മലയാള സിനിമയിലെ ഒരു നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന് ആകെയുണ്ടായ അപമാനമാണെന്ന് ചലച്ചിത്ര നിരൂപകയായ മീനാക്ഷി ഷെഡ്ഡെ. അതിനെതിരെ സിനിമാരംഗത്തു നിന്നുണ്ടായ എതിര്‍ശബ്ദങ്ങള്‍ക്ക് താന്‍ പിന്തുണ പ്രഖ്യാപിക്കുന്നതായും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഇന്ത്യന്‍ സിനിമയിലെ സ്ത്രീ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ലൂ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ധൈര്യം പകരുന്നുണ്ട്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളിലെ വനിതാ ചലച്ചിത്രപ്രവര്‍ത്തകരും പിന്തുടരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അപമാനങ്ങളെ ചോദ്യം ചെയ്യാന്‍ മീ ടു കാമ്പയിന്‍ സ്ത്രീ സമൂഹത്തിനാകെ ശക്തിനല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.  മലയാള സിനിമയില്‍ സൃഷ്ടിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഇവിടുത്തെ സ്ത്രീ സമൂഹത്തിന്റെ പ്രതീകങ്ങളാണെന്നും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത ഉമാ ദാ കുന്‍ഹ പറഞ്ഞു. അസ്സമീസ് സംവിധായികയായ ബോബി ശര്‍മ്മ പങ്കെടുത്ത ചര്‍ച്ചയില്‍  എഴുത്തുകാരി മീന ടി പിള്ള മോഡറേറ്ററായിരുന്നു.

ContentHighlights: IFFK, meenakshi shedde, iffk 2018, open forum, meena t pillai, Thiruvanthapuram