തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ പുതുതായി ഏർപ്പെടുത്തിയ അൺറിസർവ് ടിക്കറ്റ് സംവിധാനം ഒഴിവാക്കി. പ്രേക്ഷകരുടെ സൗകര്യത്തിനെന്ന പേരിൽ ഏർപ്പെടുത്തിയ സംവിധാനം മൂലം ഒരു ചിത്രം കാണാൻ രണ്ടുതവണ ക്യൂ നിൽക്കേണ്ട സാഹചര്യം ഉണ്ടായതോടെയാണിത്. തിയറ്ററിന് മുന്നിൽ വളരെ നേരം ക്യൂ നിൽക്കുന്നത് ഒഴിവായെങ്കിലും അതിനു മുമ്പേ അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറിലും ക്യൂ നിന്ന് കൂപ്പൺ വാങ്ങേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

മേളയിലെ ചിത്രങ്ങൾ കാണാൻ ഐഎഫ്എഫ്കെ ആപ്പ് വഴി ഒരു ദിവസം മുമ്പേ മൂന്ന് ചിത്രങ്ങൾ വരെ റിസർവ് ചെയ്യാനുള്ള സംവിധാനം നേരത്തേയുണ്ട്. ഒരു പ്രദർശനത്തിന്റെ 60 ശതമാനം സീറ്റുകളാണ് റിസർവേഷനായി ലഭ്യമാവുക. എന്നാൽ, ഇത്തവണ മുതൽ ബാക്കിയുള്ള 40 ശതമാനം സീറ്റുകൾ അൺറിസർവ്ഡ് ടിക്കറ്റുകൾ മുഖേന നൽകുന്ന രീതിയാണ് അവലംബിച്ചിരുന്നത്. എന്നാൽ, ഇതിന്റെ അപ്രായോഗികത സംബന്ധിച്ച് ഡെലിറേറ്റുകളിൽനിന്ന് ആക്ഷേപമുയര്‍ന്നു.

'അൺറിസർവ്ഡ് ടിക്കറ്റുകൾ രണ്ട് മണിക്കൂർ മുമ്പാണ് കൊടുക്കുക. ആ സമയത്ത് മിക്കവാറും നമ്മൾ ഏതെങ്കിലും തിയറ്ററിൽ സിനിമ കാണുകയായിരിക്കും. അപ്പോൾ, സിനിമ കാണണോ പകരം മറ്റൊരു തിയറ്ററിൽ വന്ന് അടുത്ത ഷോയ്ക്കുള്ള ടിക്കറ്റ് എടുക്കണോ?' - മേളയിൽ ഡെലിഗേറ്റായെത്തിയ ഷമീം ചോദിക്കുന്നു. ഉച്ചവരെ മൂന്ന് തിയറ്ററുകളിൽ പോയിട്ടും ഒരു സിനിമയ്ക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയിലാണെന്ന് തിരുവനന്തപുരം സ്വദേശികളായ സുജയും ജൈത്രയും പറയുന്നു.

ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അൺറിസർവ്ഡ് ടിക്കറ്റുകൾ ഒരു മണിക്കൂർ മുമ്പ് നൽകുന്നതുൾപ്പെടെയുള്ള പരിഹാരങ്ങൾ പരിഗണനയിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സീനിയർ സിറ്റിസൺസായ ഡെലിഗേറ്റുകളുടെ ഉൾപ്പെടെ സൗകര്യാർത്ഥമാണ് സംവിധാനം ഏർപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ആശയക്കുഴപ്പത്തെ തുടർന്ന് സംവിധാനം ഒഴിവാക്കുകയാണെന്നാണ് സംഘാടകരിൽ നിന്ന് ലഭിക്കുന്ന വിവരം.

ContentHighlights: Unreserved tickets cancelled, iffk 2018, IFFK, 23rd kerala film festival, thiruvanthapuram