കേവല മനുഷ്യസ്നേഹം എന്നൊന്നുണ്ടോ? അപരിചിതനോടുള്ള നിരുപാധികമായ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മൂല്യം എന്ത് അളവുകോല്‍ കൊണ്ടാണ് അളക്കുക? ആര്‍ക്കൊക്കെ വീട്ടിത്തീര്‍ക്കാനുള്ള കടമാണ് ഒരു മനുഷ്യന്റെ ജീവിതം? ഇരുപത്തി മൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലെ ആദ്യ ചിത്രമായ 'ഡബ്റ്റ്' പ്രേക്ഷകരില്‍ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
അടുത്ത വീട്ടില്‍ താമസിക്കുന്ന പ്രായമായ സ്ത്രീ മരണാസന്നയായി വാതിലില്‍ മുട്ടുമ്പോള്‍ തൂഫാന് എന്ന മനുഷ്യന് കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക, അവരുടെ ജീവന് രക്ഷിക്കുക- അത്രമാത്രം. എന്നാല്‍, ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് കാട്ടുന്ന നിരുപാധികമായ കാരുണ്യം എപ്പോഴും അര്‍ഹമായ രീതിയില്‍ വിലമതിക്കപ്പെടണമെന്നില്ല. സ്നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങി മനുഷ്യനു മാത്രം സാധ്യമാകുന്ന വികാരങ്ങളുടെ അര്‍ഥമാനങ്ങള്‍ തേടുന്ന ലളിതമായൊരു ചിത്രമാണ് സ്ത്രീ സംവിധായികയായ വുസ്ലാറ്റ് സരാകോഗ്ലുവിന്റെ തുര്‍ക്കി ചിത്രം ഡബ്റ്റ്.
ഒരു ചെറുകിട പ്രിന്റിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തൂഫാന്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. മനുഷ്യനുണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ നന്മയില് വിശ്വസിക്കുന്ന, ഒരു കുട്ടിയുടെ മനസ്സ് സൂക്ഷിക്കുന്ന തൂഫാന് അന്യന്റെ വേദനകളെ സ്വന്തം വേദനയായി തിരിച്ചറിയുന്ന ആര്‍ദ്രതയുള്ള മനസ്സുണ്ട്. അയാളുടെ ഭാര്യ മുകദാസും സമാന മനസ്സുള്ളവളാണ്. വഴിയില്‍ പരിക്കേറ്റു വീണ കാക്കയെ വീട്ടില്‍ കൊണ്ടുവന്ന് പരിചരിക്കുന്ന തൂഫാന്റെയും ഭാര്യയുടെയും മകളുടെയും ദൃശ്യങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.
മക്കളാരും സഹായത്തിനില്ലാത്ത, അടുത്ത വീട്ടിലെ ഹുറിയേ എന്ന സ്ത്രീയെ ആശുപത്രിയിലെത്തിക്കുന്നതും അവരെ ഒറ്റയ്ക്കു താമസിപ്പിക്കരുതെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം അവരെ സ്വന്തം വീട്ടിലേക്കു കൊണ്ടുവന്ന് പരിചരിക്കുന്നതും തൂഫാന്റെ മനസ്സിലെ ആഴമേറിയ കാരുണ്യം മൂലമാണ്. അമ്മ മരണാസന്നയാണെന്നറിഞ്ഞിട്ടും, തൂഫാന് ഏറെത്തവണ പറഞ്ഞിട്ടും അമ്മയെ കാണുകയോ കൂട്ടിക്കൊണ്ടപോകുകയോ ചെയ്യാത്ത ആ സ്ത്രീയുടെ മകള്‍ എന്തുതരം മനുഷ്യനാണെന്ന് തൂഫാന് അത്ഭുതപ്പെടുന്നുണ്ട്. എന്നാല്‍ ആയാള്‍ക്ക് അങ്ങനെ പെരുമാറാനാവില്ല. അതുകൊണ്ടാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന അയാള്‍ അവരെ ശുശ്രൂഷിക്കുന്നത്. അനിഷ്ടത്തിന്റെ കണിക പോലും കാട്ടാതെ അവരെ പരിചരിക്കാന്‍ തൂഫാന്റെ ഭാര്യയും തയ്യാറാകുന്നു.
എന്നാല്‍, അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയാണ് തൂഫാന് അഭിമുഖീകരിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ശമ്പളം കിട്ടിയിട്ട് മാസങ്ങളായി. പ്രയാസങ്ങള്‍ക്കു നടുവിലും ജീവിതത്തെ പ്രസാദാത്മകമായി കാണാനുള്ള മനസ്സാണ് അയാളെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. മകള്‍ നിഷ്കരുണം കൈയ്യൊഴിഞ്ഞിട്ടും അത് അപരിചിതയായ ആ സ്ത്രീയോടുള്ള കടമയായി അയാള്‍ തിരിച്ചറിയുന്നതും അയാളുടെ മനസ്സിലെ ഉറവ വറ്റാത്ത നന്മ മൂലമാണ്. സ്ത്രീയ്ക്ക് മരുന്നിനും ഓക്സിജനുമുള്ള തുക തന്നെ അയാള്‍ ഏറെ കഷ്ടപ്പെട്ടാണ് കണ്ടെത്തുന്നത്. ഒരിക്കലും തന്റെ പ്രയാസങ്ങള്‍ ഹുറിയേ അറിയരുതെന്നും അവര്‍ മൂലം തങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ഹുറിയേയ്ക്ക് വേദനയുണ്ടാക്കരുതെന്നും തൂഫാന് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഉണ്ടായിരുന്ന ജോലി കൂടി നഷ്ടപ്പെടുന്ന ഘട്ടം എത്തിയതോടെ അയാള്‍ പരിക്ഷീണനാവുകയാണ്.
ഹുറിയേയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ മറ്റു വഴിയില്ലാത്ത ഘട്ടത്തിലാണ് അവരുടെ ഈ മാസത്തെ പെന്ഷന് പണത്തെക്കുറിച്ച് അവരോട് ചോദിക്കാന്‍ അയാള്‍ തീരുമാനിക്കുന്നത്. എന്നാല്‍ താന്‍ ചെയ്ത പ്രവൃത്തികളൊന്നും വിലമതിക്കപ്പെടാതെ പോകുന്നത് അയാള്‍ ഞെട്ടലോടെയാണ് തിരിച്ചറിയുന്നത്. കരുണയുടെയും സ്നേഹത്തിന്റെയും മൂല്യം അളക്കേണ്ടിവരുന്ന, തീവ്രവേദനയുണര്ത്തുന്ന തിരിച്ചറിവുകളാവുകയാണ് അയാള്‍ക്കത്.
തുര്‍ക്കിയിലെ മധ്യവര്‍ഗ ജീവിതം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലം ചിത്രത്തിനുണ്ട്. തൂഫാന്റെയും കുടുംബത്തിന്റെയും ജീവിതം തുര്‍ക്കി ജനത നേരിടുന്ന ഈ പ്രതിസന്ധികളുടെ പരിച്ഛേദമായി കാണാവുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍പ്പോലും ഏറ്റവും കാരുണ്യവാനായ മനുഷ്യന് തന്റെ നിശ്ചയങ്ങളില്‍ ഉറച്ച് ഏതറ്റംവരെ പോകാനാകും എന്ന ചോദ്യമാണ് ചിത്രം ഉന്നയിക്കുന്നത്.
സംഭവബഹുലമല്ലാത്ത, എന്നാല്‍ ചടുലതയോടെ നീങ്ങുന്ന, അതിവൈകാരികതകള്‍ ഒട്ടുമില്ലാത്ത റിയലിസ്റ്റിക് ആഖ്യാനമാണ് ചിത്രത്തിന്റേത്. മനുഷ്യ നന്മയെ ഒരിക്കലും അതിഭാവുകത്വത്തോടെ സമീപിക്കാനോ അതിനെ പ്രകീര്‍ത്തിക്കാനോ ഒരിക്കലും സംവിധായിക ശ്രമിക്കുന്നില്ല. ലളിതമായ പ്രമേയത്തെ അതേ ലാളിത്യത്തോടെയും, എന്നാല്‍ സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യാന്‍ തിരിക്കഥാകൃത്ത് കൂടിയായ സംവിധായികയ്ക്ക് സാധിച്ചിട്ടുണ്ട്. തൂഫാനെ അവതരിപ്പിച്ച സെര്‍ദാര്‍ ഓര്സിന് എന്ന നടന്റെ സ്വാഭാവികവും അയത്നവുമായ അഭിനയ ശൈലി ചിത്രത്തിന് സവിശേഷമായ ഒരു മൂഡ് നല്‍കുന്നുണ്ട്. ഇസ്താംബുള്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഡെബ്റ്റിനായിരുന്നു.
Content Highlights : IFFK 2018 debt film review, iffk 2018 movie reviews, debt film review, 2018 movies