന്ധിയാണ്. ആഭ്യന്തര യുദ്ധങ്ങളും പട്ടിണിയും തീവ്രവാദവുമെല്ലാം മനുഷ്യജീവിതം ദുസ്സഹമാക്കുമ്പോള്‍ അവന് ജീവന്‍ തൃണവല്‍ഗണിച്ച് ദേശാന്തരഗമനം നടത്തുകയോ അഭയാര്‍ഥിയാവുകയോ ചെയ്യേണ്ടിവരുന്നു. ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച ഈജിപ്തില്‍നിന്നുള്ള പോയ്സണസ് റോസസ് എന്ന ചിത്രം ഇത്തരം സാഹചര്യത്തെ ധ്വന്യാത്മകമായി അവതരിപ്പിക്കുന്ന സിനിമയാണ്. 

അഹമ്മദ് ഫൗസി സാലിഹ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. ഈജിപ്തിന്റെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തിന്റെ ലളിതമായൊരു ആഖ്യാനമാണ് ഈ സിനിമ. ദാരിദ്ര്യവും പലായനവും പരിസ്ഥിതി മലിനീകരണവുമെല്ലാം വിഷയമായി വരുന്ന പോയ്സണസ് റോസസ്, സഹോദരി-സഹോദര ബന്ധത്തിന്റെ തീക്ഷ്ണമായ ആഖ്യാനം കൂടിയാണ്. അഭയാര്‍ഥിത്വം തീര്‍ക്കുന്ന മുറിവുകളെക്കുറിച്ചുള്ള വേദനയും പോയ്സണസ് റോസസ് പങ്കുവെക്കുന്നു.

കെയ്റോയ്ക്കടുത്തുള്ള ചെറുനഗരത്തില്‍ ജീവിക്കുന്ന സക്കറും സഹോദരി താഹ്യേയുമാണ് പ്രധാന കഥാപാത്രങ്ങള്‍. തോല്‍സംസ്‌കരണ ഫാക്ടറി പുറന്തള്ളുന്ന മാലിന്യങ്ങള്‍ക്കിടയില്‍ ദുരിതപൂര്‍ണമായ ജീവിതമാണ് അവര്‍ നയിക്കുന്നത്. പ്രതികൂലമായ ജീവിതസാഹചര്യങ്ങളാല്‍ നിരാശനായ സഹോദരന്റെ അവസ്ഥയില്‍ ദുഃഖിതയാണ് താഹ്യേ. എന്നാല്‍ മെച്ചപ്പെട്ട മറ്റൊരു ജീവിതത്തിലേയ്ക്കുള്ള വഴികളൊന്നും അവര്‍ക്കുമുന്നിലില്ല. കാമുകിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയ്ക്കൊപ്പം ഇറ്റലിയിലേക്ക് കടക്കാനാണ് സക്കറിന്റെ ശ്രമം. എന്നാല്‍ തന്നെ വിട്ടുപോകാന്‍ താഹ്യേ സഹോദരനെ അനുവദിക്കുന്നില്ല. സഹോദരന്‍ പോയാല്‍ ജീവിതം ശൂന്യമാകുമെന്ന് അവള്‍ക്കറിയാം. എങ്ങനെയും അവനെ തനിക്കൊപ്പം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണവള്‍.

മാലിന്യം നിറഞ്ഞ കറുത്ത ജലമൊഴുകുന്ന ഓവുചാലിന്റെ ദൃശ്യത്തില്‍നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തുകല്‍ ഫാക്ടറിയില്‍നിന്നുള്ള മാലിന്യങ്ങളും ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും കൊണ്ട് മനംപുരട്ടുന്ന അന്തരീക്ഷത്തിലാണ് സക്കര്‍ ജോലിചെയ്യുന്നത്. തുകല്‍ ഫാക്ടറിയിലെ ജോലിയുടെ സമീപദൃശ്യങ്ങള്‍ക്കൊണ്ട് ആ അന്തരീക്ഷത്തിന്റെ തീവ്രത അനുഭവിപ്പിക്കുന്നുണ്ട് സംവിധായകന്‍. ഒപ്പം അതിനിടയില്‍ അനാരോഗ്യവും വേദനകളുമായി ജീവിക്കുന്ന മനുഷ്യരുടെ നിസ്സഹായതയും ശക്തമായ ദൃശ്യങ്ങളിലൂടെ പറയുന്നു.

സംഭാഷണ പ്രധാനമല്ല പോയ്സണസ് റോസസ്. ദൃശ്യങ്ങളിലൂടെയാണ് സംവിധായകന്‍ കഥ പറയാന്‍ ശ്രമിക്കുന്നത്. സഹോദരനോടുള്ള താഹ്യേയുടെ ബന്ധത്തിന്റെ തീവ്രതയും അവളുടെ മാനസിക സംഘര്‍ഷങ്ങളും നൈരാശ്യവുമെല്ലാം അനുഭവേദ്യമാക്കുന്നതിന് സൂക്ഷ്മതയുള്ള ദൃശ്യങ്ങളാണ് സംവിധായകന്‍ ഉപയോഗപ്പെടുത്തുന്നത്. സക്കറാകട്ടെ താഹ്യേയോട് ഒട്ടും സ്നേഹം പ്രകടിപ്പിക്കുന്നില്ല. തന്റെ ജീവിത സാഹചര്യങ്ങളില്‍ കടുത്ത അതൃപ്തിയും നിരാശയും എല്ലാവരോടും ദേഷ്യമാണവന്. സഹോദരിയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് എങ്ങനെയും നാടുവിട്ട് പോകാനും ഇറ്റലിയിലെത്തി പുതിയൊരു ജീവിതം ആരംഭിക്കാനുമുള്ള ശ്രമം അവന്‍ തുടരുന്നു.

സഹോദരനുള്ള ഭക്ഷണം തയ്യാറാക്കി തുകല്‍ ഫാക്ടറിയിലേക്ക് പോകുന്ന താഹ്യേയുടെ ആവര്‍ത്തിച്ചുവരുന്ന ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണാം. സക്കറോട് കൂടുതലെന്തെങ്കിലും പറയാനോ അവനെ ആശ്വസിപ്പിക്കാനോ അവള്‍ക്ക് സാധിക്കില്ല. എന്നാല്‍ അവനോടുള്ള കരുതലും സ്നേഹവും ഒളിച്ചുവെക്കാനും അവള്‍ക്കാകില്ല. അവന്റെ അവഗണനയും നിരാസവുമൊന്നും അവളെ പിന്‍തിരിപ്പിക്കുന്നുമില്ല. പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ജീവിതത്തിന്റെ ശൂന്യതയ്ക്കു മുന്നില്‍ തളര്‍ന്ന് ഒന്നിലേറത്തെവണ അവള്‍ ആത്മഹത്യയ്ക്കു തുനിയുന്നുണ്ടെങ്കിലും അതിലും വിജയിക്കുന്നില്ല.

ഒരു ദിവസം പെട്ടെന്ന് സഹോദരന്‍ വീട്ടില്‍നിന്ന് അപ്രത്യക്ഷനാകുമ്പോള്‍ താഹ്യേ പരിക്ഷീണയാകുന്നു. നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇറ്റലിയിലേക്ക് കടക്കാനാണ് അവന്റെ ശ്രമം. സഹോദരന്‍ നാടുവിടാന്‍ ശ്രമിക്കുന്നെന്ന വിവരം അവള്‍ പോലീസിനെ അറിയിക്കുന്നു. പിടിയിലായാല്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് പോലീസുകാരന്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ഇറ്റലിയിലേക്കുള്ള ബോട്ടുയാത്രയില്‍ അവന്‍ കടലില്‍ മുങ്ങിമരിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ കിടക്കുന്നതാണെന്നാണ് താഹ്യേ പോലീസിന് നല്‍കുന്ന മറുപടി.

ഈജിപ്ത് അഭിമുഖീകരിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങളുടെ യുക്തിഭദ്രമായ ചിത്രീകരണമാണ് പോയ്സണസ് റോസസ്. രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച്  ഏറെയൊന്നും പറയുന്നില്ലെങ്കിലും സക്കറിന്റെയും താഹ്യേയുടെയും ജീവിതത്തില്‍ക്കൂടി ഈജിപ്തിന്റെ സാമൂഹ്യ-സാമ്പത്തികാവസ്ഥയുടെ നേര്‍ച്ചിത്രം അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. ഏറെയൊന്നും വിശദാംശങ്ങളില്ലാതെതന്നെ അത് പ്രേക്ഷകനിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍ സംവിധായകനായ അഹമ്മദ് ഫൗസി സാലിഹിന് സാധിക്കുന്നുമുണ്ട്. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും സാവോപോളോ ചലച്ചിത്രോത്സവത്തിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുമുണ്ട് പോയ്സണസ് റോസസ്.