ഇന്ത്യന്‍ സിനിമയിൽ വേറിട്ട വഴി വെട്ടി വിജയിച്ച സംവിധായകരിൽ ഒരാളാണ് വെട്രിമാരന്. ആടുകളം, വിസാരണൈ, വടചെന്നൈ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത് ശക്തമായ സാമൂഹിക വിഷയങ്ങളാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്.
തന്റെ രാഷ്ട്രീയമാണ് തന്റെ സിനിമയെന്നും തനിക്ക് ചുറ്റും ജീവിക്കുന്നവരാണ് തന്റെ സിനിമയിലെ കഥാപാത്രങ്ങളെന്നും പറയുകയാണ് വെട്രിമാരന്. രാജ്യന്തര ചലച്ചിത്ര മേളയിലെ ജൂറി അംഗം കൂടിയായി സംവിധായകന് മാതൃഭൂമി ഡോട്ട്കോമിന് നല്കിയ അഭിമുഖം.
ചലച്ചിത്രമേള എനിക്കൊരു പാഠപുസ്തകമാണ്
രാജ്യാന്തര ചലച്ചിത്രമേള എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്റെ സിനിമകള്‍ ഇവിടെ എപ്പോഴും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ആടുകളം ഇതിന് മുന്‍പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹ്രസ്വചിത്രങ്ങളുടെ ഒരു മേള കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ചപ്പോള്‍ ഞാന്‍ ജൂറിയിലുണ്ടായിരുന്നു. ഇത്തവണ ജൂറി അംഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. ലോക സിനിമകള്‍ കാണാനും വിലയിരുത്താനും മാത്രമല്ല, സംവിധായകന് എന്ന നിലയില്‍ ഈ മേളയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും കഴിയുന്നു. ഭാവിയില്‍ ഈ കാര്യങ്ങളെല്ലാം എന്റെ ഫിലിംമേക്കിങ്ങിനെ ഏറെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാന്‍ സംസാരിക്കുന്നത്, എന്റെ ആളുകള്‍ക്ക് വേണ്ടി
സിനിമയാണ് എന്റെ രാഷ്ട്രീയം. നമ്മളെല്ലാവരും ഈ സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമില്ല എന്നു പറഞ്ഞ് ഒരു ഫിലിം മേക്കർക്ക് മാറിനില്‍ക്കാനാവില്ല. എന്റെ സിനിമയിലൂടെ ഞാന്‍ ലോകത്തിന് മുന്പില് തുറന്നുവയ്ക്കുന്നത് എനിക്ക് ചുറ്റും ജിവിക്കുന്നവരെയാണ്. എന്റെ ആളുകളെയാണ്. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചില്ലെങ്കില്‍ മറ്റാര് സംസാരിക്കും. ഞാന്‍ സിനിമകള്‍ സംവിധാനം ചെയ്യുക മാത്രമല്ല, നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ അവ കണ്ടിട്ടുണ്ടെങ്കില്‍ മനസ്സിലാകും, മുഖ്യധാരാ സിനിമകള്‍ അധികം ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് അവ സംസാരിച്ചിട്ടുള്ളതെന്ന്. ഒരു കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. എന്റെ സിനിമ ആദ്യം സ്വീകരിക്കേണ്ടത് തമിഴ്നാട്ടുകാരാണ്. തമിഴ്നാട്ടില്‍ ശ്രദ്ധ നേടാതെ ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായാല്‍ എനിക്ക് സന്തോഷിക്കാനാവില്ല. ഇനി ഞാന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് സ്വീകരിക്കേണ്ടത് കേരളത്തിലുള്ളവരാണ്. അതിന് എനിക്ക് സാധിച്ചില്ലെങ്കില്‍ ഞാന്‍ പരാജയപ്പെട്ടെന്ന് കരുതേണ്ടി വരും.
മുഖ്യധാരാ സിനിമകള്‍ സാമൂഹിക വിഷയങ്ങള്‍ നന്നായി അഭിസംബോധന ചെയ്യുന്നുണ്ട്
തമിഴ്നാട്ടില്‍ സമാന്തര സിനിമ എന്നൊരു മൂവ്മെന്റ് ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സമാന്തര സിനിമ അഭിസംബോധന ചെയ്തു കൊണ്ടിരുന്ന എല്ലാ വിഷയങ്ങളും മുഖ്യധാരാ സിനിമകളും ഏറ്റെടുക്കാന്‍ തുടങ്ങി. അത് തമിഴ് സിനിമാപ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 10-15 വര്‍ഷമായി ലോകത്ത് എവിടെയും സ്വീകരിക്കപ്പെടാത്ത ചില ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രേക്ഷര്‍ ഏറ്റെടുത്തിട്ടുണ്ട്. സമാന്തര സിനിമകള്‍ ഇല്ലാത്തത് ഒരു കുറവാണെങ്കിലും, അതേസമയം അത് മുഖ്യധാരാ സിനിമകളുടെ ഉള്ളടക്കത്തിന്റെ ഗുണനിലവാരത്തിന്റെ സൂചികയാണ്. മാറ്റി നിര്‍ത്തപ്പെട്ട ജനങ്ങളുടെ കഥകള്‍ മുഖ്യധാരാ സിനിമകള്‍ ഇപ്പോള്‍ നന്നായി ചര്‍ച്ച ചെയ്യുന്നു. സമീപകാലത്ത് ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരുപാട് സിനിമകള്‍ പുറത്തിറങ്ങി. അത് ജനങ്ങള്‍ സ്വീകരിച്ചു.
പ്രാദേശിക സിനിമകളുടെ കരുത്ത് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി
പുരസ്കാരത്തിന് വേണ്ടിയല്ല സിനിമ ചെയ്യുന്നത്. ഒരു ഫിലിം മേക്കറും സിനിമ ചെയ്യുമ്പോള്‍ അതിനെ തേടിവരുന്ന അംഗീകാരങ്ങളെക്കുറിച്ച് ആലോചിക്കാറില്ല എന്നാണ് എനിക്ക് തോന്നുന്നത്. വിസാരണൈ എന്ന ചിത്രം ഓസ്ക്കർ പുരസ്കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് എന്നെ സംബന്ധിച്ച് സന്തോഷകരമായ കാര്യമായിരുന്നു. പ്രാദേശിക സിനിമകളുടെ കരുത്ത് വലുതാണെന്ന് എല്ലാവരും ഇന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. അത് മലയാളമാവട്ടെ തമിഴാകട്ടെ.
സെന്‍സര്‍ ബോര്‍ഡ് എന്റെ സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയായിട്ടില്ല
എന്നെ സംബന്ധിച്ച സെന്‍സര്‍ഷിപ്പ് വലിയ വിഷയമായിട്ടില്ല. സെന്‍സര്‍ ബോര്‍ഡ് എന്റെ സിനിമകൾക്ക് കത്രിക വച്ചിട്ടില്ല. എന്റെ കാര്യം മാത്രമാണ് പറയുന്നത്. മറ്റുള്ളവരുടെ കാര്യം ഞാന്‍ ഇവിടെ പറയുന്നില്ല. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്റെ സ്വാതന്ത്ര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ നടത്തിയിട്ടില്ല. ചില സിനിമകള്‍ പുറത്തിറങ്ങിയ ശേഷം രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടലുകളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, അത്ര ശക്തമായ പ്രതിസന്ധികളൊന്നും ഞാന്‍ നേരിട്ടിട്ടില്ല. എന്റെ സിനിമയുടെ ഉള്ളടക്കം ഇതാണ്, ഉദ്ദേശം ഇതാണ് എന്നൊക്കെ പറഞ്ഞ് കാര്യകാരണങ്ങള്‍ നിരത്തി ആരുടെ മുന്‍പിലും എനിക്ക് വിശദീകരിക്കേണ്ടി വന്നിട്ടില്ല. വട ചെന്നൈയുടെ ചില രംഗങ്ങള്‍ക്കെതിരേ ചെന്നൈയിലെ വടക്കന്‍ മേഖലയിലുള്ള
മത്സ്യത്തൊഴിലാളികള്‍ രംഗത്ത് വന്നിരുന്നു. ആ രംഗം ഞാന്‍ നീക്കം ചെയ്തു. എന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച വരികയാണെങ്കില്‍ ഞാന്‍ മാപ്പ് പറയാന്‍ മടിക്കാറില്ല. മറ്റുള്ളവരെ വേദനിപ്പിക്കുക എന്നത് എന്റെ ഉദ്ദേശമല്ല.
താരപദവി അപ്രസക്തമായിരിക്കുന്നു
ഒരു നല്ല സിനിമ ചെയ്യാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പിറകേ പോകേണ്ട സാഹചര്യം സംവിധായകര്‍ക്കില്ല. സൂപ്പര്താരപദവിയുള്ള ഒരു വ്യക്തി അഭിനയിച്ചാല്‍ മാത്രമേ ജനങ്ങള്‍ സ്വീകരിക്കൂ എന്ന ധാരണയൊക്കെ എന്നേ തിരുത്തപ്പെട്ടുകഴിഞ്ഞു. മലയാളവും തമിഴുമെല്ലാം അത് തെളിയിച്ചു കഴിഞ്ഞു. ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളിലൊന്നും വലിയ താരങ്ങളില്ല. അതൊരു നല്ല മാറ്റമാണ്. കാമ്പുള്ള ഒരു കഥയുണ്ടെങ്കില്‍ നല്ലൊരു സംവിധായകന് ലോ ബജറ്റില്‍ സിനിമയെടുത്ത് വിജയിപ്പിക്കാനുള്ള സാഹചര്യം ഇന്നുണ്ട്. മലയാള സിനിമ ആ പഴയ പ്രതാപകാലം തിരിച്ചുപിടിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഞാന്‍ മലയാളം സിനിമകള്‍ കണ്ടു വളര്‍ന്ന ഒരു വ്യക്തിയാണ്. പണ്ട് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെയൊക്കെ സിനിമകള്‍ കണ്ട് വിസ്മയിച്ചിട്ടുണ്ട്. അന്നൊക്കെ തമിഴ് സിനിമ ഇതുപോലെ ആയിരുന്നുവെങ്കില്‍ എന്നൊക്കെ കരുതിയിട്ടുണ്ട്. ഇന്ന് മലയാളത്തിലും തമിഴിലും മികച്ച പുതുമുഖ സംവിധായകര്‍ വരുന്നു. നല്ല സിനിമകള്‍ ചെയ്യുന്നു. ഇതൊക്കെ വലിയ വിപ്ലവകരമായ മാറ്റങ്ങളാണ്.
Content Highlights: Vetrimaaran Tamil Film Director Interview IFFK 2018