വൃദ്ധരായ രണ്ടു ദമ്പതിമാര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദൈര്‍ഘ്യമേറിയ ഒരു രംഗത്തില്‍നിന്നാണ് സ്പാനിഷ് ചിത്രമായ 'ദ ബെഡ്' ആരംഭിക്കുന്നത്. സവിശേഷമായ ഈ ആരംഭ ദൃശ്യംതന്നെ പ്രേക്ഷകരില്‍ ഒരേസമയം അമ്പരപ്പും ആകാംഷയും നിറയ്ക്കും. 

ഐ.എഫ്.എഫ്.കെയില്‍ മത്സര വിഭാഗത്തിലുള്ള നാലു വനിതാ സംവിധായകരുടെ ചിത്രങ്ങളില്‍ ഒന്നാണ് 'ദ ബെഡ്'. അര്‍ജന്റീനയിലെ നടിയും സംവിധായികയുമായ മോണിക്ക ലെയ്റാനയാണ് 'ദ ബെഡ്' സംവിധാനം ചെയ്തത്. പോളണ്ടില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രം ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയിരുന്നു.

ദീര്‍ഘകാലം ഒരുമിച്ച് താമസിച്ച വീട്ടില്‍ അവസാന ദിവസം ചിലവഴിക്കുന്ന വൃദ്ധ ദമ്പതിമാരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. വലിയൊരു വീടിനുള്ളില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഈ സിനിമ ഒരിക്കലും വീടിന് വെളിയിലേക്കു പോകുന്നില്ല. ചിത്രത്തിലെ മിക്കവാറും ഷോട്ടുകള്‍ ദൈര്‍ഘ്യമേറിയവയാണ്. സംഭാഷണങ്ങള്‍ കുറവും. പതിഞ്ഞ വേഗത്തില്‍ മുന്നോട്ടുപോകുന്ന ചിത്രം ദമ്പതിമാരുടെ ജീവിതത്തിന്റെ താളം കൂടിയാണ് രേഖപ്പെടുത്തുന്നത്.

ജോര്‍ജ്, മേബല്‍ എന്നീ ഭാര്യാഭര്‍ത്താക്കന്‍മാരാണ് ചിത്രത്തില്‍ ആകെയുള്ള രണ്ടു കഥാപാത്രങ്ങള്‍. കൂടാതെ വലിയൊരു വീടും അതിനുള്ളിലെ കൊച്ചുകൊച്ചു വസ്തുക്കളും വീട്ടുപകരണങ്ങളും നായയുമെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളുടെ സ്ഥാനത്തുണ്ട്. വീട് വിറ്റ് പരസ്പരം വേര്‍പിരിയുന്ന ജോര്‍ജും മേബലും, പതിറ്റാണ്ടുകളായി തങ്ങള്‍ കിടന്നിരുന്ന കട്ടിലില്‍ അവസാനമായി ലൈംഗിക ബന്ധന്ധത്തില്‍ ഏര്‍പ്പെടാനാണ് ശ്രമിക്കുന്നത്. വിജയിക്കാത്ത ആ ശ്രമത്തിനൊടുവില്‍ അവര്‍ കരച്ചിലോളമെത്തുന്നു. പിന്നീട്, ഇക്കാലത്തിനിടയില്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും പങ്കിട്ടെടുക്കാനുള്ള ശ്രമത്തലേയ്ക്ക് അവര്‍ തിരിയുന്നു. 

ഓരോ വസ്ത്രവും അലമാരകളില്‍നിന്ന് പുറത്തെടുത്ത് അത് വാങ്ങിയ സന്ദര്‍ങ്ങള്‍ ഓര്‍ത്തെടുക്കുന്നു, മേബല്‍. ചിലത് വീണ്ടുമെടുത്ത് ഇട്ടുനോക്കുന്നുമുണ്ട് അവര്‍. പെട്ടിതുറന്ന് ആഭരണങ്ങള്‍ പുറത്തെടുക്കുന്നു. വീട്ടുപകരണങ്ങള്‍ പങ്കുവെക്കുന്നു. ഓരോന്നും വാങ്ങിയത് എപ്പോഴൊക്കെയെന്നും ആരുടെ പണംകൊണ്ടെന്നും തര്‍ക്കിക്കുന്നു. ഗുളികകളും മരുന്നുകളും വേര്‍തിരിക്കുന്നു. ചില ഗുളികകള്‍ പങ്കിട്ടെടുക്കുന്നു. പിന്നീട് അവരവരുടെ വസ്തുക്കള്‍ പ്രത്യേകമായി പായ്ക്ക് ചെയ്തുവെക്കുന്നു. ഇതിനിടയില്‍ ചത്ത പൂച്ചക്കുട്ടിയെ കുഴിച്ചിടുകയും നായയ്ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു.

വീട്ടിനുള്ളിലെ വൃദ്ധ ദമ്പതിമാരുടെ നിസ്സാരമെന്നോ അര്‍ഥരഹിതമെന്നോ തോന്നാവുന്ന പെരുമാറ്റങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് സിനിമ കടന്നുപോകുന്നത്. ഇതിനിടയില്‍ കരഞ്ഞും ചിരിച്ചും ആലിംഗനം ചെയ്തും പരസ്പരം പോരടിച്ചും അവര്‍ പഴക്കമേറിയ ദാമ്പത്യത്തിന് അടിക്കുറിപ്പെഴുതുകയാണ്. ദൃശ്യങ്ങള്‍ക്കും നിശബ്ദതയും ചേര്‍ത്തുവെച്ച് പ്രേക്ഷകരെ അവരറിയാതെതന്നെ ജോര്‍ജിന്റെയും മേബലിന്റെയും ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുകയാണ് സംവിധായിക. ഒരുമിച്ച് ജീവിച്ചുതീര്‍ത്ത കഴിഞ്ഞകാലത്തിന്റെ കണക്കെടുപ്പാണ് അവര്‍ നടത്തുന്നതെന്ന് പതുക്കെ പ്രേക്ഷകന്‍ തിരിച്ചറിയുന്നു.

വിഫലമായ ലൈംഗിക ബന്ധത്തില്‍ തുടങ്ങി, വിജയിക്കുന്ന ഒരു ലൈംഗിക ബന്ധത്തില്‍ അവസാനിക്കുന്നതാണ് സിനിമയുടെ ഘടന. സിനിമയുടെ അവസാന ദൃശ്യങ്ങള്‍ ജോര്‍ജും മേബലും ഇല്ലാത്ത, വീട്ടുപകരണങ്ങളൊന്നുമില്ലാത്ത ഒഴിഞ്ഞ വീട്ടകങ്ങളാണ്. ജോര്‍ജും മേബലും എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സൂചനകളൊന്നുമില്ല. അവരെ സംബന്ധിച്ച് ഇത്ര കാലം എന്തിന് ഒരുമിച്ചു കഴിഞ്ഞു എന്നതുപോലെതന്നെ അസംബന്ധമാണ് ഇപ്പോള്‍ എന്തിനു പിരിയുന്നു എന്ന ചോദ്യവും.

വേര്‍പിരിയുന്നതിലും വീട് ഉപേക്ഷിക്കുന്നതിലും അവര്‍ക്ക് ഒരേസമയം ദുഃഖവും സന്തോഷവുമുണ്ട്. അവസാനമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍, നമുക്ക് ജീവിക്കാന്‍ ഇത്രയും വലിയ വീട് എന്തിനായിരുന്നു എന്ന് മേബല്‍ ജോര്‍ജിനോട് ചോദിക്കുന്നുണ്ട്. അപ്പോള്‍, നീ ഈ വീടിനെ സ്നേഹിച്ചിരുന്നല്ലോ എന്ന് ജോര്‍ജ് തിരിച്ചു ചോദിക്കുന്നു. പഴക്കമേറിയ ആ വീട് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമായും അവരുടെ ദാമ്പത്യത്തിന്റെ രൂപകമായും മാറുന്നു.

ജീവിതത്തിലെ മുഴുവന്‍ സന്തോഷങ്ങളും നിരാശകളും അസംബന്ധങ്ങളുമെല്ലാം ചേര്‍ന്നതാണ് വീട്ടിലെ അവരുടെ അവസാന നിമിഷങ്ങള്‍. ഇക്കാലമത്രയുമുള്ള ജീവിതത്തിന്റെ ഒരു ചെറു പതിപ്പാണത്. ഒരേസമയം കാമിക്കുകയും വെറുക്കുകയും ചെയ്യുന്ന, വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്ന, സ്വന്തം വാക്കുകളിലെ സത്യവും നുണയും സ്വയം വേര്‍തിരിക്കാനാകാത്ത വിചിത്ര ബന്ധമാണ് അവരുടേത്. 

സിനിമയുടെ പ്രത്യേക ഘടനയും ആഖ്യാനത്തിന്റെ താളവും പ്രേക്ഷകനില്‍നിന്ന് കൂടുതല്‍ ക്ഷമയും ആസ്വാദനപരമായ ഇടപെടലും ആവശ്യപ്പെടുന്നുണ്ട്. പ്രണയവും ലൈംഗികതയും സ്നേഹവും വെറുപ്പുമെല്ലാം ഇടകലരുന്ന സ്ത്രീപുരുഷ ബന്ധത്തിന്റെ അര്‍ഥം തേടുന്ന പ്രതീകാത്മക ചിത്രീകരണമായി ദ ബെഡ് എന്ന ചിത്രത്തെ കാണാം. ജോര്‍ജ് ആയി അലേജോ മാന്‍ഗോയും മേബല്‍ ആയി സാന്‍ഡ്ര സന്‍ഡ്രൈനും കാഴ്ചവെച്ചിരിക്കുന്ന ഗംഭീര പ്രകടനവും എടുത്തുപറയേണ്ടതാണ്.

Content Highlights : IFFK 2018 The Bed Movie Review