അഭിനേതാക്കളിലും അണിയറ പ്രവര്‍ത്തകരിലും പുതുമുഖങ്ങളുമായി 'കോട്ടയം' രാജ്യാന്തര ചലചിത്ര മേളകളില്‍ മികച്ച അഭിപ്രായങ്ങളും അവാര്‍ഡുകളും നേടി മന്നേറുന്നു. ലുക്കാ ചുപ്പിയുടെ ചായാഗ്രഹണം നിര്‍വഹിച്ച ബിനു ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന 'കോട്ടയം' മോണ്‍ട്രിയോള്‍ ഫെസ്റ്റിലൂടെയാണ് സ്‌ക്രീനില്‍ എത്തിയത്. ഓസ്ട്രേലിയ ഇന്‍ഡിപ്പെന്‍ഡന്റ് ഫിലിം ഫെസ്റ്റില്‍ സെമി ഫൈനലിസ്റ്റായ ചിത്രം ഡല്‍ഹി രാജ്യാന്തര മേളയില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടി. തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് രാജ്യാന്തരമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

ബിനു ഭാസ്‌കര്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നൈറ്റ് വോക്സ് പ്രൊഡക്ഷന്‍സിന് വേണ്ടി സജിത് നാരായണനും നിശാ ഭക്തനും നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും സജിതും ബിനുവും ചേര്‍ന്നാണ്. 

ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കോട്ടയത്ത് നിന്ന് തുടങ്ങുന്ന യാത്ര ഇടുക്കിയും തമിഴ്നാടും ബംഗാളും അസമും കടന്ന് അരുണാചല്‍ പ്രദേശിലെ ഇന്ത്യാ ചൈനാ ബോര്‍ഡറിലാണ് അവസാനിക്കുന്നത്. പ്രണയം, കുടുംബം, കുടിയേറ്റം, ഭൂമി കയ്യേറ്റം തുടങ്ങി നാടിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ സംഗീത് ശിവന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനീഷ് ജി മേനോനാണ് ചിത്രത്തില്‍ നായകനാകുന്നത്. രവി മാത്യൂ, ശ്രീനാഥ്.കെ.ജനാര്‍ദ്ദനന്‍, ഷഫീഖ്, ആനന്ദ് കാര്യാട്ട്, മഹേഷ്, പ്രവീണ്‍ പ്രേംനാഥ്, അന്നപൂര്‍ണി ദേവരാജ, നിമ്മി റാഫേല്‍, ചിന്നു കുരുവിള തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആല്‍ബിന്‍ ഡൊമനിക് ആണ്  സംഗീതം.

Content Highlights : 23rd IFFK 2018 Kottayam Movie Binu Bhaskar Aneesh G Menon Kottayam Movie In IFFK 2018