തിരുവനന്തപുരം : ഒരു ക്ലാസ് പ്രേക്ഷകരുടെ ചലച്ചിത്രമേളയായിരിക്കും ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രോത്സവമെന്ന് സംവിധായകന്‍ സന്ദീപ് പാമ്പള്ളി. പാമ്പള്ളി സംവിധാനം ചെയ്ത ജസരി ഭാഷയിലെ ആദ്യ ചിത്രം സിഞ്ചാര്‍ മേളയിലെ പോട്ട്പുരി ഇന്ത്യ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരെ സാധാരണക്കാരനെ പോലെ വന്ന് സിനിമ കണ്ട് പോയി ഇത്തവണ ഒരു അതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പാമ്പള്ളി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. 

' പതിനൊന്ന് വര്‍ഷക്കാലമായി ചലച്ചിത്ര മേളയ്ക്ക് സ്ഥിരമായി എത്തുന്ന ആളാണ് ഞാന്‍. കഴിഞ്ഞ വര്‍ഷം വരെ സാധാരണക്കാരനെ പോലെ വന്ന് സിനിമ കണ്ട് പൊയ്‌ക്കൊണ്ടിരുന്നിട്ട് ഇത്തവണ ഒരു അതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത്തവണത്തെ മേളയെക്കുറിച്ച് വളരെയധികം പ്രതീക്ഷകളുണ്ട്. അതില്‍ പ്രധാനം മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ആഘോഷം എന്നതിലുപരി ഇത്തവണ കുറച്ചു കൂടി ഗൗരവകരമായി സിനിമ കാണാന്‍ എത്തുന്നവരായിരിക്കും കൂടുതല്‍. അത് മേളയ്ക്ക് കൂടുതല്‍ ഗുണകരമാകും എന്നാണ് പ്രതീക്ഷ. 

ഒരു ക്ലാസ്സ് പ്രേക്ഷകരുടെ ചലച്ചിത്ര മേളയായിരിക്കും ഇത്തവണ. രാവിലെയുള്ള ഷോകളെല്ലാം തന്നെ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്.  വരും ദിവസങ്ങളില്‍ മേളകുറച്ചു കൂടി സജീവമാകും എന്നാണ് പ്രതീക്ഷ. 

മലയാളം ടുഡേ എന്ന പുതിയ സെക്ഷന്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. നമ്മുടെ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും കൂടുതല്‍ സിനിമകള്‍ കാണാന്‍ അത് അവസരം നല്‍കും. അവര്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ . 

ഇത്തവണത്തെ അന്താരാഷ്ട്ര ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന ജൂറിയും വളരെ നല്ലതാണ് എന്നതാണ് മറ്റൊരു പ്രതീക്ഷ. അതു കൊണ്ടു തന്നെ അവര്‍ തിരഞ്ഞെടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'. പാമ്പള്ളി പറഞ്ഞു

Content Highlights : 23rd IFFK 2018 Sandeep Pampally Sinjar Movie In IFFK 2018