തിരുവനന്തപുരം: ചലച്ചിത്ര മേളയില്‍ നിലവാരം കുറഞ്ഞ പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് പ്രേക്ഷകര്‍. ടാഗോര്‍ തിയറ്ററില്‍ നടന്ന ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലെ 'നൈറ്റ് ആക്‌സിഡന്റ്' ആണ് ലാപ്‌ടോപ്പും ചെറിയ പ്രൊജക്ടറും ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ചത്. 

എന്നാല്‍, ഷോ കഴിഞ്ഞ ശേഷം നടന്ന ഇന്ററാക്ഷന്‍ സെഷനില്‍ ഡെലിഗേറ്റുകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തുകയായിരുന്നു. പിന്നീട്, രാത്രി പത്തോടെ പ്രധാന വേദിയായ ടാഗോറിലെ പ്രദര്‍ശനങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുന്നതായി അറിയിപ്പ് വന്നു.

പ്രൊജക്ടര്‍ തകരാറിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 2.15ന് ആരംഭിച്ച 'ബെഡ്' എന്ന ചിത്രം ഇടയ്ക്ക് വെച്ച് മുടങ്ങിയിരുന്നു. തുടര്‍ന്ന് 8.30ന് നടക്കേണ്ട ലോക സിനിമാ വിഭാഗത്തിലെ 'ദ ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ് ' റദ്ദാക്കിയെങ്കിലും മത്സരചിത്രമായതിനാല്‍ നൈറ്റ് ആക്‌സിഡന്റിന്റെ പ്രദര്‍ശനം ചെറിയ പ്രൊജക്ടര്‍ ഉപയോഗിച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, നിലവാരം കുറഞ്ഞ രീതിയില്‍ പ്രദര്‍ശനം നടത്തിയതിനെതിരെ ഡെലിഗേറ്റുകള്‍ തന്നെ രംഗത്തെത്തി. ഈ രീതിയില്‍ പ്രദര്‍ശനം നടത്തുന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് ചെയ്യുന്ന വഞ്ചനയാണെന്നും നന്നായി നടത്താനാവില്ലെങ്കില്‍ പ്രദര്‍ശനം ഉപേക്ഷിക്കുകയായിരുന്നു വേണ്ടതെന്നും അവര്‍ വാദിച്ചു. ഇന്ററാക്ഷന് എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കാബില്യാര്‍ ഖാമിദോവിനോട് മാപ്പു ചോദിക്കുന്നതായും ഡെലിഗേറ്റുകള്‍ പറഞ്ഞു.

കമില്യാര്‍ ഖാമിദോവ് (ഇടത്തുനിന്ന് രണ്ടാമത് ) ഡെലിഗേറ്റുകള്‍ക്കൊപ്പം
കമില്യാര്‍ ഖാമിദോവ് (ഇടത്തുനിന്ന് രണ്ടാമത് ) ഡെലിഗേറ്റുകള്‍ക്കൊപ്പം

ചിത്രത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം സാങ്കേതിക നിലവാരക്കുറവുകൊണ്ട് ചോര്‍ന്നുപോയതായി കാ ബില്യാറും ശരിവെച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും ഇനിയുള്ള പ്രദര്‍ശങ്ങള്‍ക്ക് എല്ലാവരും എത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് വേദിയിലുണ്ടായിരുന്ന ഐഎഫ്എഫ്‌കെ ഭാരവാഹികളും അറിയിച്ചു. 

പിന്നീടാണ് പ്രദര്‍ശനങ്ങള്‍ റദ്ദാക്കുന്നതായി അറിയിപ്പു വന്നത്. ഞായറാഴ്ച ടാഗോറില്‍ നടക്കേണ്ട മത്സര വിഭാഗത്തിലെ മലയാള ചിത്രം ഈ.മ.യൗ. വൈകിട്ട് 6.15ന് കലാഭവനില്‍ നടക്കും.

Content Highlights:  Audience protest,iffk 2018, film shows,tagore theatre