ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം സംവിധാനം ചെയ്ത അരുണ്‍ ശ്രീപദം സംസാരിക്കുന്നു.
റീ ബില്‍ഡ് കേരളാ എന്ന തീം ആയിരുന്നു ചലച്ചിത്ര അക്കാദമി നല്‍കിയിരുന്നത്. ആ തീം ആസ്പദമാക്കിയാണ് മേളയുടെ സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കിയത്. ചിത്രത്തിന്റെ കോണ്‍സപ്റ്റും ഡയറക്ഷനും ചെയ്തിരുന്നത് ഞാന്‍ തന്നെയാണ്. സ്റ്റോറിബോര്‍ഡ് എഴുതുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തിയത് പ്രളയത്തിന്റെ സമയത്ത് നമ്മള് കാണിച്ച ഒത്തൊരുമയാണ്. ആരും ആര്‍ക്കു വേണ്ടിയും ഒന്നിനുവേണ്ടിയും കാത്തു നിന്നില്ല എല്ലാവരും സ്വമേധയാ തങ്ങളാലാവുന്നത് ചെയ്തു തുടങ്ങുകയായിരുന്നു.
സര്‍ക്കാരും ജനങ്ങളും ഒരേ മനസോടെ പ്രവര്‍ത്തിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ലോകം മുഴുവന്‍ നമ്മളെ പ്രശംസിച്ച പ്രവര്‍ത്തിയായിരുന്നു അത്, വളരെ ആശാവഹമായ ഒരു പ്രവര്‍ത്തിയായിരുന്നു അത്. ആ പ്രവര്‍ത്തിയെ എങ്ങനെ ഈ ചിത്രത്തിലേക്ക് കൊണ്ടുവരാം എന്ന ആശയത്തില്‍ ഊന്നിയാണ് ചിത്രം തയ്യാറാക്കിയത്. മേള നടത്തുന്നില്ല എന്ന തീരുമാനത്തില്‍ നിന്നും അക്കാദമി തന്നെ സ്വന്തമായി മേള നടത്താനാവശ്യമായ തുക കണ്ടെത്താം എന്ന തീരുമാനത്തിലേക്ക് എത്തിയതിന്റെ ഫലമാണ് ഈ മേള.
മേളയുടെ ഭാഗമാകാനും ഞങ്ങളെക്കൊണ്ട് എന്തു ചെയ്യാന്‍ കഴിയുമോ അത് ചെയ്യാനുമാണ് ശ്രമിച്ചത്.
ആ ഒരു ആവേശം എല്ലാവരിലും എത്തിക്കണം എന്നുള്ളതായിരുന്നു എന്റെയും ലക്ഷ്യം. പ്രളയം കഴിഞ്ഞി ഇത്രയും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും റീബില്‍ഡ് കേരളാ എന്ന ലക്ഷ്യത്തില്‍ നിന്നും നാം മറ്റു പലതിലേക്കും ദിശ മാറി പോകുന്നതായി കാണുന്നുണ്ട്. ഈ അവസരത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാവണം എന്നും ആഗ്രഹമുണ്ടായിരുന്നു.
ചിത്രം നിര്‍മ്മിക്കാനായി തന്നിരുന്ന സമയം വളരെ കുറവായിരുന്നു എന്നതുമാത്രമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സാധാരണ ഗതിയില്‍ നടത്താറുണ്ടായിരുന്ന എല്ലാ സെലക്ഷന് പ്രോസസുകളിലൂടെയും കടന്നു പോയിട്ടു തന്നെയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. മുപ്പതോളം എന്ട്രീസ് വിളിച്ച ശേഷം അതില്‍ നിന്നും അവസാനഘട്ടത്തിലേക്ക് മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു.
ആ മൂന്നെണ്ണത്തില്‍ നിന്നും ഞങ്ങളുടെ സ്റ്റോറി ബോര്‍ഡ് അവര്‍ തിരഞ്ഞെടുക്കുകയായിരുന്നു. പ്രൊഫഷണലും പ്രോസസ് ഓറിയന്റഡും ആയിട്ടു തന്നെയാണ് ബാക്കി ജോലികള്‍ മുഴുവനും പൂര്‍ത്തിയാക്കിയത്. വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടാണ് ഇത്തവണത്തെ ചലച്ചിത്ര മേള നടത്താനായത് എന്നതില്‍ ഞങ്ങളും ബോധവാന്മാരായിരുന്നു. അതുകൊണ്ടുതന്നെ സമയപരിമിധിയെക്കുറിച്ച് നന്നായി അറിയാമായിരുന്നു.
വളരെയധികം സമയം വേണ്ടുന്ന ഒരു ജോലിയാണിത്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് തീര്‍ക്കാനായി നല്ല ഒരു ടീം തന്നെ വേണമായിരുന്നു. ബാംഗ്ലൂര്‍ ബേസ് ചെയ്താണ് എന്റെ കമ്പനി പ്രവര്‍ത്തിക്കുന്നത്. അഭിഷേക് സുരേന്ദ്രന് എന്നയാളാണ് ചിത്രത്തിന്റെ എല്ലാ ഡിസൈനുകളും ചെയ്തിരിക്കുന്നത്. അശ്വര്ത്ഥ് സാധു സുമേഷ് രാഘവന് എന്നിവരാണ് ആനിമേഷന്‍ ചെയ്യാന്‍ എന്നെ പ്രധാനമായും സഹായിച്ചത്.
അവസാന ഘട്ടത്തില്‍ ബിജോയ് ജോര്‍ജ് എന്ന മറ്റൊരു ആനിമേറ്ററും സഹായിക്കാനായി എത്തിയിരുന്നു. എബി സാല്‍വിന്‍ തോമസ് എന്നയാളാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ജോബി സോണിയാണ് സൗണ്ട് എഫക്ട്സ് ചെയ്തിരിക്കുന്നത്. സൂരജ് ശങ്കര്‍ ആണ് ഓഡിയോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ContentHighlights: arun sree padham interview, 23rd IFFK signature film, IFFK