'ആളൊരുക്കം' ഐ.എഫ്.എഫ്.കെ.യില്‍ പ്രദര്‍ശിപ്പിക്കാത്തതിനെ സ്വാഭാവികമായ ഒരു കാര്യമായി കാണാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് സംവിധായകന് വി.സി. അഭിലാഷ്. ചിത്രം മേളയില്‍ പ്രദര്‍ശനത്തിന് ഉണ്ടാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നതായി പറഞ്ഞിരുന്നു.
ചിത്രം പ്രദര്‍ശിപ്പിക്കാത്തതില്‍ അക്കാദമിക്കും ജൂറിക്കും അവരുടേതായ കാരണങ്ങളുണ്ടാവും എന്നാലും അതൊരു നീതികേടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ ചിത്രത്തില്‍ അഭിനയിച്ച ഇന്ദ്രന്‍സ്, ശ്രീകാന്ത് മേനോന് എന്നിവരടക്കമുള്ളവരോട് കാണിച്ച നീതികേടാണ് അത്.
പരിഭവമുണ്ടെങ്കിലും തല്ക്കാലം ആരോടും പരാതി പറയാനില്ല. പുതിയ ചിത്രത്തിനെക്കുറിച്ച് മാത്രം ചിന്തിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്നത്.
ജൂറിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മേളയിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാറുള്ളത്. ഓരോ തവണയും വരുന്ന ജൂറികളുടെ ചിന്താഗതി വ്യത്യസ്തമായിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കാം ആളൊരുക്കം ഒഴിവാക്കപ്പെട്ടത്. എന്നാലും അതിനുള്ള കാരണം എന്തായിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ആളൊരുക്കത്തെ ഒഴിവാക്കിക്കൊണ്ടുള്ള ജൂറിയുടെ തീരുമാനത്തെ അക്കാദമിയിലെ ഭൂരിഭാഗം പേരും അംഗീകരിക്കുന്നില്ല എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ചിത്രത്തെ ഒഴിവാക്കാനുള്ള കാരണങ്ങളെക്കുറിച്ച് അവര്‍ക്കും അറിയില്ല. അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പറയാന്‍ എനിക്കും അറിയില്ല.
മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട ഒരു ചിത്രം തന്നെയായിരുന്നു 'ആളൊരുക്കം'. ചിത്രം മേളയില്‍ ഉള്‍പ്പെടുത്താന്‍ നമുക്ക് നിരവധി അവകാശവാദങ്ങള്‍ ഉന്നയിക്കാമായിരുന്നു. എന്നാല്‍ ഒഴിവാക്കപ്പെട്ടതിന്റെ കാരണം പോലും അറിയാതെ നമ്മള് അത്തരത്തില്‍ പ്രതികരിച്ചിട്ട് കാര്യമില്ലല്ലോ.
ഇന്ദ്രന്‍സ് എന്ന നടന്റെ അതുല്യ അഭിനയശേഷി, അതു മാത്രമല്ല മലയാളികള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ് 'ആളൊരുക്കം' കൈകാര്യം ചെയ്തിരിക്കുന്നത്. അത് ഐ.എഫ്.എഫ്.കെ.യിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു. അങ്ങനെ സംഭവിക്കാഞ്ഞതില്‍ അതിയായ വിഷമമുണ്ട്. ഈ ഒഴിവാക്കലിന് കാലം മറുപടി പറയുമെന്ന് അഭിലാഷ് മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു
ContentHighlights: v .c abhilash interview ,IFFK 2018, alorukam, indrans,IFFK