സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണവും അതിക്രമങ്ങളും പല സമൂഹങ്ങളും നേരിടുന്ന വലിയ പ്രതിസന്ധിയാണ്. പുരുഷാധിപത്യ സാമൂഹ്യക്രമത്തിന്റെ അധികാര പ്രയോഗങ്ങളുടെ ഇരകളായി, കര്തൃത്വമില്ലാത്തവരായി ജീവിക്കേണ്ടിവരുന്ന സ്ത്രീകള്‍ ഇക്കാലത്ത് സാഹിത്യത്തിലും സിനിമയിലും കടന്നുവരുന്നുണ്ട്. സ്ത്രീയുടെ അതിജീവനവും പ്രതിരോധവുമെല്ലാം പൊതു മണ്ഡലത്തിലേയ്ക്ക് കൊണ്ടുവരാനുള്ള അത്തരം ശ്രമങ്ങള്‍ക്ക് തീര്‍ച്ചയായും വലിയ പ്രസക്തിയാണുള്ളത്. ഭൂട്ടാനിലെ ചലച്ചിത്രകാരനായ താഹി ഗെല്‍ഷന്‍ സംവിധാനം ചെയ്ത 'ദ റെഡ് ഫാലസ്' എന്ന ചിത്രം മേല്പറഞ്ഞ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം ഫിപ്രസി പുരസ്കാരം നേടിയിരുന്നു.
ഭൂട്ടാന്റെ സാംസ്കാരികവും വിശ്വാസപരമായ ഘടകങ്ങളെ ചേര്‍ത്തുവെച്ചുകൊണ്ട് ആണിന്റെ അധികാര മേല്ക്കോയ്മയ്ക്കിരയാകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമ ആവിഷ്കരിക്കുന്നത്. പുരുഷാധിപത്യ സാമൂഹ്യക്രമം, ലൈംഗിക ചൂഷണം, സ്ത്രീപുരുഷ ബന്ധം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നു. കൂടാതെ സാമുദായികവും സാമ്പത്തികവുമായ ശ്രേണീബന്ധങ്ങളില് ഞെരുങ്ങുന്ന ഭൂട്ടാന്റെ സാമൂഹ്യസാഹചര്യവും ചിത്രം കാട്ടിത്തരുന്നു.
പിതാവ്, കാമുകന് എന്നിവരുമായുള്ള ഒരു കൗമാരക്കാരിയുടെ മാനസികവും ശാരീരികവുമായ ഏറ്റുമുട്ടലുകളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഒരു ഗ്രാമത്തില്‍ കൊത്തുപണികള്‍ ചെയ്ത് ജീവിക്കുന്ന പിതാവിനൊപ്പം കഴിയുന്ന സ്കൂള്‍ വിദ്യാര്‍ഥിനിയാണ് സംഗെ. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി മരത്തടിയില്‍ പുരുഷ ലിംഗങ്ങളുടെ മാതൃകകള്‍ നിര്‍മിക്കുന്ന ജോലിയാണ് പിതാവ് ചെയ്യുന്നത്. ഗ്രാമത്തിലെ ഇറച്ചിവെട്ടുകാരുടെ കുടുംബത്തില്‍പ്പെട്ട പാസയുമായി സാംഗെ പ്രണയത്തിലാണ്. പാസയാകട്ടെ വിവാഹിതനും സമൂഹത്തില്‍ അധഃസ്ഥിതനായി പരിഗണിക്കപ്പെടുന്നവനുമാണ്. പിതാവിനെ ഉപേക്ഷിച്ച് പാസയുമായി നാടുവിടാനാണ് സംഗെ ആഗ്രഹിക്കുന്നത്. എന്നാല്‍ അതത്ര എളുപ്പമല്ലെന്ന് അവള്‍ക്കറിയാം.
പിതാവിനു മുന്നിലും സ്കൂള്‍ പ്രിന്‍സിപ്പലിനു മുന്നിലും കാമുകന്റെ മുന്നിലുമെല്ലാം നിസ്സംഗയും ദുര്ബലയുമായാണ് സാംഗെ നില്‍ക്കുന്നത്. ഒരിക്കലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ അവള്‍ക്കു സാധിക്കുന്നില്ല. കാമുകന്റെ മുന്നില്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോഴാകട്ടെ അവള് നിഷ്കരുണം അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു. സ്വന്തം കര്തൃത്വും ഒരിക്കലും വെളിവാക്കാനോ സ്ഥാപിക്കാനോ ആകാത്ത സാംഗെയുടെ നിസ്സഹായതയാണ് സിനിമയുടെ ആദ്യഘട്ടത്തില്‍ സംവിധായകന് കാട്ടിത്തരുന്നത്.
പിതാവുമായി സംഗയ്ക്കുള്ളത് പ്രത്യേകതരം ബന്ധമാണ്. അവര്‍ക്കിടയില്‍ പലതും തിരയടിക്കുന്നുണ്ടെന്ന് ചിത്രം പറയാതെ പറയുന്നുണ്ട്. പിതാവില്‍നിന്ന് അവള് ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നതിന് സൂചനകള്‍ മാത്രം സിനിമ നല്കുന്നു. കാമുകനായ പാസയാകട്ടെ അവളിലെ സ്ത്രീയെ അംഗീകരിക്കാത്ത ആളാണ്. അവളെ ലൈംഗികമായും മാനസികമായും അയാള്‍ ചൂഷണം ചെയ്യുന്നു. നിശ്ശബ്ദയും നിസ്സംഗയുമായ സംഗെ, സിനിമയുടെ അവസാനത്തോടെ ശക്തമായി പ്രതികരിക്കുന്ന നിലയിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. താന്‍ അനുഭവിക്കുന്ന ജീവിതം തന്റേതല്ലെന്ന് തിരിച്ചറിയുന്ന ഒരാളുടെ സ്വാഭാവികമായ പരിണതിയാണത്. കായികമായി തന്നെ നിരന്തരം കീഴടക്കുന്ന പാസെയോട് ശക്തമായി തിരിച്ചടിച്ചുകൊണ്ട് അവള് സ്വന്തം അസ്തിത്വം സ്ഥാപിക്കുന്നു.
ഉദ്ധരിച്ച പുരുഷ ലിംഗങ്ങളുടെ മാതൃകയിലുള്ള ശില്പങ്ങള് സിനിമയില്‍ നിരന്തരം കടന്നുവരുന്ന ഒരു ബിംബമാണ്. സാംഗെയെ പിന്തുടരുന്ന ചട്ടയും മുഖംമൂടിയും ധരിച്ച രൂപങ്ങള്‍ അവളുടെ മാനസിക സംഘര്‍ഷങ്ങളുടെ പ്രതീകാത്മകമായ ആവിഷ്കാരമാണ്. ഭൂട്ടാന്റെ പ്രത്യേകതയാര്‍ന്ന ഭൂഭാഗ ദൃശ്യങ്ങളും സംഗീതവും വിശ്വാസങ്ങളും അചാരവുമെല്ലാം സിനിമയുടെ പ്രമേയവുമായി സമന്വയിപ്പിച്ച് സവിശേഷ അനുഭവം സൃഷ്ടിക്കുകയാണ് സംവിധായകന് താഹി ഗെല്‍ഷന്‍. നിരന്തരം ലൈംഗിക ചൂഷണങ്ങള്‍ക്കിരയാവുകയും എന്നാല്‍ സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ ശബ്ദമുയര്‍ത്താന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ നിസ്സഹായതയാണ് ചിത്രം പ്രേക്ഷകരിലേയ്ക്കു പകരുന്ന പ്രധാന കാഴ്ചാനുഭവമെന്ന് ചുരിക്കി പറയാം. ലോകമെമ്പാടും സ്ത്രീകള്‍ നേരിടുന്ന യാഥാര്‍ഥ്യങ്ങളുടെ ശക്തമായ ആവിഷ്കരണമായി ദ റെഡ് ഫാലസ് മാറുന്നത് അതുകൊണ്ടുതന്നെയാണ്.
Content Highlights : 23rd IFFK 2018 The Red Phallus Movie Review