മധുരയിലും കൊടൈക്കനാലിലും കൊച്ചിയിലുമായി ചിതറിക്കിടക്കുന്ന നഗരയൗവനത്തിന്റെ പ്രണയത്തിന്റെയും അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെയും കഥ പറയുകയാണ് മായാനദി. അമല്‍ നീരദിന്റെ കഥാതന്തുവിനെ ഉപജീവിച്ച് രൂപവത്കരിക്കപ്പെട്ട തിരക്കഥ അത്ര അസാധാരണമല്ലാത്ത നഗരകേന്ദ്രീകൃതമായ ഒരു പ്രണയകഥയെ ദുരൂഹമായ ഒരു കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുകയാണ് ആഷിഖ് അബു. 

കള്ളപ്പണമിടപാട് നടത്താനായി മധുരയില്‍നിന്ന് കൊടൈക്കനാലിലെത്തി പോലീസുമായി ഏറ്റുമുട്ടി കൊലപാതകിയായി മാതൃനഗരമായ കൊച്ചിയിലേക്ക് രക്ഷപ്പെട്ടോടേണ്ടിവരുന്നു ടൊവിനോ തോമസ് അവതരിപ്പിക്കുന്ന മാത്തന്. ജീവിക്കാന്‍വേണ്ടി പല വേഷങ്ങള്‍ കെട്ടേണ്ടിവരുന്ന അനാഥനായ മാത്തന്, അയാളെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തുന്ന ഒരു പ്രണയമുണ്ട് കൊച്ചിയില്‍, അപ്പുവെന്ന അപര്‍ണ. ജോലിയില്ലാത്ത അമ്മയെയും പഠനം നടത്തിക്കൊണ്ടിരിക്കുന്ന അനുജനെയും പുലര്‍ത്താനായി മോഡലിങ്ങും ആങ്കറിങ്ങും ചെയ്ത് ജീവിക്കുന്ന, ചലച്ചിത്രനടിയായിത്തീരാനായി നിരന്തര ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അപ്പുവിനെ അവതരിപ്പിക്കുന്നത് ഞണ്ടുകളുടെ നാട്ടില്‍ എന്ന സിനിമയില്‍ നായികയായി വന്ന ഐശ്വര്യാ ലക്ഷ്മിയാണ്. 

കള്ളപ്പണ വേട്ടയ്ക്കിടയില്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്റെ കൊലയാളിയെ തിരക്കിയുള്ള മധുരയിലെ പോലീസ് സംഘത്തിന്റെ അന്വേഷണം അപ്പുവും മാത്തനും എത്തിച്ചേരുന്ന ഇടങ്ങളിലേക്കെല്ലാം നീളുകയും ഒടുവില്‍ കൊച്ചിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ച് ആഖ്യാന നിര്‍വഹണം നടക്കുന്ന മായാനദി ഫിലിം ഇന്‍ഡസ്ട്രി പോലുള്ള സങ്കീര്‍ണസ്വഭാവമുള്ള ഒരു തൊഴിലിന്റെ പിന്നാമ്പുറങ്ങളെയും ശരീരത്തെയും ലൈംഗികതയെയും പ്രണയത്തെയും ജീവിതത്തെയും കുറിച്ച് അതിദ്രുതം മാറിവരുന്ന സങ്കല്പങ്ങളെ പങ്കുവെക്കുന്നുണ്ട്. മലയാളസിനിമ മുന്‍പ് ആവിഷ്‌കരിക്കാന്‍ ഭയന്നിരുന്ന ശാരീരികതൃഷ്ണകളുടെ ചടുലാഖ്യാനങ്ങള്‍ കടന്നുവരുന്ന ഈ ചിത്രം സാമ്പ്രദായിക കുടുംബപ്രേക്ഷകരെ അലോസരപ്പെടുത്താം.

അവിയല്‍ മ്യൂസിക് ബാന്‍ഡിന്റെ പശ്ചാത്തലമുള്ള റെക്‌സ് വിജയന്‍ സംഗീത നിര്‍ദേശം നല്‍കിയ ഗാനങ്ങള്‍ നഗരജീവിതത്തിന്റെ വേഗതാളത്തെ സാക്ഷാത്കരിക്കുന്നു. കുറ്റാന്വേഷണസിനിമകളുടെ ത്രില്ലര്‍ സ്വഭാവത്തില്‍ നിറവേറപ്പെടുന്ന കഥാന്ത്യത്തെ അവിസ്മരണീയമായ ദൃശ്യാനുഭവമാക്കുന്നുണ്ട് സിനിമാറ്റോഗ്രാഫറായ ജയേഷ് മോഹന്‍.

ടൊവിനോ, ഐശ്വര്യാ ലക്ഷ്മി, ലിയോണാ ലിഷോയി, ഹരീഷ് ഉത്തമന്‍, സൗബിന്‍ ഷാഹിര്‍, അപര്‍ണാ ബാലമുരളി തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം യുവസംവിധായകരായ ബേസില്‍ ജോസഫും ലിജോ ജോസ് പല്ലിശ്ശേരിയും മായാനദിയില്‍ വേഷമിടുന്നുണ്ട്. ദുരന്തപര്യവസായിയായ ഒരു പ്രണയകഥയുടെ ആഖ്യാനം നടത്തുന്ന മായാനദി ഭരണകൂടത്തിന്റെ നീതി നടപ്പാക്കലിലെ നീതിരാഹിത്യത്തെയും എന്‍കൗണ്ടര്‍ കൊലപാതകങ്ങളിലെ മനുഷ്യാവകാശധ്വംസനത്തെയും പ്രണയത്തെയും ലൈംഗികതയെയും ശരീരത്തെയും കുറിച്ചുള്ള മലയാളികളുടെ നടപ്പുധാരണകളെയും കുറിച്ച് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ അടക്കമുള്ള പൊതുതുറസ്സുകളിലെ തന്റെ നിലപാടുകളുടെ തുടര്‍ച്ചകൂടി ഇത്തരത്തില്‍ മായാനദിയിലൂടെ ആഷിഖ് അബു സാധ്യമാക്കുന്നുണ്ട്.

Content Highlights: IFFK 2018, Mayaanadhi Movie Review Mayaanadhi Review Aashiq Abu Tovino Thomas and  Aishwarya Lekshmi