തിരുവനന്തപുരം: ഇത്തവണത്തെ ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പില്‍ നിലവാരത്തകര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രശസ്ത തിരക്കഥാകൃത്ത് പി.വി.ഷാജികുമാര്‍. മത്സര വിഭാഗത്തിലേതുള്‍പ്പെടെ പല ചിത്രങ്ങളുടെയും നിലവാരം ശരാശരിയിലും താഴെയാണെന്നും മാതൃഭൂമി.കോമിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ടെയ്ക്ക് ഓഫ്, കന്യക ടാക്കീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷാജികുമാര്‍.

ഷാജികുമാറിന്റെ അഭിമുഖത്തില്‍നിന്ന്:

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന മേളയായതുകൊണ്ടുതന്നെ അതിന്റെ ഒരു ശോകം മൊത്തത്തില്‍ മേളയെ ബാധിച്ചിട്ടുണ്ട്. ഇത്തവണത്തെ മേളയില്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കാം എന്ന സര്‍ക്കാരിന്റെ തീരുമാനം ഉചിതമായതു തന്നെയാണെന്നാണ് എന്റെ അഭിപ്രായം. എന്നിരുന്നാലും കഴിഞ്ഞ പത്തു പതിനൊന്നു വര്‍ഷത്തോളമായി മേളയില്‍ പങ്കെടുക്കാറുള്ള ആളെന്ന നിലയില്‍ ഈ വര്‍ഷം ലോക സിനിമാ വിഭാഗത്തിലും മത്സര വിഭാഗത്തിലും ഉള്ള ചിത്രങ്ങള്‍ മുന്‍വര്‍ഷങ്ങളെ വച്ച് നോക്കുമ്പോള്‍ നിലവാരത്തില്‍ ശരാശരിക്കും താഴെയായിരുന്നോ എന്ന് സംശയമുണ്ട്. 

ഐ.എഫ്.എഫ്.ഐ.യില്‍ നിന്നും വ്യത്യസ്തമായി ഐ.എഫ്.എഫ്.കെ.യിലാണ് കുറച്ചു കൂടി നല്ല ചിത്രങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇത്തവണ സിനിമകളുടെ സെലക്ഷന്റെ കാര്യത്തില്‍ പിഴവുകള്‍ സംഭവിച്ചു എന്നാണ് ഇതുവരെ കണ്ട സിനിമകള്‍ വച്ചു നോക്കുമ്പോള്‍ എനിക്ക് തോന്നിയത്. 

ഇതുവരെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഡെബ്റ്റ് ആണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുത്ത വ്യക്തിയുടെ ഒരു ചിത്രമുണ്ടായിരുന്നു. ഉക്രെയിനിലെ സംഘര്‍ഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമായിരുന്നു അത്. ഒരുപക്ഷേ അമിത പ്രതീക്ഷ വച്ച് പോയി കണ്ടതുകൊണ്ടാവാം അതേ മികച്ച ഒരനുഭവം തരാന്‍ ആ ചിത്രത്തിനും കഴിഞ്ഞില്ല. 

1971ലെ ലാറ്റിനമേരിക്കയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയാണ് എല്‍ ആന്‍ജല്‍. ലാറ്റിനമേരിക്കന്‍ ഗ്യാങ്സ്റ്റര്‍ സിനിമാ വിഭാഗത്തില്‍ പെടുന്ന സിനിമയാണത്. ഗോഡ്ഫാദര്‍, സിറ്റി ഓഫ് ഗോഡ്‌സ് എന്നീ ചിത്രങ്ങളുടെയൊക്കെ അതേ പാറ്റേണില്‍ വരുന്ന സിനിമയാണ് എല്‍ ആന്‍ജല്‍. 

കാര്‍ലോസ് എന്ന സ്‌ത്രൈണ സ്വഭാവമുള്ള ചെറുപ്പക്കാരന്‍ റമനോ എന്ന ചെറുപ്പക്കാരനോടുള്ള അഭിനിവേശത്താല്‍ കുറ്റകൃത്യങ്ങുടേയും അധോലോകത്തിന്റെയും വഴിയിലേക്ക് പോകുന്നതാണ് ചിത്രത്തിന്റെ കഥ. ഹിംസയുടെ രാഷ്ട്രീയം തന്നെയാണ് എല്‍ ആന്‍ജലും പറയുന്നത്. 

മത്സരചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന സിനിമ എന്നു നമുക്ക് എല്‍ ആന്‍ജലിനെ പറയാന്‍ സാധിക്കില്ല. കുറച്ചു കൂടി കച്ചവട സ്വഭാവമുള്ള ചിത്രമാണ് എല്‍ ആന്‍ജലോ. 

എന്റെയൊക്കെ കാഴ്ചാ അനുഭവങ്ങള്‍ തിരുത്തിയത് ഐ.എഫ്.എഫ്.കെ. പോലെയുള്ള മേളകള്‍ തന്നെയാണ്. അത്രമാത്രം ദൃശ്യാനുഭവങ്ങള്‍ പകരുന്ന ചിത്രങ്ങള്‍ ഒന്നും തന്നെ ഇത്തവണത്തെ മേളയില്‍ കാണാനായില്ല എന്ന സങ്കടം ഇല്ലാതില്ല.

Content Highlughts :P V shaji Kumar interview at 23rd iffk 2018, 23rd iffk 2018, P V Shajikumar interview, 23rd iffk 2018, iffk 2018 latest news updates