മലയാള സിനിമയില്‍ തന്റെ സംവിധാന മികവു കൊണ്ട് തന്റേതായ ഇടം നേടിയ വ്യക്തിയാണ് ജയരാജ്. രഞ്ജി പണിക്കര്‍ വേറിട്ട വേഷത്തിലെത്തിയ ഭയാനാകം ഏറെ പ്രശംസ നേടിയിരുന്നു.രണ്ടാം ലോക മഹായുദ്ധത്തെ വേറിട്ടരീതിയില്‍ അവതരിപ്പിച്ച സിനിമയാണിത്. മികച്ച സംവിധായകനുള്ള ദേശിയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഭയാനകം. ഭയാനകത്തെ കുറിച്ചും തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളെ കുറിച്ചും ജയരാജ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു
ഭയാനകത്തെക്കുറിച്ച്
ഭരതേട്ടന്റെ കൂടെ (സംവിധായകന് ഭരതന്) സഹസംവിധായകായി ജോലി ചെയ്യുന്ന കാലത്ത് ജോണ്‍ പോള്‍ സാര്‍ ആണ് രണ്ട് അധ്യായങ്ങളില്‍ ഒരു പോസ്റ്റ്മാന്റെ കഥയുണ്ടെന്നും അത് സിനിമയാക്കാന്‍ പറ്റുന്ന ഒരു സംഗതിയാണെന്നും പറഞ്ഞിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് പരിക്ക് പറ്റിയ ഒരു സൈനികന് പോസ്റ്റമാനായി വരുന്നു. അതും രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ട് മുന്‍പ്. ആദ്യം ആ പോസ്റ്റ്മാന് എല്ലാവര്ക്കും മണി ഓര്‍ഡര്‍ കൊണ്ടു കൊടുക്കുന്ന സമൃദ്ധിയുടെ പ്രതീകമാണ്. എന്നാല്‍, രണ്ടാം ലോക മഹായുദ്ധം തുടങ്ങുമ്പോള്‍ അയാള്‍ മരണത്തിന്റെ പ്രതീകമാവുന്നു. അന്ന് 650 ലധികം ആളുകള്‍ ഉപജീവനത്തിനായി കുട്ടനാട്ടില്‍ നിന്ന് പട്ടാളത്തില്‍ ചേര്‍ന്നിട്ടുണ്ട്. പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോള്‍ വീടുകളിലേക്ക് വരുന്ന മണി ഓര്‍ഡറുകള്‍ കുറയുന്നു. പകരം ടെലിഗ്രാം എത്തുന്നു. അക്കാലത്ത് ടെലിഗ്രാം അഥവാ കമ്പി എന്ന് പറഞ്ഞാല്‍ മരണവാര്‍ത്ത പെട്ടെന്ന് അറിയിക്കാനുള്ള ഒരു മാധ്യമമാണ്. എല്ലാം വിതരണം ചെയ്യേണ്ട ഉത്തരവാദിത്തം സ്വാഭാവികമായി പോസ്റ്റ്മാന് ആണല്ലോ. പിന്നീട് പോസ്റ്റ്മാനെ കാണുമ്പോള്‍ ജനങ്ങള്‍ ഭയക്കുന്നു. പോസ്റ്റമാന് വടി കുത്തിയാണ് നടക്കുന്നത്. ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ഭയക്കുന്നു. അതാണ് ഭയാനകം. പോസ്റ്റ്മാനിലുടെയാണ് യുദ്ധത്തിന്റെ ഭീതി പങ്കുവയ്ക്കുന്നത്.
യുദ്ധത്തിന്റെ ഭീതിയുടെ വേറിട്ട ആവിഷ്കാരമാണല്ലോ ഇത്?
യുദ്ധത്തിന്റെ ഭീതിയെക്കുറിച്ച് പറയുമ്പോള്‍ ഈ സിനിമയില്‍ യുദ്ധഭൂമി കാണിക്കുന്നില്ല, പട്ടാളക്കാരെ കാണിക്കുന്നില്ല, ബോബ് തോക്ക് ഒന്നും ഇല്ല. പക്ഷേ മരണത്തിന്റം ഭീതി അവതരിപ്പിക്കുന്നത് പോസ്റ്റ്മാനിലൂടെ മാത്രമാണ്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
കുട്ടനാട് പുനഃസൃഷിക്കുമ്പോള് നേരിട്ട വെല്ലുവിളികള്‍?
ഒരു കാലം പുനസൃഷ്ടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എത്ര സാങ്കേതികവിദ്യ ഉണ്ടെങ്കിലും അതൊരു വലിയ വെല്ലുവിളിയാണ്. എന്നാല്‍ കുട്ടനാടിനെ സംബന്ധിച്ച് ഏത് കാലവും റിക്രിയേറ്റ് ചെയ്യാന്‍ എളുപ്പമാണ്. കുട്ടനാടിന് മാറ്റമില്ല എന്നല്ല പറഞ്ഞുവരുന്നത്. കാലാനുസൃതമായ മാറ്റമുണ്ട്. എന്നിരുന്നാലും കുട്ടനാടിന് ഒരു പഴമയുണ്ട്. അതിന്റെ ഭൂമിശാസ്ത്രം അങ്ങനെയാണ്. കുട്ടനാടിന്റെ ഭംഗി പൂര്‍ണമായും നശിച്ചുപോയിട്ടില്ല.
സാഹിത്യ കൃതികളാണല്ലോ ഭൂരിഭാഗം സിനിമകളും?
എന്റെ ആദ്യ ഇഷ്ടം സാഹിത്യമാണ്. സാഹിത്യം കഴിഞ്ഞിട്ട് മാത്രമേ എനിക്ക് സിനിമയുള്ളൂ. അതുകൊണ്ടാണ് സാഹിത്യകൃതികളെ അടിസ്ഥാനമാക്കി സിനിമ എടുക്കുന്നത്. ടോള്‍സ്റ്റോയി, കാളിദാസന്, ഷേക്ക്സ്പിയര് ഇവരുടെ കൃതികളെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. കാളിദാസന്റെ ഏതെങ്കിലും കൃതി സിനിമയാക്കണം എന്ന് ആഗ്രഹമുണ്ട്. പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ ഞാന്‍ ഈയിടെ ഷോര്‍ട്ട് ഫിലിം ആക്കിയിരുന്നു.
രൗദ്രത്തെക്കുറിച്ച്
എന്റെ അടുത്ത സിനിമ നവരസങ്ങളിലെ രൗദ്രമാണ്. നമ്മള് എല്ലാവരും അതിജീവിച്ച പ്രളയത്തെ പശ്ചാത്തലമാക്കിയാണ് ചിത്രമെടുക്കുന്നത്. പ്രളയത്തിന്റെ രൗദ്രഭാവമാണ് വിഷയം. രഞ്ജി പണിക്കരും കെ.പി.എ.സി ലീല എന്ന ഒരു വലിയ നടിയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നത്. ഷൂട്ടിങ് കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയെ അടിസ്ഥാനമാക്കി ഞാന്‍ ഒരു സിനിമ നേരത്തേ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതും. ഒന്ന് ഞാന്‍ കാണാത്ത വെള്ളപ്പൊക്കവും മറ്റൊന്ന് ഞാന്‍ അനുഭവിച്ചതും.
Content Highlights : Jayaraj interview, bhayanakam, IFFK 2018, interview with jayaraj bhayanakam movie iffk 2018, Film Festival 2018, latest news updates