''നീ ഒരാളെ കൊലപ്പെടുത്തിയെന്ന് റാമോണ്‍ പറഞ്ഞല്ലോ?''
''അയാള്‍ തനിയെ മരിക്കുകയായിരുന്നു.''
''മരിക്കാനായി നീ അയാളെ വെടിവെച്ച് സഹായിച്ചുവല്ലേ..''
''അതെ.''
''അപ്പോള്‍ ഞാന്‍ കേട്ടത് ശരിയാണ്.''

എല്‍ ഏയ്ഞ്ചല്‍ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ കാര്‍ലിറ്റോസും പങ്കാളിയായ ഹൊസെ പെരാല്‍റ്റയും തമ്മിലുള്ള സംഭാഷണമാണിത്. കാര്‍ലിറ്റോസ് എന്ന കൗമാരക്കാരനായ സീരിയല്‍ കില്ലറുടെ മനോഭാവമെന്തെന്ന് ഈ വാക്കുകളില്‍ നിന്നുതന്നെ വ്യക്തം. 46 വര്‍ഷമായി ജയിലില്‍ കഴിയുന്ന കാര്‍ലോസ് റോബ്ലഡോ എന്ന സീരിയല്‍ കില്ലറുടെ കഥ അസാമാന്യമായ വഴക്കത്തോടെയാണ് ലൂയിസ് ഒര്‍ട്ടെഗ എന്ന സംവിധായകന്‍ സ്‌ക്രീനിലെത്തിക്കുന്നത്.

അര്‍ജന്റീനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുറ്റവാളിയായാണ് കാര്‍ലോസ് അറിയപ്പെടുന്നത്. 1972ല്‍ ഇരുപതാം വയസ്സില്‍ പിടിക്കപ്പെടുമ്പോഴേക്കും 11 കൊലപാതകങ്ങളും നാല്‍പതിലേറെ കവര്‍ച്ചകളും തന്റെ പേരിലാക്കിക്കഴിഞ്ഞിരുന്നു ഇയാള്‍. മാലാഖയുടെ രൂപവും ചെകുത്താന്റെ പ്രവൃത്തിയുമുള്ള കാര്‍ലിറ്റോസിനെ അന്ന് പത്രങ്ങള്‍ വിശേഷിപ്പിച്ചിരുന്നത് 'ദ ഡെത്ത് ഏയ്ഞ്ചല്‍', 'ദ ബ്ലാക്ക് ഏയ്ഞ്ചല്‍' എന്നിങ്ങനെയായിരുന്നു.

സ്ത്രൈണത കലര്‍ന്ന ഒരു മാലാഖയെ പോലെ സുന്ദരമായ രൂപമുള്ള കാര്‍ലോസിനോടുള്ള രൂപസാദൃശ്യത്തിനൊപ്പം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മനുഷ്യരെ കൊല്ലുന്ന കഥാപാത്രമായി ലോറെന്‍സോ ഫെറോ എന്ന കൗമാരക്കാരന്‍ സമാനതകളില്ലാത്ത പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഏതാണ്ട് മുഴുവന്‍ സമയവും സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന ഫെറോ കൊലപാതകവും കവര്‍ച്ചയും ഒരു കലാരൂപമെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്.

ബാറില്‍ വെച്ച് തന്റെ കൂട്ടാളിയും സുഹൃത്തുമായ റമോണുമായി അടിപിടിയുണ്ടക്കിയവരുടെ താമസസ്ഥലം തേടി കാര്‍ലിറ്റോസ് റാമോണിനൊപ്പം പോകുന്നുണ്ട്. വീടിനകത്ത് രണ്ടുപേര്‍ കിടന്നുറങ്ങുന്നത് കണ്ടമാത്രയില്‍ കാര്‍ലിറ്റോസ് രണ്ടുപേരെയും വകവരുത്തുകയാണ്. എന്നിട്ടാണയാള്‍, വെടിയൊച്ച കേട്ടെത്തിയ റാമോണിനോട് ഇവരാണോ നിന്നെ തല്ലിയതെന്ന് ചോദിക്കുന്നതുതന്നെ. താന്‍ വരുന്നതുവരെ കാക്കാമായിരുന്നില്ലേ എന്ന റാമോണിന്റെ ചോദ്യത്തിന് 'എനിക്ക് ഇതവരാണെന്ന് തോന്നി'യെന്ന അലക്ഷ്യമായ മറുപടിയാണയാള്‍ നല്‍കുന്നത്. മറ്റൊരിക്കല്‍ മോഷണത്തിനിടെ വലിച്ചുവാരി സാധനങ്ങള്‍ ബാഗില്‍ കുത്തിനിറയ്ക്കുന്ന റാമോണിനോട് 'പതുക്കെ ആസ്വദിച്ച് ചെയ്യൂ' എന്ന നിര്‍ദേശവും കാര്‍ലിറ്റോസില്‍ നിന്നുണ്ടാകുന്നുണ്ട്.

ചെറുപ്പം മുതല്‍ കുറ്റവാസനയുള്ള കുട്ടിയായിരുന്നു കാര്‍ലിറ്റോസ്. ഇതവനെ കൗമാരമാവുമ്പോഴേക്കും സ്വഭാവവൈകല്യമുള്ളവര്‍ക്കായുള്ള റീഫോം സ്‌കൂളിലെത്തിക്കുന്നു. അവിടെ റാമോണിനെ കാണുന്ന കാര്‍ലിറ്റോസ് ഒരു കാന്തിക ശക്തിയാലെന്നവണ്ണം റാമോണിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. തന്റേതായ വഴികളിലൂടെ റാമോണിന്റെ സൗഹൃദം നേടിയെടുക്കുന്ന കാര്‍ലിറ്റോസ് പിന്നീട് റാമോണിനും പിതാവ് ഹൊസെയ്ക്കുമൊപ്പം ചേരുന്നു. ഇതോടെ ചെറുമോഷണങ്ങളില്‍നിന്ന് കാര്‍ലിറ്റോസ് വന്‍കുറ്റകൃത്യങ്ങളിലേക്ക് എടുത്തുചാടുകയാണ്.

ആയുധം കൂടി കയ്യിലെത്തിയതോടെ കാര്‍ലിറ്റോസിന്റെ കുറ്റവാസന അടുത്ത തലത്തിലേയ്ക്ക് കടക്കുന്നു. ആദ്യകൊലപാതകം കവര്‍ച്ചാശ്രമത്തിനിടെ അബദ്ധത്തില്‍ സംഭവിക്കുന്നതാണെങ്കിലും പിന്നീടത് അയാള്‍ക്കൊരു ശീലമാകുന്നു.

ചിത്രത്തിലുടനീളം അലസചിത്തനായ ഒരു കൗമാരക്കാരന്റെ മനോഭാവമാണ് കാര്‍ലിറ്റോസ് പ്രദര്‍ശിപ്പിക്കുന്നത്. അയാള്‍ വികാരത്തിനടിപ്പെടുന്ന രംഗങ്ങള്‍ കണ്ടെത്താന്‍ സൂക്ഷ്മമായ നിരീക്ഷണം തന്നെ വേണ്ടിവരും.  കാര്‍ലിറ്റോസ് ദേഷ്യപ്പെടുന്നതോ പൊട്ടിക്കരയുന്നതോ ആയ രംഗങ്ങളൊന്നുംതന്നെ ചിത്രത്തിലില്ല. പിടിക്കപ്പെടുമ്പോള്‍ ലോകത്തെ ഞെട്ടിച്ച തന്റെ ക്രൂരകൃത്യങ്ങളെ കുറിച്ച് പോലീസ് മേധാവിയോട് വിവരിക്കുന്നത് പോലും അത്രമാത്രം ലാഘവത്തോടെയാണ്. അതിനിടെ, കാര്‍ലിറ്റോസിലെ സ്വര്‍വഗലൈംഗികതയിലേക്കും ചിത്രം വിരല്‍ചൂണ്ടുന്നുണ്ട്.

സുഘടിതമായ തിരക്കഥയിലൂടെ രണ്ട് മണിക്കൂര്‍ കൊണ്ട് കാര്‍ലിറ്റോസ് എന്ന പരമ്പര കൊലയാളിയുടെ ജീവിതവും മനോനിലയുമെല്ലാം വരച്ചുകാട്ടാന്‍ ഒര്‍ട്ടെഗയ്ക്കായിട്ടുണ്ട്. ഉജ്ജ്വലമായ സംഭാഷണങ്ങളും മികവുറ്റ ഇന്‍ഡോര്‍ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതളാണ്.

Content Highlights: El Angel Movie Review IFFK 2018 Competition Films