തിരുവനന്തപുരം: ചലച്ചിത്ര മേളയില്‍ നിര്‍മാതാക്കളെ അവഗണിക്കുന്നെന്ന് ആരോപിച്ച് കൈരളി തിയറ്റര്‍ കോംപ്ലക്‌സില്‍ പ്രതിഷേധം. ഗോവ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച സിന്‍ജാര്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ജി. സുശീലന്‍, സംവിധായകന്‍ പാമ്പള്ളി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍, സെക്രട്ടറി എം.രഞ്ജിത്ത് തുടങ്ങിയവരാണ് പ്രതിഷേധവുമായെത്തിയത്.

ചലച്ചിത്ര മേളയില്‍ നിര്‍മാതാക്കള്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ലെന്നും സംവിധായകന്‍ മാത്രം മതിയെന്ന നിലപാടാണ് സംഘാടകര്‍ക്കുള്ളതെന്നും ഷിബു ജി. സുശീലന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പലതവണ മെയില്‍ അയച്ച ശേഷമാണ് പാസ് പോലും ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഐ.എഫ്.എഫ്.കെയിൽ ഇന്നലെ സിന്‍ജാറിന്റെ പ്രിവ്യൂ നടന്നപ്പോഴും എനിക്ക് ക്ഷണമുണ്ടായിരുന്നില്ല. സദസില്‍ ഞാനുണ്ടെന്ന് സംവിധായകന്‍ പറഞ്ഞപ്പോഴാണ് വേദിയിലേക്ക് വിളിച്ചത്. അവിടെ മേള ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നില്‍ വെച്ച് ഈ വിഷയമവതരിപ്പിച്ചെങ്കിലും മറുപടി ഉണ്ടായില്ല.'

'മുമ്പ് ഞാന്‍ നിര്‍മാതാവായ കെ.ജി.ജോര്‍ജിനെക്കുറിച്ചുള്ള ഡോക്യുമെന്ററി മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇതു തന്നെയായിരുന്നു അനുഭവം. ഐ.എഫ്.എഫ്.കെ ബുക്ക്‌ലെറ്റിലും നിര്‍മാതാക്കളെ ഉള്‍പ്പെടുത്താറില്ല. മുമ്പ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോൾ സാങ്കേതിക പ്രശ്‌നമെന്നാണ് ചെയര്‍മാന്‍ മറുപടി നല്‍കിയത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല' - ഷിബു ജി. സുശീലന്‍ പറഞ്ഞു.

നിര്‍മാതാവിനെ പണം മുടക്കാനുള്ള ഉപകരണം മാത്രമായി കാണരുതെന്നും കലാകാരനായതിനാലാണ് അയാള്‍ ഇത്തരം ചിത്രങ്ങള്‍ക്കായി  പണം മടക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ചലച്ചിത്രമേളകളില്‍ കിട്ടുന്ന അംഗീകാരമാണ് അയാള്‍ക്കും ലഭിക്കുന്ന പ്രതിഫലമെന്നും അദേഹം ചൂണ്ടിക്കാട്ടി.

'നിര്‍മാതാക്കള്‍ അവഗണിക്കപ്പെടുന്ന പ്രശ്‌നം മേളയില്‍ നേരത്തേയുണ്ട്. പ്രിയദര്‍ശന്‍ ചെയര്‍മാനായിരുന്ന കാലത്ത് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും ഓര്‍ഡര്‍ ഇറക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഓര്‍മ. എന്നാല്‍ ഇപ്പോഴും പഴയ അവസ്ഥ തന്നെയാണുള്ളത്'- സുരേഷ് കുമാർ പറയുന്നു. 

Content Highlights: IFFK 2018, producers protest in IFFK, suresh kumar