തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച കൊടിയിറങ്ങുമ്പോള്‍ സുവര്‍ണചകോരം മലയാളത്തിലേയ്ക്ക് എത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. പതിനാല് ചിത്രങ്ങള്‍ മാറ്റുരച്ച മത്സരവിഭാഗത്തില്‍ ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ എന്നിവയിലൊന്നിന് പുരസ്‌കാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകര്‍. 

മത്സരചിത്രങ്ങളുടെ പ്രദര്‍ശനം ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. മിക്കവാറും എല്ലാ ചിത്രങ്ങളും ശരാശരിക്കു മുകളില്‍ നിന്നതായാണ് പൊതുവിലുള്ള അഭിപ്രായം. ശക്തമായ അവതരണംകൊണ്ട് പ്രേക്ഷകരുടെ പ്രശംസ നേടിയ ഈ.മ.യൗവിന് പുരസ്‌കാരം ലഭിക്കുമെന്ന് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം കരുതുന്നു. അന്താരാഷ്ട്ര മാനമുള്ള പ്രമേയം കൈകാര്യംചെയ്ത സുഡാനി ഫ്രം നൈജീരിയയും മത്സരവിഭാഗത്തില്‍ മലയാളത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

ബ്രസീല്‍ ചിത്രം ദ സൈലന്‍സ്, അര്‍ജന്റീനയില്‍നിന്നുള്ള ദ ബെഡ് എന്നിവയും തുര്‍ക്കി ചിത്രമായ ഡെബ്റ്റ്, സ്പാനിഷ് ചിത്രമായ എല്‍ ഏഞ്ചല്‍ എന്നിവയും മത്സര വിഭാഗത്തില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ചിത്രങ്ങളാണ്. സാധാരണയായി ചലച്ചിത്രമേളകളില്‍ പ്രേക്ഷരെ കൈയ്യിലെടുക്കാറുള്ളവയാണ് ഇറാനില്‍ നിന്നുള്ള ചിത്രങ്ങള്‍. മൂന്നു സിനിമകളാണ് ഇക്കുറി ഇറാനില്‍നിന്നുള്ളത്. ഇതില്‍ ഡാര്‍ക്ക് റൂം, ഗ്രേവ്ലെസ് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

കിര്‍ഗിസ്ഥാന്‍ ചിത്രം നൈറ്റ് ആക്സിഡന്റ്, ഈജിപ്റ്റില്‍നിന്നുള്ള പോയ്സണസ് റോസസ്, ഭൂട്ടാന്‍ ചിത്രം റെഡ് ഫാലസ്, ഇറാന്‍ ചിത്രം ടേല്‍ ഓഫ് ദ സീ എന്നിവയും ഇന്ത്യന്‍ ചിത്രങ്ങളായ വിഡോ ഓഫ് സൈലന്‍സ്, ടേക്കിങ് ദ ഹോഴ്സസ് ടു ഈറ്റ് ജിലേബിസ് എന്നിവയുമാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.

Content Highlights: Who Will Win Golden Peacock Award IFFK 2018