തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ജൂറി ചെയര്‍മാന്‍ കൂടിയായ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ  'മുഹമ്മദ് - ദ മെസെഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നതില്‍ ഡെലിഗേറ്റുകളുടെ പ്രതിഷേധം. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് കൈരളി തിയറ്ററിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായാണ് ഡെലിറ്റുകള്‍ പ്രതിഷേധമുയര്‍ത്തിയത്.  മജീദിയുടെ  ചിത്രം  പ്രദര്ശിപ്പിക്കാത്തതു അദ്ദേഹത്തെ അപമാനിക്കുന്നതിനു  തുല്യമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇത്തവണത്തെ മേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയതും മജീദിയായിരുന്നു.

2015ല്‍ പുറത്തിറങ്ങിയ 'മുഹമ്മദ് - ദ മെസെഞ്ചര്‍ ഓഫ് ഗോഡ്' പ്രവാചകന്‍ മുഹമ്മദിന്റെ ബാല്യകാലത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ്. ജൂറി ഫിലിംസ് വിഭാഗത്തില്‍ തിങ്കളാഴ്ച രാത്രി നിശാഗന്ധിയിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. 

എന്നാല്‍, കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ സെന്‍സര്‍  അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു. ബുധനാഴ്ച ചിത്രത്തിന്റെ ഒരു പ്രദര്‍ശനം കൂടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും അതും നടത്താനാകുമെന്ന് ഉറപ്പില്ല.

ContentHighlights: Mohammad the messenger, majeed majidi, IFFK, Thiruvanathapuram, protest in iffk