കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു, ഇത്തവണ 'പില്‍ഗ്രിമേജ്' എന്ന ചലച്ചിത്രമായി. 23-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം പോര്‍ച്ചുഗീസ് നാവിക പര്യവേഷണങ്ങളുടെ ഓര്‍മപ്പെടുത്തലാകും. പില്‍ഗ്രിമേജ് അടക്കം 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനാകും മേള വേദിയാകുക.

16-ാം  നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോര്‍ച്ചുഗീസ് നാവികന്‍ മെന്‍ഡസ് പിന്റോയുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് ജോവ് ബോടേല്‍ഹോ ചിത്രം തയാറാക്കിയിരിക്കുന്നത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ മത്സരരംഗത്തുള്ള ചിത്രം സംഗീതത്തിന്റെ സമര്‍ത്ഥമായ ഉപയോഗം വഴിയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. ഇന്ത്യ, ജപ്പാന്‍, ചൈന, വിയറ്റ്നാം, മലേഷ്യ, പോര്‍ച്ചുഗല്‍  എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ടിനാറ്റിന്‍ കാരിഷ്വില്ലൈയുടെ  'ഹൊറൈസണ്‍', ലൂസിയ മുറാതിന്റെ 'പാരീസ് സ്‌ക്വയര്‍' എന്നിവയാണ് ഏഷ്യന്‍ പ്രീമിയറായി എത്തുന്ന  മറ്റ് ചിത്രങ്ങള്‍. ഒരു വിവാഹമോചിതന്റെ ആഴമേറിയ ഏകാന്തത പ്രമേയമായ ടിനാറ്റിന്‍  കാരിഷ്വില്ലൈയുടെ   'ഹൊറൈസണ്‍' ബെര്‍ലിന്‍ മേളയുടെ പനോരമ വിഭാഗത്തിലാണ്  ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ആദ്യ ചിത്രമായ 'ബ്രൈഡ്സും'  ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

അച്ഛന്റെ ബലാല്‍സംഗത്തിനിരയായ യുവതിയും ഹിംസയെക്കുറിച്ചു ഗവേഷണം നടത്തുന്ന സൈക്കോളജിസ്റ്റും തമ്മിലുള്ള ബന്ധമാണ് പാരീസ് സ്‌ക്വയറിന്റെ പശ്ചാത്തലം. ഹിംസ നിത്യജീവിത യാഥാര്‍ഥ്യമായ സമകാലിക ലോക സാഹചര്യത്തില്‍ സാങ്കല്‍പിക ലോകത്ത് അഭിരമിക്കുന്ന മധ്യവര്‍ഗ മനസ്സുകളെ അഭിസംബോധന ചെയ്യുകയാണ് ചിത്രം.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ സുവര്‍ണ ചകോരത്തിനായി മത്സരരംഗത്തുള്ള പോയിസണസ് റോസസ്, ഡെബ്റ്റ്, ദ ഗ്രേവ്ലെസ്സ്, ടെയില്‍ ഓഫ് ദ സീ, ദ ബെഡ്  എന്നീ ചിത്രങ്ങളുടെയും ആദ്യ ഏഷ്യന്‍ പ്രദര്‍ശനമാകും മേളയില്‍ നടക്കുക.

Content Highlights : 23rd IFFK 2018 Thiruvananthapuram eight Portuguese Movies in IFFK 2018