സിനിമയുടെ നടപ്പുകാഴ്ചാശീലങ്ങളെ നിരാകരിക്കുകയും തന്റെ രീതികളിലേക്ക് കാഴ്ചക്കാരെ പരുവപ്പെടുത്തിയെടുക്കുകയും അതേസമയം അതു ജനകീയമാക്കുകയും ചെയ്ത അസാധാരണ ചലച്ചിത്രകാരനാണ് ലിജോ ജോസ് പെല്ലിശേരി. 'അങ്കമാലി ഡയറീസ്' കൂടി പുറത്തിറങ്ങിയതോടെ ആ ചലച്ചിത്രശൈലി പുതുതലമുറയ്ക്കിടയില്‍ ഏതാണ്ട് കള്‍ട്ട് പരിവേഷം നേടുകയും ചെയ്തിരുന്നു. ആ ലിജോയുടെ മാസ്റ്റര്‍പീസ് എന്നു തന്നെ വിശേഷിപ്പിക്കേണ്ട സിനിമയാണ് ഈ.മ.യൗ. സിനിമയ്ക്കു മാത്രം പങ്കുവയ്ക്കാന്‍ കഴിയുന്ന ദൃശ്യഭാഷയെ തനിക്കുമാത്രം അറിയാവുന്ന മാന്ത്രികആഖ്യാനം കൊണ്ടു ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ അസാധാരണ ദൃശ്യാനുഭവം. പി.എഫ്. മാത്യൂസിന്റെ ശക്തമായ രചനയ്ക്ക് അതിലും ശക്തമായ സിനിമാരൂപം. ലിജോയെ പോയവര്‍ഷത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്തുകൊണ്ടെന്നു സാക്ഷ്യപ്പെടുത്തുന്നുമുണ്ട് ഈ.മ.യൗ.

മരണമാണ് സിനിമയുടെ വിഷയം. മരണം എത്രമേല്‍ തീവ്രമാണോ അതിലും തീവ്രമായ ചലച്ചിത്രാനുഭവം. കച്ചവടസിനിമയുടേയും കലാസിനിമയുടെയും അതിര്‍വരമ്പുകള്‍ ഏറെക്കുറെ മാഞ്ഞുതുടങ്ങിയ കാലത്തിന് ടെക്സ്റ്റ്ബുക്ക് പോലെ സൂക്ഷിച്ചുവയ്ക്കാന്‍ പോന്ന ചലച്ചിത്രപാഠം കൂടിയാണ് ഈ.മ.യൗ. തന്റെ തന്നെ മുന്‍സിനിമകളുടെ പാറ്റേണില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമായ, ഒരു രംഗത്തില്‍ പോലും സ്വയം ആവര്‍ത്തിക്കാത്ത കാഴ്ചകളുള്ള സംവിധായകന്റെ പൂര്‍ണസ്പര്‍ശമുള്ള സിനിമ. ഒരേസമയം റിയലും സര്‍റിയലുമായ അനുഭവം. ദു:സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും മധ്യേയുള്ള ഒരു പാതിസ്വപ്നത്തിന്റെ സിനിമാറ്റിക് രൂപം.  

മരണം പൂര്‍ണപ്രമേയമാക്കിയ സിനിമകള്‍ മലയാളത്തില്‍ നന്നേ കുറവാണ്. ഡോണ്‍ പാലത്രയുടെ സിനിമ 'ശവം' ഏതാനും നാളുകള്‍ക്കു മുമ്പ് പുറത്തിറങ്ങിയിരുന്നെങ്കിലും തിയറ്ററുകളിലെത്തിയിരുന്നില്ല. ലിജോയുടെ സിനിമ പൂര്‍ണപ്രമേയം മരണമാണ്. ചെല്ലാനം കടപ്പുറമാണ് പശ്ചാത്തലം. ലത്തീന്‍ കത്തോലിക്കാ സമുദായക്കാരനായ വാവച്ചന്‍ എന്ന സാധാരണക്കാരനായ മനുഷ്യന്റെ മരണവും അതിന്റെ സംസ്‌കാരവുമാണ് സിനിമയുടെ പൂര്‍ണപ്രമേയം. മരണരാത്രിയും, സംസ്‌കാരത്തിനു നിശ്ചയിച്ചിരിക്കുന്ന പിറ്റേന്നു പകലും മാത്രമാണ് ആഖ്യാനസമയം. പക്ഷേ ഈ സമയത്തിനുള്ളില്‍ ഒരു മരണവീട്ടില്‍ ചെന്നപോലെ നമ്മളെ ഒരേസമയം അസ്വസ്ഥതപ്പെടുത്തുകയും ആകംക്ഷയുള്ളവരാക്കുകയും ചെയ്യുന്നുണ്ട് ലിജോയും കൂട്ടരും. 

മരണം തീവ്രമായ അനുഭവമാണെങ്കിലും സ്വന്തം കുടുംബത്തിനുള്ളില്‍ സംഭവിക്കുമ്പോഴാണ് അതിലെ തീവ്രത ഓരോരുത്തരും അനുഭവിച്ചറിയുന്നതെന്നു തോന്നുന്നു. അപ്പോള്‍മാത്രമാകും നമ്മള്‍ പരിഹാസത്തോടെ കാണുന്ന കാര്യങ്ങള്‍ പലതും യാഥാര്‍ഥ്യമായിരുന്നുവെന്നും നമ്മളില്‍ തന്നെയുള്ളതായിരുന്നുവെന്നും തിരിച്ചറിയുന്നത്. പി.എഫ്. മാത്യൂസിന്റെ രചന സൃഷ്ടിക്കുന്ന പ്രപഞ്ചവും ഇതാണ്. ഒരേസമയം മരണത്തെ കൗതുകത്തോടെയും വൈകാരികതയോടെയും നോക്കികാണുന്ന രീതി. അതുകൊണ്ടുതന്നെ അതില്‍ തമാശവും സ്വയം പരിഹാസവും ആവശ്യംപോലെ കലര്‍ന്നിട്ടുണ്ട്. വാവച്ചന്‍ എന്ന കഥാപാത്രത്തിന്റെ മുന്‍ജീവിതത്തെപ്പറ്റിയുള്ള ചില സൂചനകള്‍ മാത്രമേ സിനിമ പങ്കുവയ്ക്കുന്നുള്ളു. പക്ഷേ ആ ജീവിതത്തിന്റെ  കൗതുകങ്ങള്‍ സിനിമയിലുടനീളം ചെറിയ പൊട്ടുകളായി ചിതറിക്കിടക്കുന്നുമുണ്ട്. സിനിമയുടെ നേരിട്ടുള്ള റിയലിസ്റ്റിക് ആഖ്യാനത്തിനു സമാന്തരമായുള്ള മിസ്റ്റിക് സ്വഭാവത്തിലേക്കു നയിക്കുന്നത് ഈ സൂചനകളാണ്.
 
നാടകങ്ങളിലൂടെ ശ്രദ്ധേയനായ കൈനകരി തങ്കരാജ് അവതരിപ്പിക്കുന്ന വാവച്ചന്‍ മകന്‍ ഈശി(ചെമ്പന്‍ വിനോദ് ജോസ്)യോടു തന്റെ മരണത്തെക്കുറിച്ചു പറയുന്നതിനിടയില്‍ അപ്രതീക്ഷിതമായി മരണം കടന്നുവരുന്നിടത്താണ് ഈ.മ.യൗ. മരണത്തിന്റെ അസംബന്ധനാടകത്തിലേക്കു സ്റ്റേജ് മാറ്റുന്നത്. പിന്നീടു ചുറ്റുംസംഭവിക്കുന്ന കാര്യങ്ങള്‍ അസാധാരണമായ ദൃശ്യ-അനുഭവപ്രപഞ്ചം സൃഷ്ടിക്കുന്നു. മരണത്തില്‍പോലും പ്രതികാരം കണ്ടെത്തുന്ന പരിചയക്കാരന്‍ മുതല്‍ ഡിറ്റക്ടീവ് ആകാന്‍ ശ്രമിക്കുന്ന പാതിരിവരെ നിരവധി കഥാപാത്രങ്ങള്‍ രണ്ടുമണിക്കൂറില്‍ താഴെയുള്ള സിനിമയില്‍ വന്നുപോകുന്നുണ്ട്. തൊട്ടുമുമ്പുവരെ ഒപ്പമുണ്ടായിരുന്നയാളുടെ മരണത്തോട് ഓരോ മനുഷ്യനും പ്രതികരിക്കുന്നതും സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം കോര്‍ത്തിണക്കിയ രചനാമികവ് എടുത്തുപറയേണ്ടതാണ്. 

പതിഞ്ഞതാളത്തില്‍ തുടങ്ങി രണ്ടാംപകുതിയില്‍ ഏറെക്കുറെ സംഭ്രമജനകമായ അന്തരീക്ഷത്തിലേക്കു നയിക്കുന്ന തരത്തിലാണ് അവതരണം. അങ്കമാലിയിലേതു പോലെ റിയലിസത്തിലൂന്നിയാണ് ലിജോ നില്‍ക്കുന്നത്. പക്ഷേ സിനിമ പുരോഗമിക്കുന്തോറും അതിന്റെ സ്വപ്നാടനം പോലുള്ള പാത തെളിഞ്ഞുംവരും. 

ഷൈജു ഖാലിദിന്റെ ഏറ്റവും മികച്ച ഛായാഗ്രഹണങ്ങളിലൊന്ന് എന്നുതന്നെ പറയണം ഈ.മ.യൗവിനെ. മരണവീടിനുള്ളിലും പന്തലിനുള്ളിലും നമ്മെക്കൊണ്ടിരുത്തുന്ന രീതിയിലാണ്, അല്ലെങ്കില്‍ ചെല്ലാനം കടപ്പുറത്തെ വാവച്ചന്റെ വീട്ടിലെത്തിയതരത്തിലാണ് ഷൈജുവിന്റെ ദൃശ്യങ്ങള്‍. രണ്ടാംപകുതിയിലെ മഴകൂടിയെത്തുമ്പോള്‍ ആ കാഴ്ചയ്ക്കു മിഴിവും മികവും കൂടുന്നു. പൊതുവേ മ്യൂസിക്കല്‍ എന്ന നിലയില്‍ കൂടിയാണ് ലിജോയുടെ ആഖ്യാനം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ലിജോ സിനിമയുടെ പതിവുസംഗീതകാരനായ പ്രശാന്ത്പിള്ള ഇക്കുറിയുമുണ്ടെങ്കിലും  പശ്ചാത്തലസംഗീതം മിനിമല്‍ ആണ്. സന്ദര്‍ഭം കൊണ്ട് അവതാളമാകുന്ന ബാന്‍ഡ് മേളമാണ് അപൂര്‍വമായി ഉപയോഗിച്ച പശ്ചാത്തലസംഗീതം. 

കാസ്റ്റിങ്ങിനെക്കുറിച്ച് എടുത്തുപറയണം. കുറച്ചുരംഗങ്ങളിലേയുള്ളുവെങ്കിലും സ്വഭാവിക അഭിനയത്തിന്റെ പുതിയ ശീലങ്ങള്‍ സമ്മാനിച്ചാണ് കൈനകരി തങ്കരാജ് തിളങ്ങിയത്. ചെമ്പന്‍ വിനോദ് ജോസിന്റെ കരിയറിലെ മികച്ച വേഷമാണ് ഈസി. ആര്‍ത്തലച്ചുപെയ്യുന്ന മഴയില്‍ അതിലുമേറെ പെയ്തു നിറയുന്നുണ്ട് ചെമ്പന്‍. അയ്യപ്പന്‍ എന്ന പഞ്ചായത്ത് മെമ്പറായി എത്തിയ വിനായകന്‍ ഒരിക്കല്‍കൂടി വിസ്മയിപ്പിച്ചു. നിസഹായതയും കോപവും കാര്യക്ഷമതയും ഒക്കെകലര്‍ന്ന അയ്യപ്പന്റെ സൂക്ഷ്മവും പ്രകടനപരവുമായ അഭിനയത്തിലൂടെ വിനായകന്‍ മികച്ചതാക്കി. വാവച്ചന്റെ ഭാര്യയായെത്തിയ പോളി വില്‍സണ് ഈ.മ.യൗവിലെ കഥാപാത്രമാണ് സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം സമ്മാനിച്ചത്. രക്ഷാധികാരി ബൈജുവിലെ കൃഷ്ണ, ആര്യ എന്നിവരും മികച്ചുനിന്നു.

സാമ്പ്രദായിക വിനോദവാണിജ്യസിനിമയുടെ കെട്ടിലുളളതല്ല ലിജോയുടെ ഒരു സിനിമയും. ഈ.മ.യൗവിലേയ്ക്കെത്തുമ്പോള്‍ ആ ശൈലി ഒന്നുകൂടി കടഞ്ഞെടുക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മുന്‍വിധികളില്ലാതെ സമീപിച്ചാല്‍, അടുത്തകാലത്തെ ഏറ്റവും മികച്ച ദൃശ്യാനുഭവം ഈ. മാ. യൗ സമ്മാനിക്കും. 

Content Highlights : ee ma yau movie review, Lijo jose Aashiq Abu Shyju Khalid P.F Mathews, ee ma yau review, Lijo Jose Pellisery, iffk 2018 movies