മൂന്ന് സ്ത്രീകള്‍, മൂന്ന് കഥകള്‍ അതിഭാവുകത്വമില്ലാതെ പറയുന്നത് ചില വേദനിപ്പിക്കുന്ന സത്യങ്ങള്‍, 'സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും' എന്ന ചിത്രം നമുക്ക് കാണിച്ചു തരുന്നത് ചില പെണ്‍ജീവിതങ്ങളുടെ നേര്‍കാഴ്ചയാണ്. മൂന്ന് കഥകള്‍ അടങ്ങുന്ന ഈ ചലച്ചിത്ര സമാഹാരം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകന്‍ വസന്ത് എസ് സായ് ആണ്. ജയമോഹന്‍, ആദവന്‍, അശോകമിത്രന്‍ എന്നിവരെഴുതിയ ചെറു കഥകളെ അടിസ്ഥാനമാക്കിയാണ് വസന്ത് ചിത്രം ഒരുക്കിയിരിക്കുന്നത്. 

കുടുംബ വ്യവസ്ഥിതിതയും പുരുഷമേധാവിത്വവും കാരണം  വ്യക്തിത്വം പണയം വയ്ക്കേണ്ടി വരുന്ന മൂന്ന് സ്ത്രീകളുടെ കഥയാണ് ഇവിടെ വരച്ചു കാണിച്ചിരിക്കുന്നത്. എന്നാല്‍ വ്യവസ്ഥിതിക്ക് കീഴടങ്ങുന്ന ഭീരുക്കളായിട്ടല്ല അവരെ ചിത്രീകരിച്ചിരിക്കുന്നത്, വീഴ്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുള്ള പോരാളികളായിട്ടാണ്. സരസ്വതി, ദേവകി, സിവരഞ്ജിനി എന്നിങ്ങനെ മൂന്ന് അധ്യയങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുകയാണ് സംവിധായകന്‍. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തതിനെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. അതിന്റെ സന്തോഷത്തിലാണ് വസന്ത്. കേരളത്തിലെ സിനിമാപ്രേമികള്‍ നല്‍കിയ സ്വീകരണത്തിന് വളരെ നന്ദിയുണ്ടെന്ന് വസന്ത് മാതൃഭൂമി ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒപ്പം ചിത്രം  മുന്നോട്ട് വയ്ക്കുന്ന രാഷട്രീയത്തെക്കുറിച്ചും മനസ്സു തുറന്നു.

ഈ സിനിമ സ്വാഭാവികമായി സംഭവിച്ചതാണ്

ഞാന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്  സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് അല്ലെങ്കില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസമയത്തെക്കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന് നേരത്തേ കൂട്ടി ആസൂത്രണം ചെയ്തിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. ഈ സിനിമ സംസാരിക്കുന്ന വിഷയം എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ്  ഈ സിനിമ ചെയ്തത്. 

ഞാന്‍ പതിനാല് ഫിച്ചര്‍ സിനിമകള്‍ ചെയ്തു. ഇത് 15ാമത്തെ സിനിമയാണ്. വളരെ തൃപ്തി നല്‍കിയ സിനിമയാണിത്. നൂറ്  ശതമാനം എന്നൊന്നും പറയുന്നില്ല. സാധാരണ ഏത് സിനിമ ചെയ്താലും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്.  പക്ഷേ സിവരഞ്ജിനിയും ഇന്നും സില പെണ്‍കളുടെയും കാര്യത്തില്‍ അങ്ങനെ തോന്നിയില്ല. ഞാന്‍ പരമാവധി നന്നാക്കാന്‍ ശ്രമിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. ഇനി എന്നെ പ്രേക്ഷകര്‍ വിലയിരുത്തട്ടെ. 

വീട്ടുജോലി ചെയ്യുന്ന സ്ത്രീകളെ നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ?

സ്ത്രീകളേക്കാള്‍ പുരുഷന്‍മാരെയാണ് ഈ ചിത്രം സ്വാധീനിച്ചത് എന്ന് എനിക്ക് തോന്നുന്നു. കാരണം എന്റെ അടുത്ത് ചിത്രത്തെക്കുറിച്ച് സംസാരിക്കാനും അഭിപ്രായങ്ങള്‍ പറയാനും  വന്നതില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്. ഞങ്ങള്‍ ഇത്തരത്തില്‍ ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല എന്നാണ് പലരും എന്നോട് പറഞ്ഞത്.

നിങ്ങള്‍ അമ്മമാര്‍ ജോലി ചെയ്യുന്നത് എന്നെങ്കിലും നോക്കി നിന്നിട്ടുണ്ടോ, രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ അവര്‍ ചെയ്യുന്ന ജോലികള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അങ്ങനെ ചെയ്തിട്ടില്ല എന്നുണ്ടെങ്കില്‍ ഒരിക്കലെങ്കിലും അവരെ നോക്കി നില്‍ക്കുക. അപ്പോള്‍ മനസ്സിലാകും. ഞാന്‍ എനിക്ക് ചുറ്റും ജിവിക്കുന്ന സ്ത്രീകളെ നിരീക്ഷാറുണ്ട്. എന്റെ അമ്മയെ, ഭാര്യയെ അങ്ങനെ എല്ലാവരെയും. വീട്ടമ്മമാരായി ജീവിക്കുന്ന സ്ത്രീകളില്‍ പലരും ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കുന്നത്. മറ്റുള്ളവരെല്ലാം കഴിച്ചതിന് ശേഷം അല്ലെങ്കില്‍ അവരെയെല്ലാം ജോലിക്കും സ്‌കൂളിലേക്കുമൊക്കെ പറഞ്ഞയച്ചതിന് ശേഷം. എന്റെ അമ്മയും തനിയെയാണ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്. സരസ്വതിയിലും, ശിവരഞ്ജിനിയിലും കഥാപാത്രങ്ങള്‍ ഭക്ഷണം  കഴിക്കുന്ന രംഗം ഞാന്‍ ഇത് ഉള്‍പ്പെടുത്തിയതിന് കാരണവും ഈ തിരിച്ചറിവാണ്.

കാളിശ്വരി, പാര്‍വതി പിന്നെ ലക്ഷ്മിപ്രിയയും....

കാളിശ്വരി ശ്രീനിവാസ്, പാര്‍വതി, ലക്ഷ്മിപ്രിയ ചന്ദ്രമൗലി ഇവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍വതിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പാര്‍വതി മികച്ച നടിയാണ്. അവരുടെ പ്രകടനം എല്ലായ്പ്പോഴും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഈ സിനിമയിലേക്ക് ആദ്യമായി കാസ്റ്റ്  ചെയ്യുന്നതും പാര്‍വതിയെയാണ്. ഞാന്‍ കഥയുടെ വണ്‍ലൈന്‍ പറഞ്ഞപ്പോഴേക്കും പാര്‍വതി സമ്മതിക്കുകയായിരുന്നു. 

കാളിശ്വരി ചെന്നൈയില്‍ തെരുവു നാടകങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അഭിനേത്രിയാണ്. കഴിഞ്ഞ വര്‍ഷം കാളിശ്വരി ലോകപ്രശസ്ത സംവിധായകന്‍ ജാക്വസ് ഒഡ്യാര്‍ഡിന്റെ ചിത്രത്തില്‍ അഭിനയിച്ചു.  ദീപന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലാണ് കാളിശ്വരി എത്തിയത്.  എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകരില്‍ ഒരാളാണ് ജാക്വസ് ഒഡ്യാര്‍ഡ്. കാളിശ്വരി ആദ്യമായി ക്യാമറയ്ക്ക് മുന്‍പില്‍ വന്നത് അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ്  എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക്  അഭിമാനം തോന്നുന്നു. പത്രങ്ങളിലൂടെയാണ് ഞാന്‍ കാളിശ്വരിയെക്കുറിച്ച് അറിയുന്നത്. ആ മുഖം കണ്ടപ്പോള്‍ തന്നെ എനിക്ക് വല്ലാതെ ഇഷ്ടമായി. സരസ്വതിക്ക് വേണ്ടി ഞാന്‍ അന്വേഷിക്കുന്ന മുഖം ഇത് തന്നെയാണെന്ന് എനിക്ക് തോന്നി. അതിന് മുന്‍പ് നാലോളം ആര്‍ട്ടിസ്റ്റുകളുടെ സ്‌ക്രീന്‍ ടെസ്റ്റ് ഞാന്‍ നടത്തിയിരുന്നു. ചിലരെ വച്ച് ഷൂട്ടിങും തുടങ്ങി. എന്നാല്‍ അതൊന്നും എനിക്ക് തൃപ്തി നല്‍കിയില്ല. ഞാന്‍ പിന്നീട് ഷൂട്ടിങ് നിര്‍ത്തിവച്ചു. ഞാന്‍ അന്വേഷിക്കുന്ന മുഖത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട് അങ്ങോട്ട്. അവസാനം കാളിശ്വരി എത്തി.

ശിവരഞ്ജിനിയിലെ കഥാപാത്രത്തിനായി ഞാന്‍ തിരഞ്ഞത് അത്ലറ്റിന്റെ ശരീരമുള്ള ഒരു പെണ്‍കുട്ടിയെയാണ്. ലക്ഷ്മിപ്രിയ നടി മാത്രമല്ല ക്രിക്കറ്ററും സ്പ്രിന്ററുമാണ്. അതുകൊണ്ട് തന്നെയാണ് ആ ചിത്രം അത്രയ്ക്കും റിയലിസ്റ്റിക്കായത്. 

k
പാര്‍വതി, ലക്ഷമിപ്രിയ ചന്ദ്രമൗലി, അഞ്ജലിമേനോന്‍ എന്നിവരോടൊപ്പം വസന്തന്‍

മലയാള സിനിമകള്‍ എന്നും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ഞാന്‍ മലയാള സിനിമകളുടെ കടുത്ത ആരാധകനാണ്. പണ്ട് ഞാന്‍ ഒരുപാട് മലയാള സിനിമകള്‍ കണ്ടിരുന്നു. ഇവിടുത്തെ സിനിമാപ്രവര്‍ത്തകരെല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. കെ.ജി ജോര്‍ജ്ജ്, അരവിന്ദന്‍, ഭരതന്‍, സേതുമാധവന്‍, എം.ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍... എന്നിങ്ങനെ പോകുന്നു ആ നിര. യവനിക, ഇരകള്‍, നിര്‍മാല്യം, മുഖാമുഖം എന്നീ ചിത്രങ്ങളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ഞാന്‍ മലയാള സിനിമകള്‍ ഒന്നുപോലും വിടാതെ കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അധികം മലയാള സിനിമകള്‍ കാണാന്‍ അധികം സമയം കാണാറില്ല. എന്നാലും സുഡാനി ഫ്രം നൈജീരിയ, കൂടെ എന്നീ സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമായി. ഈ.മ.യൗ ഇനി കാണണം. തമിഴിലെ പോലെ തന്നെ  മലയാള സിനിമയും മാറ്റത്തിന്റെ പാതയിലാണ്. പണ്ടുകാലത്ത് സമാന്തര സിനിമ കച്ചവട സിനിമ എന്നൊക്കെ വേര്‍തിരിച്ചു പറയുമായിരുന്നു. എന്നാല്‍ അപ്പോള്‍ ആ അന്തരം ഇല്ലാതായി കൊണ്ടിരിക്കുന്നു. 

റിലീസ്...

കുറച്ച് സമയമെടുക്കും. കാരണം ഈ സിനിമ ഞാന്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ. എന്തായാലും കേരളത്തില്‍ റിലീസ് ചെയ്യും.

Content Highlights: IFFK 2018 , director vasanth s sai interview. paravathy, lakshmi priya