മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും കൊച്ചിയുടെ പരിസരപ്രദേശങ്ങളും മലയാളത്തിലെ ന്യൂജെന്‍ സിനിമാക്കാരുടെ പ്രമേയകേന്ദ്രങ്ങളും പ്രചോദനഭൂമികളുമായി തുടരുന്നുവെന്ന് സൗബിന്‍ ഷാഹിദിന്റെ പ്രഥമ സംവിധാന സംരംഭമായ 'പറവ' സ്ഥാപിക്കുന്നുണ്ട്. ന്യൂജെന്‍ സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് സാന്നിധ്യമുറപ്പിച്ച സൗബിന്‍ തന്റെ ആദ്യ ചിത്രത്തെ ശരാശരിയിലും മുകളില്‍ എത്തിച്ചിട്ടുണ്ട്.
 
മട്ടാഞ്ചേരിയിലെ താഴ്ന്ന മധ്യവര്‍ഗ കുടുംബത്തിലെ കൗമാരപ്രായക്കാരായ അസീബിനെയും ഇച്ചാപ്പിയേയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. പറവ എന്ന പേര് അന്വര്‍ത്ഥമാക്കുംവിധം പ്രാവുവളര്‍ത്തല്‍ ഭ്രമമായി മാറിയവരുടേയും പ്രാവുപറത്തല്‍ മത്സരക്കാരുടേയും പരസ്പര വൈരാഗ്യങ്ങളും ചിത്രത്തില്‍ ഇഴചേരുന്നുണ്ട്. അസീബിന്റെയും ഇച്ചാവിയുടെയും പ്രാവുവളര്‍ത്തല്‍ ഭ്രമം അയല്‍പക്കത്തെ മുതിര്‍ന്നവരായുള്ള സമാനഭ്രമക്കാരുമായുള്ള ശീതസമരവും സ്‌കൂളില്‍ പതിയെ വിരിഞ്ഞുവരുന്ന കൗമാരപ്രണയവുമെല്ലാം വിശദാംശങ്ങളോടെ പറഞ്ഞുതുടങ്ങുന്ന ചിത്രത്തിന് പൊടുന്നനെ വേഗമാര്‍ജിക്കുന്നത് ഗസ്റ്റ് അപ്പിയറന്‍സ് എന്നു വേണമെങ്കില്‍ വിളിക്കാവുന്ന ദുല്‍ഖര്‍ സല്‍മാന്റെ ഇമ്രാന്‍ എന്ന കഥാപാത്രത്തിന്റെ എന്‍ട്രിയോടെയാണ്.
 
ക്രിക്കറ്റുകളിക്കിടയില്‍ നഷ്ടപ്പെട്ട പന്തുതേടിയുള്ള യാത്ര അസീബിനേയും ഇച്ചാപ്പിയേയും നഗരപ്രാന്തത്തിലെ ദുരൂഹമായ ഒരിടത്തെത്തിക്കുന്നു. ലഹരിക്കടിമപ്പെട്ടവരുടെ ആ കേന്ദ്രത്തിന്റെ കാഴ്ചയില്‍ നിന്ന് സിനിമ ഫ്‌ലാഷ് ബാക്കിലേക്ക് യാത്ര തുടങ്ങുന്നു. ആ യാത്രയിലെ നായകന്‍ പഴയകാല മമ്മൂട്ടി സിനിമകളിലെ നായകന്റെ തന്നെ പുനരവതാരമാണ്.
 
ഇടുങ്ങിയ മട്ടാഞ്ചേരിത്തെരുവുകളിലും കുടുസ്സുമുറികള്‍നിറഞ്ഞ നഗരപ്രാന്തത്തിലെ അയല്‍വീടുകളിലും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ദൈവഭയത്തിന്റെയും വെളിച്ചമെത്തിക്കുന്ന മാതൃകാപുരുഷനായ വാര്‍പ്പു മാതൃക, നായകനായി ദുല്‍ഖര്‍ വരുന്നു. ദുല്‍ഖറിന്റെ വരവോടുകൂടി ആഖ്യാന കേന്ദ്രത്തില്‍നിന്ന് കുട്ടികള്‍ പുറത്താക്കപ്പെടുകയും മാതൃകാപുരുഷനായ നായകനേയും യുവാക്കളായ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അവരുടെ യൗവനത്തിന്റെ കഥ പറയുവാന്‍ സിനിമ ആരംഭിക്കുന്നു. ആ കഥ പറവ നഗരത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ലഹരി മാഫിയയുടെ കൂടി കഥയാണ്. ഒരു പക്ഷേ, കേരളത്തിലെ എല്ലാ നഗരങ്ങളുടെയും നാട്ടിന്‍പുറത്തിനും ഇത്തരം കഥകള്‍ പറയാനുണ്ടാകും. ആ കഥ പറയുവാന്‍ സൗബിന്‍ ഷാഹിര്‍ ന്യൂജെന്‍ സിനിമയിലെ താനുള്‍പ്പെടെയുള്ള സ്ഥിരം അഭിനേതാക്കളെയൊക്കെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ, ഷാന്‍ നിഗം, ജേക്കബ് ഗ്രിഗറി എന്നിവരൊക്കെ അവിടെയുണ്ട്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ജാഫര്‍ എന്നിവരും ശരാശരി മട്ടാഞ്ചേരിക്കാരന്റെ ജീവിതപ്രതിനിധികളായി സിനിമയിലെത്തുന്നു.
 
ലഹരി മാഫിയയുമായുള്ള ഇമ്രാന്റെ ഏറ്റുമുട്ടലും തുടര്‍ന്നുള്ള കൊലപാതകത്തിലേക്കുമായി ഫ്‌ലാഷ്ബാക്ക് അവസാനിക്കുന്നു. അസീബിന്റെയും ഇച്ചാപ്പിയുടെയും സ്‌കൂള്‍ ജീവിതത്തിലേക്കു മടങ്ങുന്ന സിനിമ ഇമ്രാന്റെ കൂട്ടുകാര്‍ നടത്തുന്ന പ്രതികാരനിര്‍വഹണത്തോടെ പരമ്പരാഗത സിനിമാ സങ്കല്പങ്ങള്‍ക്കും നായക പ്രതിഷ്ഠാസങ്കല്പങ്ങള്‍ക്കും പരിക്കേല്‍പ്പിക്കാതെ അവസാനിക്കുന്നു.
 
സമീപകാലത്ത് മലയാള സിനിമയില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയ പരിസരമാണ് സ്‌കൂളുകള്‍. 1983, ഗപ്പി, ആന്‍മേരി കലിപ്പിലാണ്, ഇടുക്കി ഗോള്‍ഡ് എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ സ്‌കൂള്‍ ജീവിതവ്യാഖ്യാനങ്ങളായി പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. 'പറവ' സ്‌കൂളിലെ ആണ്‍കുട്ടിക്കാലത്തേയും നഗരങ്ങളിലെ പുറമ്പോക്കുകളില്‍ തട്ടിയും തടഞ്ഞുമൊഴുകുന്ന ജീവിതങ്ങളിലേക്കും ആര്‍ഭാടങ്ങളിലേക്കും ക്യാമറ തിരിച്ചുവെക്കുന്നുണ്ട്. ചലച്ചിത്രാഖ്യാനത്തെ വിസ്മയകരമായ അഭിനയശേഷിയോടെ നയിക്കുവാന്‍ പറവയിലെ അസീബിനേയും ഇച്ചാപ്പിയേയും അവതരിപ്പിച്ച അര്‍ജുന്‍ അശോകിനും സിനില്‍ സൈനുദ്ദീനും സാധിച്ചിട്ടുണ്ട്. 'പറവ'യില്‍ സാമ്പ്രദായികാഭിനയത്തിന്റെ ഭാരമില്ലാത്ത പറവകളായി ഈ കുട്ടികള്‍ മാറുന്നു.
 
യാഥാര്‍ഥ്യബോധത്തോടെയുള്ള കഥയും തിരക്കഥയും സൗബിനും മുനീര്‍ അലിയും കൂടി കഥയും തിരക്കഥയും രചിച്ച സിനിമയുടെ സവിശേഷതകളായി മാറുന്നു. അന്‍വര്‍ റഷീദിന്റെ മുന്‍കാല നിര്‍മാണ സംരംഭങ്ങളായ പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളുടെ വമ്പന്‍ വാണിജ്യ വിജയം 'പറവ'യെത്തേടിയെത്താനിടയില്ലെങ്കിലും അരികുജീവിതങ്ങളുടെ തിളക്കമുള്ള ചില ചിത്രങ്ങളെങ്കിലും കാണികളില്‍ അവശേഷിപ്പിക്കുവാന്‍ 'പറവ'ക്കാവുന്നുണ്ട്.
 
Content Highlights : 23rd IFFK 2018 Parava Movie Review DulquerSalmaan SoubinShahir