തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിവസം ടര്‍ക്കിഷ് സിനിമയായ ദ അനൗണ്‍സ്മെന്റ് അടക്കം 34 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഏഴിന് രാവിലെ ഒന്‍പതിന് റഷ്യന്‍ സംവിധായകന്‍ ഇവാന്‍ ദ്വോര്‍ദോവ്‌സ്‌കിയുടെ 'ജമ്പ് മാനും' യിങ് ലിയാങിന്റെ എ ഫാമിലി ടൂറും പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന്  വര്‍ക്കിംഗ് വുമണ്‍,  മിഡ്നൈറ്റ് റണ്ണര്‍, ഗേള്‍സ് ഓള്‍വെയ്സ് ഹാപ്പി തുടങ്ങിയ ചിത്രങ്ങള്‍ ആദ്യദിനത്തില്‍  പ്രദര്‍ശനത്തിനെത്തും. ഹോപ് ആന്റ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ ഉള്‍പ്പെട്ട മെല്‍ ഗിപ്സണ്‍ സംവിധാനം അപ്പോകാലിപ്‌റ്റോയുടെയും ഇംഗ്മര്‍ ബര്‍ഗ്മാന്റെ ക്രൈസ് ആന്‍ഡ് വിസ്‌പേഴ്‌സിന്റെയും ഏക പ്രദര്‍ശനവും വെള്ളിയാഴ്ചയാണ്. 

വൈകിട്ട് ആറിന്  നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം സ്പാനിഷ് സൈക്കോ ത്രില്ലര്‍ എവെരിബഡി നോസ് പ്രദര്‍ശിപ്പിക്കും. ഇറാനിലെ പുതുയുഗ സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ അസ്ഗര്‍ ഫര്‍ഹാദി ആണ്  ഉദ്ഘാടന ചിത്രത്തിന്റെ സംവിധായകന്‍.

ഇത്തവണ 17 ഓളം ചിത്രങ്ങള്‍ക്കാണ് ഓപ്പണ്‍ തിയേറ്ററായ നിശാഗന്ധി വേദിയാകുന്നത്. മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് തുംബാദ്, ക്ലൈമാക്‌സ്, ദ ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ് തുടങ്ങിയ ചിത്രങ്ങളും നിശാഗന്ധിയില്‍  പ്രദര്‍ശിപ്പിക്കും. മികച്ച ദൃശ്യ-ശ്രാവ്യ അനുഭവമായ ജീന്‍ ലൂക്ക് ഗൊദാദിന്റെ ദി ഇമേജ് ബുക്കിന്റെ പ്രദര്‍ശനം മേളയുടെ രണ്ടാം ദിവസം നടക്കും.

ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ നഗരത്തിലെ 13 തിയേറ്ററുകളിലായി വിദേശ ചിത്രങ്ങളുടേതടക്കം 488 പ്രദര്‍ശനങ്ങളാണ് നടക്കുക. വിവിധ രാജ്യങ്ങളില്‍  നിന്നും 164  ചിത്രങ്ങളാണ് മേളയുടെ ഭാഗമാകുന്നത്. ഫോര്‍ കെ ദൃശ്യവിസ്മയമൊരുക്കുന്ന റോമ, ദ ബാലഡ് ഓഫ് ബസ്റ്റര്‍ സ്‌ക്രഗ്‌സ് തുടങ്ങിയ ചിത്രങ്ങളും  ഈ മേളയില്‍ പ്രദര്‍ശനത്തിനുണ്ട്.

Content Highlights: IFFK 2018 jab man family tour 34 movies on first day