തന്റെ കുടുംബം തകര്‍ത്തയാളെ വകവരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ആ വൃദ്ധന്‍ നിറതോക്കുമായി തന്റെ മോട്ടോര്‍സൈക്കിളില്‍ പുറപ്പെടുന്നത്. എന്നാല്‍, പോകുംവഴി അയാളുടെ വാഹനം ഒരു യുവതിയെ ഇടിക്കുന്നു. ബോധരഹിതയായ യുവതിയെ വൃദ്ധന്‍ വീട്ടിലേക്ക് കൊണ്ടുവന്ന് പരിചരിക്കുന്നു. അതോടെ ഏകാകിയായ അയാളുടെ ജീവിതം തന്നെ മറ്റൊന്നായി മാറുന്നു.

ടെമില്‍ബെക് ബിര്‍നാസരോവ് സംവിധാനം ചെയ്ത കിര്‍ഗിഷ് ചിത്രമാണ് 'നൈറ്റ് ആക്സിഡന്റ്'. ഏകാകിയായ വൃദ്ധനും നിഗൂഡതകള്‍ നിറഞ്ഞ യുവതിയും തമ്മില്‍ ഉടലെടുക്കുന്ന ബന്ധത്തിന്റെയും അതിന്റെ പര്യവസാനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ തമ്മില്‍ 'കൂട്ടിമുട്ടുന്നി'ടത്തുനിന്ന് ചിത്രം അതിന്റെ യഥാര്‍ത്ഥ ഭ്രമണപഥത്തിലെത്തുന്നു.

അധികം സംഭാഷണങ്ങളില്ലാത്ത ചിത്രത്തില്‍ വൃദ്ധനായെത്തുന്ന അകില്‍ബെക്കും യുവതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഡിന ജേക്കബും അഭിനയസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഭാവങ്ങള്‍ കൊണ്ടും ശരീരഭാഷകൊണ്ടും ഇരുവരും വൃദ്ധന്റെയും യുവതിയുടെയും മനോവ്യാപരങ്ങള്‍ എളുപ്പത്തില്‍ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നു.

തടാകതീരത്തുള്ള കിര്‍ഗിഷ് ഗ്രാമഭംഗി ചിത്രത്തില്‍ അതിമനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. വൃദ്ധന്റെ വീടിനോട് തൊട്ടുചേര്‍ന്നുള്ള ചക്രവാളത്തോളം വിശാലമായ തടാകവും അതിനുചുറ്റുമുള്ള പ്രകൃതിയുമൊക്കെ കഥാഗതിയില്‍ സ്വാഭാവികമായി വിളക്കിച്ചേര്‍ത്തിട്ടുണ്ട് സംവിധായകന്‍. അല്ലെങ്കില്‍, കഥപറച്ചിലില്‍ അവയെല്ലാം അത്യാവശ്യ ഘടകങ്ങളാണെന്ന് പറയാം.

തടാകത്തിലെ ജലത്തിന്റേതെന്നപോലെ പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ ഒഴുക്ക്. അതിലെ വേലിയേറ്റങ്ങളും ഇറക്കങ്ങളും പോലെ ചില സംഭവങ്ങള്‍ ചിത്രത്തിന്റെ ഗതിവിഗതിളെയും നിര്‍ണയിക്കുന്നു. പുറമേ കാണുന്ന കഥയ്ക്കപ്പുറം ഗഹനമായ ചിന്തകളും ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. 

മുറിവേറ്റ യുവതിയെ ശുശ്രൂഷിക്കുന്ന വൃദ്ധന്‍ അവളെ മാത്രമല്ല തന്നെത്തന്നെയും സുഖപ്പെടുത്തുകയാണ്. ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ശൂന്യത നിറഞ്ഞ അയാളുടെ ജീവിതത്തില്‍ പ്രകാശം നിറയ്ക്കുന്ന ഒരു ജലകന്യകയായി മാറുന്നു അവള്‍. താനൊരു ഘാതകനായിത്തീരാതിരുന്നത് അവള്‍ മൂലമാണെന്ന് ഒരവസരത്തില്‍ വൃദ്ധന്‍ അവളോട് പറയുന്നുണ്ട്. ഒടുവില്‍ അയാളുടെ സ്വപ്നത്തിലേക്ക് നീന്തിക്കയറാനും അവള്‍ കാരണമായിത്തീരുന്നു.

Content Highlights : IFFK 2018 Night Accident Movie Review