ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കുന്ന  'ഇന്‍ കോണ്‍വെര്‍സേഷനില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ്ഗുപ്ത, നടിയും സംവിധായികയുമായ നന്ദിത ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ 8, 9 തീയതികളിലാണ് ഇവര്‍ സംവാദ വേദിയിലെത്തുന്നത്. 

മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ബുദ്ധദേവ് ദാസ്ഗുപ്തയുടെ 'ദി ഫ്‌ലൈറ്റ് ' നന്ദിത ദാസിന്റെ 'മാന്റോ' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും . 

പറക്കാന്‍ കൊതിക്കുന്ന ഒരു മെക്കാനിക്കിന്റെ കഥയാണ് 'ദി ഫ്‌ലൈറ്റ്' പറയുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബുദ്ധദേവ് ദാസ് ഗുപ്ത തന്നെയാണ്. ചന്ദന്‍ റോയ് സന്യാല്‍, പര്‍ണോ മിത്ര, സുദീപ്‌തോ ചാറ്റര്‍ജി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ദക്ഷിണേഷ്യയിലെ വിഖ്യാത എഴുത്തുകാരില്‍ ഒരാളായിരുന്ന സാദത്ത് ഹസന്‍ മന്റോയുടെ ജീവിതമാണ് നന്ദിതാ ദാസിന്റെ 'മാന്റോ' എന്ന ചിത്രത്തിന്റെ ഇതിവൃത്തം. നവാസുദ്ധീന്‍ സിദ്ദിഖിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി അധ്യക്ഷനായ  മജീദ് മജീദി, ഫിലിപ്പിനോ  സംവിധായകന്‍ അഡോള്‍ഫോ അലിക്സ്, തമിഴ് സംവിധായകന്‍ വെട്രിമാരന്‍,  ശ്രീലങ്കന്‍ സംവിധായിക സുമതി ശിവമോഹന്‍ എന്നിവരും വിവിധ ദിവസങ്ങളില്‍ ഇന്‍ കോണ്‍വര്‍സേഷനില്‍ പങ്കാളികളാകും.

Content Highlights : 23rd IFFK 2018 nandita das Film Manto budhadevdas gupta Film The Flight premiere Indian Cinema Today