ലോക സിനിമാ ചരിത്രത്തില്‍ ഇറാനിയന്‍ സിനിമയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. സാധാരണ മനുഷ്യരുടെ ജീവിതവും അവരനുഭവിക്കുന്ന പ്രതിസന്ധികളും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിലൂടെയാണ് ഇറാനിയന്‍ സിനിമ വേറിട്ട് നില്‍ക്കുന്നത്. അവിടെ നായകനും നായികയുമില്ല പച്ച മനുഷ്യരേയുള്ളു.സാങ്കല്പികതയില്‍ നിന്നും മാറി മനുഷ്യ ജീവിതത്തെ അതേ പടി പകര്‍ത്തുന്നതില്‍ ഇറാനിയന്‍ സിനിമകള്‍ എന്നും മുന്‍പന്തിയിലുണ്ട്. 

ലോകമെങ്ങും സ്വീകാര്യത നേടിയ കലാമൂല്യമുള്ള ഒരുപിടി ഇറാനിയന്‍ സിനിമകളാണ് ഇക്കുറി മേളയില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. മൂന്ന് ഇറാനിയന്‍ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത്. ചലച്ചിത്ര മേളയുടെ ഇത്തവണത്തെ ജൂറി ചെയര്‍മാന്‍ പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയാണ്.  

മത്സരവിഭാഗത്തില്‍ ബഹ്മാന്‍ ഫാര്‍മനാര തിരക്കഥയെഴുതി സംവിധാനം ചെയ്ത ടെയില്‍ ഓഫ് ദി സീ, റൗഹുള്ള ഹെജാസ് സംവിധാനം ചെയ്ത ദി ഡാര്‍ക്ക് റൂം, മുസ്തഫ സയ്യറി സംവിധാനം ചെയ്ത ഗ്രേവ്ലെസ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി.

ഫാര്‍മനാര മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ടെയ്ല്‍ ഓഫ് ദ സീ ഒരു എഴുത്തുകാരന്റെ ജീവിതമാണ് കാണിക്കുന്നത്. ആദ്യ കാഴ്ചയില്‍ വിഷാദരോഗിയായ ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ അവതരണമായി തോന്നുമെങ്കിലും മണ്മറഞ്ഞു പോയ ഇറാനിയന്‍ എഴുത്തുകാര്‍ക്കുള്ള ഒരു സമര്‍പ്പണമാണ് ഈ സിനിമ. 

ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഉടലെടുക്കുന്ന വൈകാരികമായ വിസ്ഫോടനങ്ങളാണ് ദി ഡാര്‍ക്ക് റൂം എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഹാലെ എന്ന യുവതിയുടെയും ഭര്‍ത്താവ് ഫര്‍ഹാദ്, മകന്‍ ആമീര്‍ എന്നീ കഥാപാത്രങ്ങളിലുടെയും മനുഷ്യബന്ധങ്ങളില്‍ ഉടലെടുക്കുന്ന വൈരുദ്ധ്യങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്യുന്നു. ലൈംഗിക ചൂഷണങ്ങളും അത് വ്യക്തികളിലും കുടുംബത്തിലുമുണ്ടാക്കുന്ന ആഘാതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയ പരിസരം. 

കുടുംബ ബന്ധങ്ങള്‍ തന്നെയാണ് മുസ്തഫ സയ്യറി സംവിധാനം ചെയ്ത ഇറാന്‍ സിനിമയായ ഗ്രേവ്ലസിന്റേതും. പിതാവും നാലു മക്കളും തമ്മിലുള്ള ബന്ധങ്ങളുടെയും പകയുടെയും വൈകാരികതകളുടെയും ആഖ്യാനമായ ഈ ചിത്രം ഇറാന്റെ സവിശേഷ സാമൂഹ്യ-കുടുംബ ക്രമത്തെക്കൂടി അടയാളപ്പെടുത്തുന്നു. പിതാവിന്റെ മൃതദേഹവുമായി യാത്രചെയ്യുന്ന സഹോദരങ്ങളുടെ ഏറ്റുമുട്ടലുകളിലൂടെയും വാഗ്വാദങ്ങളിലൂടെയും മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളും ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്.

ജാഫര്‍ പനാഹിയുടെ സംവിധാനം ചെയ്ത ത്രീ ഫേസസ്, പൂയ ബദ്കൂബേ സംവിധാനം ചെയ്ത ഡ്രെസ്സേജ് എന്നീ  ഇറാനില്‍ ചിത്രങ്ങള്‍ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തി.

ഇറാനിലെ സ്ത്രീകളുടെ വര്‍ത്തമാനകാല അവസ്ഥയെ വേറിട്ട വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ത്രീ ഫെയ്സസ്. കാന്‍ മേളയില്‍ ഈ ചിത്രം മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു. 

ഉപരിപഠനത്തിന് അനുവാദം നല്‍കാത്ത മാതാപിതാക്കളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വരുന്നു. അത് ബെയ്‌നാസ് ജഫ്രി എന്ന സിനിമാനടി കാണാനിടവരുന്നു. പെണ്‍കുട്ടിയെ സഹായിക്കാന്‍ ജഫ്രി സംവിധായകന്‍ ജാഫര്‍ പനാഹിയെ സമീപിക്കുന്നു. പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ഇരുവരും ചേര്‍ന്ന് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഡ്രസ്സേജില്‍ ടെഹ്റാനില്‍ ജീവിക്കുന്ന ഗോല്‍സ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. മധ്യവര്‍ഗ കുടുംബത്തിലെ അംഗമായ അവള്‍ കൂട്ടുകാരുമായി തമാശയ്ക്ക് മോഷണത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ ദൗത്യത്തിന് ശേഷം സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇവര്‍ മറുന്നു പോകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

മജീദ് മജീദിയുടെ മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് ഇത്തവണത്തെ മേളയില്‍ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല.

ContentHighlights: Iranian movies in IFFK, Majid majeedi,IFFK 2018, Dark room, Mohammad Messenger of god