ഇത്തവണത്തേത് അതിജീവനത്തിന്റെ മേളയെന്ന് കമല്‍ 

ഇത്തവണത്തെ ചലച്ചിത്രമേള അതിജീവനത്തിന്റെ മേളയാണെന്ന്  സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പ്രളയത്തിലൂടെ നഷ്ടപ്പെട്ടതെല്ലാം മലയാളികള്‍ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയകാലത്ത് സാമ്പത്തികവും സാംസ്‌കാരികവുമായി മലയാളികള്‍ ലോകത്തിന് കാണിച്ചുകൊടുത്ത ഒരു സന്ദേശമുണ്ട്. കമല്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും മഹത്തായ പരിശ്രമങ്ങള്‍ കൊണ്ട് പ്രളയക്കെടുതികളില്‍ നിന്നും കേരളസംസ്ഥാനത്തിന് ഒരു പരിധി വരെ കര കയറാന്‍ സാധിച്ചു. പ്രളയശേഷം ചലച്ചിത്ര മേള നടത്തണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കുറഞ്ഞ ബജറ്റില്‍ നടത്താമെന്ന് തീരുമാനമായപ്പോള്‍ ഇക്കുറി മേളയ്ക്കായുള്ള ഫണ്ട് സ്വരൂപിക്കുന്നതിലെ പരിമിതികള്‍ കൂടി പരിഗണിച്ചപ്പോഴാണ് ഡെലിഗേറ്റ് പാസുകളുടെ റേറ്റ് ഉയര്‍ത്താമെന്ന് തീരുമാനിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ തിരക്കില്ലെങ്കിലും സിനിമകള്‍ കാണാനും ആസ്വദിക്കാനുമായി ഈ വര്‍ഷവും ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള ഡെലിഗേറ്റുകള്‍ക്കും സംവിധായകര്‍ക്കും നന്ദി അറിയിക്കുന്നു. രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷനും ഇത്തവണത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാര ജേതാവുമായ വിഖ്യാത സംവിധായകന്‍ മജീദ് മജീദിക്കും പ്രത്യേകം സ്വാഗതമറിയിക്കുന്നു. കേരളത്തിലെ നാളുകള്‍ അദ്ദേഹത്തിന് ആസ്വാദ്യകരമാകട്ടെ എന്നും സമാശ്വസിക്കുന്നു.-കമല്‍ പറഞ്ഞു.

Content Highlights : Kamal addressing speech IFFK 2018 inauguration function, director Kamal, iffk2018, Kamal about kerala floods 2018, iffk after floods