തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു. പ്രൊജക്ടര്‍ തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവിടത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങിയത്. കൊച്ചിയില്‍ നിന്ന് പ്രൊജക്ടര്‍ എത്തിച്ചാണ് സംഘാടകര്‍ ടാഗോര്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയത്. 

ടാഗോറില്‍ പ്രദര്‍ശനം മുടങ്ങിയതോടെ മത്സരചിത്രങ്ങളുടെ ഉള്‍പ്പെടെ ആദ്യ സ്‌ക്രീനിങ് തടസപ്പെട്ടിരുന്നു. പിന്നീട്, പല ചിത്രങ്ങളും മറ്റു തിയറ്ററുകളിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിരുന്നു.

നേരത്തേ പ്രഖ്യാപിച്ചിരുന്ന ഷെഡ്യൂളില്‍ ചെറിയ മാറ്റങ്ങളോടെയാണ് ടാഗോറില്‍ ഇന്ന് ചിത്രങ്ങള്‍ കാണിക്കുന്നത്. ഇവിടെ മുടങ്ങിയ മത്സരചിത്രം 'ഗ്രേവ്‌ലെസ്' ഷെഡ്യൂളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വൈകിട്ട് എട്ടിനാണ് പ്രദര്‍ശനം. 8.30ന്  ഷെഡ്യൂളില്‍ ചെയ്തിരുന്ന 'ലെമനേഡ്' എന്ന ചിത്രം 9.30നാകും ആരംഭിക്കുക.

ഇതേ രീതിയില്‍ ബുധനാഴ്ച 'എല്‍ ഏയ്ഞ്ചല്‍' എന്ന മത്സര ചിത്രവും ടാഗോറില്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ ഏയ്ഞ്ചല്‍ എട്ടു മണിക്കും 8.30ന് ഷെഡ്യൂള്‍ ചെയ്തിരുന്ന 'ദ ഇമേജ് ബുക്ക്' 10.30നും പ്രദര്‍ശിപ്പിക്കും.

ContentHighlights: IFFK, Tagore Theatre, IFFK 2018, Tagore theatre shows