അയ്യന്‍ എന്ന ഏറ്റവും പുതിയ അയ്യപ്പഭക്തിഗാന ആല്‍ബത്തെക്കുറിച്ചും ഉടലാഴത്തെക്കുറിച്ചും ബിജിബാല്‍ മാതൃഭൂമി.കോമിനോട് സംസാരിക്കുന്നു തിരുവനന്തപുരത്ത്‌ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.

'അയ്യന്‍' അതിന്റെ രാഷ്ട്രീയം സ്വയം സംസാരിക്കുന്നു

'യ്യന്‍...' ആ പാട്ടില്‍ തന്നെ എല്ലാമുണ്ട്. പറയാനുള്ളതെല്ലാം ആ വരികളിലൂടെ പറഞ്ഞിട്ടുണ്ട്. ഭക്തിയില്‍ നിന്നുകൊണ്ടുതന്നെ പറയേണ്ട ചില കാര്യങ്ങളാണ് ആ പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്. അത് അങ്ങനെ വേണമെന്ന് എനിക്കുണ്ടായിരുന്നു. ഞാന്‍ അത് ഹരിയോട് പറഞ്ഞു. വിശ്വാസി അല്ലാത്ത ആളല്ലല്ലോ അയ്യപ്പനെ പറ്റി പറയേണ്ടത്. പലരും പല രീതിയിലാണ് അതിനെ സമീപിക്കുന്നത്. ഭക്തനേയും വിഭക്തനേയും ഒരേ സമയം കോരിത്തരിപ്പിക്കുന്ന ഒരു പാട്ട്, അങ്ങനെയുള്ള വരികള്‍ വേണം എന്നാണ് ഹരിയോട് ഞാന്‍ പറഞ്ഞത്. 

ആര്‍ക്കും നിഷേധിക്കാനാകാത്ത ഒരു കവിതയാണ് അതിനു മറുപടിയായ് ഹരി എനിക്ക് എഴുതി നല്‍കിയത്. ഭൂരിപക്ഷം പ്രേക്ഷകരും അത് അതേ രീതിയില്‍ തന്നെയാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്, അത്തരത്തില്‍ ഉള്‍ക്കൊള്ളാത്തവരുമുണ്ട്. അതുകൊണ്ടുതന്നെ ആ പാട്ടിലൂന്നി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും എന്നാണ് കരുതുന്നത്. അത്തരം ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. രണ്ട് വാദങ്ങളുണ്ടാവുമ്പോള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണല്ലോ. 

എനിക്ക് പോകാന്‍ കഴിയാത്ത രാജ്യങ്ങളിലേക്കും അവിടുത്തെ ആളുകളുടെ ജീവിതരീതികളിലേക്കും എന്നെ നയിക്കുന്ന പാതയാണ് ഓരോ അന്താരാഷ്ട്ര ചലച്ചിത്ര മേളയും... 

എല്ലാ രാജ്യങ്ങളിലും പോയി അവിടെയുള്ള ആളുകളെയും അവരുടെ അവരുടെ ജീവിതരീതികളെയും ഒക്കെ കാണാനുള്ള അവസരം ചിലര്‍ക്കൊക്കെ ലഭിക്കാറുണ്ട് എന്നാല്‍ എല്ലാവര്‍ക്കും അത്തരം അവസരങ്ങള്‍ ലഭിക്കാറില്ലല്ലോ. എന്നാല്‍ ഇത്തരം ലോകസിനിമകള്‍ കാണുന്നതിലൂടെ അത്തരത്തിലുള്ള ആളുകളെ കണ്ടുമുട്ടുന്നതായി തോന്നാറുണ്ട് എനിക്ക്. 

ഉദാഹരണത്തിന് ഒരു ബംഗ്ലാദേശി സിനിമ കണ്ടാല്‍; നമ്മള്‍ എന്നെങ്കിലും അവിടെ പോകാന്‍ സാധ്യതയുണ്ടോ എന്നു നമുക്ക് ഒരുറപ്പുമില്ല, അതേസമയം അവിടുത്തെ ആളുകളും സാഹചര്യങ്ങളും സംസ്‌കാരവുമൊക്കെ നമുക്ക് നമ്മുടെ വീട്ടില്‍ എന്ന പോലെ കാണാനും പരിചയപ്പെടാനും സാധിക്കും. അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ ഭാഗമാകുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ പ്രയോജനമാണ് അത്. 

സ്വയം വിലയിരുത്താനും നവീകരിക്കപ്പെടാനുമുള്ള അവസരങ്ങള്‍ കൂടിയാണ് പല സിനിമകളും നല്‍കുന്നത്...

ഇത്തരം മേളകളുടെ ഭാഗമാകുന്നതിലൂടെ നമ്മള്‍ പോലുമറിയാതെ നമ്മള്‍ നവീകരിക്കപ്പെടുന്നു എന്ന തോന്നലും എനിക്കുണ്ട്. വ്യത്യസ്തമായ സിനിമകള്‍ കാണുന്നതിലൂടെ ഓരോ ദിവസവും വ്യത്യസ്തമായ അനുഭവമാണ് ലഭിക്കുന്നത്. നമുക്ക് നമ്മളെ തന്നെ വിലയിരുത്താനുള്ള അവസരവും ചില സിനിമകളിലൂടെ ലഭിക്കാറുണ്ട്. 

നവീകരണം, പുനര്‍നിര്‍മാണം അല്ലെങ്കില്‍ നവകേരളം എന്നു പറയുന്നത് കേവലം കെട്ടിടങ്ങളുടെയോ റോഡുകളുടെയോ മാത്രമല്ല നമ്മുടെ അന്തരാത്മാവും നവീകരിക്കപ്പെടേണ്ടതായിട്ടുണ്ട്. അതിനൊക്കെ സഹായിക്കുന്ന എറ്റവും നല്ല മാധ്യമമാണ് സിനിമ. ലോകത്തെമ്പാടും മനുഷ്യന്‍ അന്യോന്യം നോക്കിക്കാണുന്നതിന്റെ പ്രതിഫലനമാണ് സിനിമ. അത്തരം അനുഭവങ്ങള്‍ കാണുമ്പോള്‍ നമ്മുടെയുള്ളില്‍ ഉണ്ടാകുന്ന നവീകരണത്തിലൂടെ ഒരു നവമനുഷ്യനായി നാം മാറും എന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. 

സന്തോഷവും അഭിമാനവും അംഗീകാരവും എല്ലാം ചേര്‍ന്നൊരു വികാരമാണ് ഉടലാഴം... 

ഞാനും കൂടി ഭാഗമായതില്‍ ഏറെ സന്തോഷം നല്‍കിയ ഒരു ചിത്രമാണ് ഉടലാഴം. ആദിഗോത്ര സമുദായത്തിന്റെ ജീവിതത്തെ സത്യസന്ധമായി ഒപ്പിയെടുത്തിട്ടുള്ള ഒരു സിനിമയാണ് ഉടലാഴം. ക്യാമറയുടെ സാന്നിധ്യം പോലും ഉണ്ടെന്നു മനസിലാക്കാന്‍ കഴിയാത്ത രീതിയില്‍ അത്രയും സൂക്ഷമതയോടെയാണ് ആ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അത്തരം ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. 

udalaazham

ഇതുവരെ ഗായിക മാത്രമായി അറിയപ്പെട്ടിരുന്ന സിതാര ബാലകൃഷ്ണന്റെ സംഗീത സംവിധായിക എന്ന പുതിയ മുഖം ഈ ചിത്രത്തിലൂടെ കാണാം. സിതാരയും മിഥുന്‍ ജയരാജും ചേര്‍ന്നാണ് ഉടലാഴത്തിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അവരെന്റെ സുഹൃത്തുക്കളാണ് എന്നതും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. സംഗീതത്തെ വളരെ ഗൗരവപരമായി കാണുന്നവരാണ് സിതാരയും മിഥുനും. അതിന്റെ ആഴവും പരപ്പും ചിത്രത്തിന്റെ സംഗീതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 

ഒരു പാട്ടുകാരന്‍ എന്ന രീതിയില്‍ എന്നെ വിശ്വസിച്ച് ആ പാട്ടു പാടാന്‍ ഏല്‍പിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അത്തരത്തില്‍ അംഗീകരിക്കപ്പെടുക എന്നത് തീര്‍ത്തും സന്തോഷം തരുന്ന കാര്യമാണ്. അതിഗംഭീരമായ ഒരു കോമ്പോസിഷനാണ് ആ പാട്ട്. ശരിക്കും ആഘോഷിച്ചാണ് ആ പാട്ട് പാടിയിരിക്കുന്നത്. പാട്ടു പാടി തന്നെയാണ് പാടാന്‍ ലഭിച്ച ആ അവസരത്തെ ആഘോഷിച്ചത് എന്നും പറയാം.